മരണത്തെ ഇടിച്ചോടിച്ച് ജാക്കി ചാൻ

ആക്ഷൻ ചക്രവർത്തിയുടെ ആത്മാവിനു ശാന്തി നേർന്നുള്ള വ്യാജവാർത്തകളെ ഇടിച്ചുപറത്താൻ സാക്ഷാൽ ജാക്കിചാൻ തന്നെ രംഗത്ത്. താൻ മരിച്ചിട്ടില്ലെന്നും പ്രിയ്യപ്പെട്ട ആരാധകർ വ്യാജവാർത്തകൾ കണ്ടു വിഷമിക്കരുതെന്നും പറഞ്ഞാണ് സ്വന്തം ഫെയ്സ്ബുക്ക് പേജിൽ ആക്ഷൻ താരത്തിന് അവതരിക്കേണ്ടി വന്നത്.

ബെയ്ജിങിൽ വിമാനമിറങ്ങിയപ്പോഴാണ് രണ്ടു മരണവാർത്തകൾ ഉണ്ടാക്കി വച്ച പൊല്ലാപ്പ് താരത്തിനു ബോധ്യപ്പെട്ടത്. ഉടനൊ കൊടുത്തു ഫെയ്സ്ബുക്കിലൂടെ ഉശിരൻ ഇടി. ഇതിപ്പോൾ മൂന്നാം തവണയാണ് അജ്ഞാത വില്ലൻമാർ ഇന്റർനെറ്റിൽ ആക്ഷൻതാരത്തെ കഥാവശേഷനാക്കുന്നത്. ജാക്കിചാൻ ഹൃദയാഘാതം മൂലം മരിച്ചു പോയെന്നു പറഞ്ഞ് 2011ൽ പ്രചരിച്ച ഒരു വാർത്ത കണ്ട് ആരാധകരൊഴുക്കിയ കണ്ണീരിനു കണക്കില്ല. രണ്ടു വർഷം മുമ്പും ഇതുപോലൊരു വാർത്ത തലപൊക്കിയിരുന്നു.