അച്ഛന്റെ ചുന്ദരീമണിയല്ലേ ...

കുഞ്ഞിക്കണ്ണുകൾ ചിമ്മിച്ചിമ്മി, കുഞ്ഞിക്കൈകളും കുഞ്ഞിക്കാലുകളും മെല്ലെ അനക്കി, ഒരു കാറ്റടിച്ചാൽ, ഒച്ചയൊന്നുയർന്നാൽ ഞെട്ടിക്കരഞ്ഞ്... നനുത്ത പഞ്ഞിക്കെട്ടുപോലെ ഓമനത്തിങ്കൾക്കിടാവ്. ഹൃദയമിടിപ്പിന്റെ താരാട്ടു പകർന്ന് അമ്മിഞ്ഞപ്പാലിന്റെ അമൃതൂട്ടി കരുതലോടെ അമ്മ. ‘‘ഇല്ലിക്കൽ മുത്തി ഉറക്കത്തിൽ വന്ന് അമ്മയെ ചോദിക്കുമ്പോഴാണു കുഞ്ഞുങ്ങൾ ചിരിക്കുക. മ്...മ്...മ്മ അടുത്തുണ്ടല്ലോ, ഇപ്പഴല്ലേ അമ്മിഞ്ഞ തന്നത് എന്നോർത്ത്. പക്ഷേ, അച്ഛനെക്കുറിച്ചു ചോദിച്ചാലോ? ഉണ്ണിക്ക് അറിയില്ലല്ലോ അച്ഛനെവിടെയെന്ന്. അപ്പോൾ വിതുമ്പി കരയുകതന്നെ. മുത്തശ്ശി പറഞ്ഞ ഈ കഥ പക്ഷേ, ഇനി മാറ്റേണ്ടിവരും. കാരണം, ഇപ്പോൾ അച്ഛൻ അടുത്തുണ്ട്; കുഞ്ഞിന് ഏറ്റവും അരികെ. അമ്മിഞ്ഞപ്പാലും ഗർഭപാത്രമെന്ന താരാട്ടുതൊട്ടിലും മാത്രം മാറ്റിനിർത്തി അമ്മവേഷത്തിലെത്തുകയാണ് അച്ഛൻ. കൂട്ടുകുടുംബത്തിന്റെ പൊക്കിൾക്കൊടിബന്ധം വേർപെട്ടതോടെ ഒറ്റപ്പെട്ട അണുകുടുംബങ്ങളിൽ അമ്മയുടെ സ്ഥാനത്ത് അച്ഛനുമുണ്ട്.

അ...അച്ഛൻ

ജനിക്കുമ്പോഴേ കുഞ്ഞിനു സ്വന്തമായ ആശയവിനിമയത്തിനു ഭാഷയുണ്ട്. അത് അമ്മ മനസ്സിലാക്കുന്നു. മാതൃത്വത്തിന്റെ സ്നേഹലാളനകളോട അമ്മ കുഞ്ഞിനോടും സംസാരിക്കുന്നു. മാതൃഭാഷയാണ് കുഞ്ഞു പഠിക്കുന്ന ആദ്യ സംസാരഭാഷ. അടുത്തിരിക്കാനും സംസാരിക്കാനും അച്ഛനുണ്ടെങ്കിൽ അച്ഛന്റെ ഭാഷയും അവൻ പഠിച്ചെടുക്കും. ചെറുപ്രായംമുതൽതന്നെ ശരിയായ ആശയവിനിമയത്തിലൂടെ അച്ഛനു കുഞ്ഞുങ്ങളുടെ ലോകത്തിലേക്ക് എളുപ്പം പ്രവേശിക്കാം.

കുഞ്ഞിന് അമ്മയും അച്ഛനും തമ്മിൽ വ്യത്യാസമില്ല. പരിചയമുള്ള മുഖം അവൻ / അവൾ തിരിച്ചറിയുന്നു. എന്നും എപ്പോഴും അടുത്തുള്ള അമ്മയെ കുഞ്ഞ് ആദ്യം അറിയുന്നു. എന്നുവച്ച് അച്ഛനോടു വിരോധമൊന്നുമില്ല. അച്ഛൻ അടുത്തുണ്ടെങ്കിൽ, കുഞ്ഞിനോടു സംസാരിക്കുകയോ അടുത്തുപെരുമാറുകയോ ചെയ്യുന്നുണ്ടെങ്കിൽ അവന് അച്ഛനെയും ഇഷ്ടമാണ്.

