ഇനിയും കോള കുടിച്ച് മരിക്കണോ?

പലരുടെയും ഇഷ്ട പാനീയമാണ് കൊക്കക്കോള. അത്രയ്ക്ക് ഗുണകരമായ ഒരു പാനീയമല്ലെന്ന് അറിയാമെങ്കിലും പലർക്കും സോഫ്റ്റ് ഡ്രിങ്ക് എന്നാൽ കോള തന്നെ എന്നാണ് നിലപാട്. കോള നല്ലതോ ചീത്തയോ എന്നതു സംബന്ധിച്ച് ഇന്നും സമൂഹത്തിലും ആരോഗ്യ മേഖലയിലും വാദപ്രതിവാദങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇങ്ങനെയാണെങ്കിലും കോള ഉപേക്ഷിക്കാൻ പലരും തയ്യാറല്ല. ഒരു കുപ്പി കോള കുടിക്കുമ്പോൾ ശരീരത്തിന് എന്തെല്ലാം സംഭവിക്കുന്നുവെന്ന് ചിത്രസഹിതം ഒരു ഫാർമസിസ്റ്റ് വിശദീകരിച്ചിരിക്കുകയാണിപ്പോൾ. നീരജ് നായിക് എന്ന ഫാർമസിസ്റ്റ് ആണ് കോള കുടിച്ച് ഒരു മണിക്കൂറിനുള്ളിൽ ശരീരത്തിന് എന്തെല്ലാം വിപരീതഫലങ്ങളാണ് ഉണ്ടാകുന്നതെന്ന് വിശദീകരിച്ചിരിക്കുന്നത്.

കോള കുടിച്ച് പത്തു മിനുട്ടിനുള്ളിൽ പത്തുടീസ്പൂൺ പഞ്ചസാരയാണ് നമ്മുടെ ശരീരത്തിൽ അടിയുന്നത്. പക്ഷേ ഫോസ്ഫെറിക് ആസിഡിന്റെ സാന്നിധ്യം മൂലമാണ് മധുരം അധികമായിട്ടും നാം ശർദ്ദിക്കാതിരിക്കാൻ കാരണം. ഇരുപതു മിനുട്ടിനുള്ളിൽ ഷുഗറും നാൽപ്പതു മിനുട്ടിനുള്ളിൽ രക്ത സമ്മർദ്ദവും വർധിക്കും. നാൽപ്പത്തിയഞ്ചു മിനുട്ടിനുള്ളിൽ തലച്ചോറിലെ പ്ലഷർ കേന്ദ്രങ്ങൾ ഉത്തേജിക്കപ്പെടുകയും ഹെറോയിൻ ഉപയോഗിക്കുന്നതിനു സമാനമായ അവസ്ഥ വരികയും ചെയ്യും. ഇത്തരത്തിൽ മിനുട്ടുകളിൽ സംഭവിക്കുന്ന മാറ്റങ്ങളിലൂടെ ഒരുമണിക്കൂർ കഴിയുമ്പോഴേക്കും തലയ്ക്കു മാന്ദ്യം സംഭവിച്ച അവസ്ഥയിലേക്കെത്തുമെന്നും നീരജ് വിശദീകരിക്കുന്നു. കൊക്കക്കോള ഉൾപ്പെടെയുള്ള ശീതള പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന ഫ്രാക്ടോസ് സിറപ്പ് മധുരം നൽകുന്നതിനൊപ്പം അമിതവണ്ണവും മറ്റു ശാരീരിക പ്രശ്നങ്ങളും ഉണ്ടാക്കുന്നുടെന്നും നീരജ് പറയുന്നു.

അതേസമയം വിഷയത്തിൽ കോള കമ്പനിക്കാർ പ്രതികരിച്ചു. കഴിഞ്ഞ 129 വർഷമായി ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകൾ കോള ഉപയോഗിക്കുന്നുണ്ട്. കോളയിൽ പഞ്ചസാര ഉണ്ടെന്ന കാര്യം കമ്പനി മറച്ചു വച്ചിട്ടില്ലെന്നും മധുരമില്ലാത്ത കോള വേണ്ടവർക്ക് അത്തരത്തിൽ നൽകാനും തങ്ങൾ തയ്യാറാണെന്നും കൊക്കക്കോള അധികൃതർ വ്യക്തമാക്കി.