പിസയിലെ ചെരിഞ്ഞ ഗോപുരം വീഴുന്നു!!

പിസയിലെ ചെരിഞ്ഞ ഗോപുരം

‘ഇറ്റലിയിലെ പ്രശസ്തമായ പിസായിലെ ചെരിഞ്ഞ ഗോപുരം വീഴുന്നു...’ നെതർലൻഡ്സിലെ നാഷനൽ ന്യൂസാണ് ഈ വാർത്ത പുറത്തുവിട്ടത്. പിറകെ ഗോപുരം തകർന്നെന്നായി വാർത്ത. രാജ്യത്തിന്റെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലൊന്ന് തകർന്നെന്ന വാർത്ത ഞെട്ടലോടെയാണ് ജനം കേട്ടത്. പക്ഷേ പതിയെ മനസ്സിലായി സംഗതി ഒരു ഏപ്രിൽ ഫൂൾ തമാശയായിരുന്നുവെന്ന്. 1960ലായിരുന്നു സംഭവം. ചെരിഞ്ഞ ഗോപുരത്തിന്റെ വീഴ്ച ഇത്തരത്തിൽ പല തവണ വിഡ്ഢിദിനത്തിലെ പേടിപ്പിക്കുന്ന വിഷയമായിട്ടുണ്ട്. വർഷം തോറും 2.5 മില്ലിമീറ്റർ എന്ന കണക്കിൽ ചെരിയുന്ന കെട്ടിടത്തിന്റെ വീഴ്ച സംബന്ധിച്ച കഥകൾ അവിശ്വസിക്കാനും പലപ്പോഴും സാധിക്കാറില്ല. വീണെന്നു പറഞ്ഞാൽ വിശ്വസിച്ചേ മതിയാകൂ എന്ന അവസ്ഥ.

1173ലാണ് പിസായിലെ ഗോപുരത്തിന്റെ നിർമാണം ആരംഭിച്ചത്. ആരാണു പക്ഷേ ഇതിന്റെ നിർമിതിക്കു പിന്നിലെന്നത് ഇപ്പോഴും അവ്യക്തം. 1178ൽ മൂന്നാം നിലയുടെ നിർമാണത്തിനിടെയാണ് വടക്കുഭാഗത്തേക്കുള്ള ചെരിവ് ശ്രദ്ധയിൽപ്പെടുന്നത്. അതിനിടെ യുദ്ധം വന്നതിനാൽ പണി നിർത്തിയും വച്ചു. 1278ൽ പണി ഏഴാം നിലയിലെത്തിയപ്പോൾ ചെരിവ് 81 സെ.മീ. വരെയായെന്നു കണ്ടെത്തി. പക്ഷേ 1370 ആയതോടെ പണി പൂർത്തിയായി. അതിനിടെ ഗോപുരം പ്രധാന വിനോദസഞ്ചാരകേന്ദ്രമായും മാറി. 1934ൽ ഗോപുരം നേരെയാക്കുവാൻ മുസ്സോളിനി പോലും ഇടപെട്ടിരുന്നു.1992ലാണ് ഗോപുരത്തിന്റെ ചെരിവ് കുറയ്ക്കാനായി ഇംഗ്ലണ്ടിലെ എൻജിനീയർമാരുടെ വിദഗ്ധ സംഘമെത്തിയത്. 2011ൽ ആ പണി പൂർത്തിയാവുകയും അടുത്ത 300 വർഷത്തേക്ക് അപകടമൊന്നുമുണ്ടാകില്ലെന്ന് അവർ ഉറപ്പു നൽകുകയും ചെയ്തു. 14,700 ടൺ ആയിരുന്നു പിസാ ഗോപുരത്തിന്റെ ഭാരം. അതിന്റെ കുത്തനെയുള്ള ചെരിവ് 5.5 ഡിഗ്രിയിൽ നിന്ന് അഞ്ചു ഡിഗ്രിയായി കുറയ്ക്കുകയാണ് വിദഗ്ധ സംഘം ചെയ്തത്. അതിനിടെ കഴിഞ്ഞ വർഷവും പിസാ ഗോപുരത്തിനെച്ചുറ്റി ഒരു വാർത്ത പുറത്തു വന്നു. യുകെയിലെ ടെലഗ്രാഫ് പത്രത്തിലായിരുന്നു റിപ്പോർട്ട്. പിസായിലെ ഗോപുരം സ്വകാര്യവ്യക്തികൾക്ക് ആഡംബര ഹോട്ടലാക്കാനായി വിട്ടുകൊടുക്കുന്നുവെന്നായിരുന്നു അത്. 3.99 ഡിഗ്രീസ് എന്നായിരുന്നു ഹോട്ടലിന്റേ പേര്. നിലവിൽ സന്ദർശകർക്ക് ഗോപുരത്തിൽ തങ്ങാൻ അനുവാദമില്ല. പക്ഷേ ഹോട്ടലാകുന്നതോടെ മുകൾ നിലയിൽ താമസിക്കാം–ഒരു രാത്രിക്ക് 20,000 യൂറോ വാടക കൊടുത്താൽ മതി. മാത്രവുമല്ല ഹോട്ടലിലേക്കായി കാലുകളുടെ നീളത്തിൽ വ്യത്യാസം വരുത്തിയ ‘ചെരിഞ്ഞ’ പ്രത്യേകതരം കട്ടിലുകളും തയാറാക്കി വരുന്നതായും റിപ്പോർട്ടിലുണ്ടായിരുന്നു. എന്തായാലും വാർത്തയ്ക്കൊടുവിൽ പത്രം തന്നെ ഒരു കാര്യം വ്യക്തമാക്കി–സംഗതി ഒരു ഏപ്രിൽഫൂൾ തമാശ മാത്രമാണ്, ആരും വിശ്വസിക്കരുത്!!!

ഇത്തരത്തിൽ പ്രശസ്ത ടൂറിസം കേന്ദ്രങ്ങൾ ആസ്പദമാക്കി ഒട്ടേറെ വിഡ്ഢിദിന തമാശകളുണ്ടായിട്ടുണ്ട്. ലോകപ്രശസ്ത ടവറായ ‘ബിഗ് ബെന്നി’ലെ പരമ്പരാഗത ക്ലോക്ക് മാറ്റി ഡിജിറ്റൽ ക്ലോക്ക് സ്ഥാപിക്കുന്നു എന്ന വാർത്ത 1980 ഏപ്രിൽ ഒന്നിന് നൽകിയത് ബിബിസിയാണ്. ഈഫൽ ടവർ പാർട്സുകളായി അഴിച്ചെടുത്ത് യൂറോ ഡിസ്നി തീം പാർക്കിലേക്ക് മാറ്റി സ്ഥാപിക്കുന്നുവെന്നും 1986 ഏപ്രിൽ ഒന്നിന് ഒരു പത്രത്തിൽ വാർത്ത വന്നു. 1992ലെ ഒളിംപിക്സിനു വേണ്ടി ഗെയിംസ് സ്റ്റേഡിയം പണിയാനാണത്രേ ഈഫൽ ടവർ പൊളിച്ചുമാറ്റുന്നത്!!