അവസാനയാത്രയിലും എളിമ കൈവിടാതെ കലാം

പലരും പറഞ്ഞു തങ്ങളുടെ ആരുമല്ലെങ്കിലും പ്രിയ്യപ്പെട്ടവരാരോ മരിച്ച ദു:ഖം തോന്നി മുൻ ഇന്ത്യൻ പ്രസിഡന്റ് അബ്ദുൾ കലാമിന്റെ മരണ വാർത്ത കേട്ടപ്പോൾ എന്ന്. ഇരുപത്തിനാലു മണിക്കൂറും കലാമിനൊപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ സഹായിയും സന്തത സഹചാരിയുമായ ശ്രീജൻ പാലിനു പക്ഷേ ഇങ്ങനെയൊന്നും പറഞ്ഞറിയിക്കാനാവില്ല തന്റെ നഷ്ടം. ഉപദേശങ്ങളും അറിവുകളും വാദപ്രതിവാദങ്ങളും വഴികാട്ടിയുമൊക്കെയായി തനിക്കൊപ്പമുണ്ടായിരുന്ന ആ വലിയ മനുഷ്യൻ ഇന്നില്ലാതായിരിക്കുന്നു. അവസാന യാത്രയിൽപ്പോലും കലാമിന്റെ എളിമ വ്യക്തമായിരുന്നുവെന്ന് ശ്രിജൻ പറയുന്നു. അബ്ദുൾ കലാമിന്റെ മരണ ദിവസത്തെ ഓർത്തെടുത്ത ഫേസ്ബുക്ക് പോസ്റ്റിൽ ആണ് ശ്രിജൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ആറേഴു കാറുകളുടെ സുരക്ഷാ വലയത്തിലായിരുന്നു യാത്ര. കലാമും ശ്രിജനും സഞ്ചരിച്ചിരുന്നത് രണ്ടാമത്തെ കാറിലായിരുന്നു. അതിനു മുന്നിലായി മൂന്നു പട്ടാളക്കാരുള്ള ഒരു ഓപൺ ജിപ്സിയാണ് ഉണ്ടായിരുന്നത്. വണ്ടിയുടെ ഇരുവശത്തുമായി രണ്ടു പട്ടാളക്കാർ വീതവും കയ്യിൽ തോക്കേന്തിയ ഒരു ശോഷിച്ച പട്ടാളക്കാരൻ മുകളിൽ നിൽക്കുന്നുമുണ്ട്. യാത്രക്കിടയിൽ കലാം ചോദിച്ചു എന്തിനാണ് അയാൾ നിൽക്കുന്നത്? അയാൾ ക്ഷീണിതനാകില്ലേ. ഇതൊരു ശിക്ഷ പോലെയാണല്ലോ. അദ്ദേഹത്തോട് ഇരിക്കാൻ പറഞ്ഞ് ഒരു വയർലെസ് സന്ദേശം അയക്കാമോ? അപ്പോൾ മികച്ച സുരക്ഷയ്ക്കായി അത്തരത്തിൽ നിൽക്കണമെന്ന് ആ പട്ടാളക്കാരന് നിർദ്ദേശമുണ്ടാകുമെന്ന് ഞാൻ അദ്ദേഹത്തെ ധരിപ്പിച്ചു. എന്നാൽ അദ്ദേഹം ഒട്ടുമേ അയഞ്ഞില്ല. ഞങ്ങൾ റേഡിയോ സന്ദേശത്തിനായി ശ്രമിച്ചുവെങ്കിലും അതും ഫലവത്തായില്ല. പിന്നീടുള്ള 1.5 മണിക്കൂറിലെയാത്രയ്ക്കിടയിൽ മൂന്നുപ്രാവശ്യം കൈ കൊണ്ടെങ്കിലും ആംഗ്യം കാണിച്ച് അയാളോട് താഴെ ഇരിക്കാൻ പറയാൻ നോക്കണമെന്ന് അദ്ദേഹം എന്നെ ഓർമിപ്പിച്ചു. അവസാനം ഒരു കാര്യം മാത്രമേ ചെയ്യാനാവൂ എന്നു മനസിലാക്കി അദ്ദേഹം ആ പട്ടാളക്കാരനെ കാണണമെന്നും നന്ദി അറിയിക്കണമെന്നും പറഞ്ഞു. അങ്ങനെ ഷില്ലോങിൽ എത്തിയപ്പോൾ ഞാൻ സുരക്ഷാ ഉദ്യോഗസ്ഥരെ അന്വേഷിക്കുകയും യാത്രയിൽ മുഴുവൻ നിന്ന ആ യുവാവിനെ കാണുകയും ചെയ്തു. അയാളെ കലാമിനടുത്തേക്ക് കൊണ്ടുപോവുകയും അദ്ദേഹം ആ യുവാവിനെ ആശംസ നൽകുകയും ചെയ്തു. നന്ദി ബഡ്ഡീ.. താങ്കൾ ക്ഷീണിതനാണോ? കഴിക്കാൻ എന്തെങ്കിലും വേണോ? ഞാൻ കാരണം ഏറെ നേരം നിൽക്കേണ്ടി വന്നതിൽ ക്ഷമ ചോദിക്കുന്നു. കലാമിൽ നിന്നുള്ള അത്തരമൊരു പെരുമാറ്റത്തിൽ ആ സുരക്ഷാ ഉദ്യോഗസ്ഥൻ അദ്ഭുതപ്പെട്ടുവെന്നും വാക്കുകൾ നഷ്ടപ്പെട്ട അയാൾ സർ, താങ്കൾക്കു വേണ്ടി ആറു മണിക്കൂർ വേണമെങ്കിലും നിൽക്കാൻ തയ്യാറാണെന്നു പറഞ്ഞുവെന്നും ശ്രിജൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.