സ്കൂൾ, പഠനം, സ്വത്ത് തുടങ്ങി കുട്ടിയുടെ എല്ലാ കാര്യങ്ങളിലും സ്വന്തമായി തീരുമാനമെടുക്കുന്ന അച്ഛൻ കുഞ്ഞിനെ വളർത്തുന്ന ജോലി മാത്രം അമ്മയെ ഏൽപ്പിച്ചു മാറിനിൽക്കുന്നതെന്തിന്? ശരിയായ താൽപര്യത്തോടെ, മാതൃസ്നേഹത്തോടൊപ്പം നിൽക്കുന്ന വാൽസല്യത്തോടെ കുട്ടിയെ വളർത്തി വലുതാക്കാനും അച്ഛനു മുന്നിട്ടിറങ്ങാം.

അച്ഛൻ തുന്നിയ കുട്ടിയുടുപ്പ്

ഭാര്യയുടെ ഗർഭകാലം മുതൽതന്നെ അച്ഛനാകാനുള്ള ഒരുക്കത്തിൽ പങ്കാളിയാകണം. ജീവിതത്തിൽ മുൻകൂട്ടി തയാറെടുക്കാവുന്ന ഏക എമർജൻസിയാണു പ്രസവം. പത്തുമാസം മുൻപേതന്നെ പ്രസവദിവസം ഏകദേശം കണക്കാക്കാം. ആവശ്യമുള്ള കാര്യങ്ങളെല്ലാം ഒരുക്കാം. ഭാര്യയ്ക്കു കരുതലും സ്നേഹവും പകരുന്നതിനൊപ്പം കുഞ്ഞിനെ വരവേൽക്കാൻ സ്വയം ഒരുങ്ങുകയും വേണം. കാരണം, നിങ്ങൾ പഴയ ‘ഹായ് ഗയ് അല്ല, ഇനി അച്ഛനാണ്. നിങ്ങളെ കാണാനും കണ്ടുപഠിക്കാനും ഒരു വിരുന്നുകാരനെത്തുന്നു.

പ്രഗ്നൻസിപോലും ഇൻഷുർ ചെയ്യാവുന്ന ഇക്കാലത്തു മുൻകൂട്ടി നിശ്ചയിച്ചു തയാറെടുപ്പുകൾ നടത്തിയാണു ദമ്പതികൾ കുഞ്ഞിനായി ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ കുഞ്ഞു ജനിക്കുമ്പോൾ അച്ഛനുള്ള പ്രാധാന്യവും ഏറെയാണ്.

നാട്ടുനടപ്പനുസരിച്ച് അമ്മവീട്ടുകാരുടെ സ്വതന്ത്ര ചുമതലാ മേഖലയാണു പ്രസവവും മൂന്നുമാസംവരെ കുഞ്ഞിന്റെയും അമ്മയുടെയും പരിചരണവും. അച്ഛനെയോ വീട്ടുകാരെയോ പ്രസവംവരെയുള്ള കാര്യങ്ങൾക്കു പ്രതീക്ഷിക്കേണ്ട എന്നതാണു രീതി. പക്ഷേ, ഐടി പ്രഫഷനൽ മേഖലകളിലെ കൂടുതൽ ഉത്തരവാദിത്തങ്ങളും അവധി ലഭിക്കാനുള്ള പ്രയാസവുംമൂലം ഇതിൽ മാറ്റമുണ്ട്. അച്ഛന്റെകൂടി പങ്കാളിത്തമില്ലാതെ കുഞ്ഞിനെ വളർത്തുന്നത് ഉദ്യോഗസ്ഥരായ അമ്മമാർക്കു വല്ലാത്ത പിരിമുറുക്കം നൽകും. വീട് ഓഫിസ് ജോലിയും കുഞ്ഞിന്റെ പരിപാലനവും അമ്മയുടെ മനസ്സിനെ തളർത്തുമ്പോൾ ബാധിക്കപ്പെടുന്നതു കുഞ്ഞുതന്നെയാണ്. കാരണം, നല്ല മനസ്സും ആരോഗ്യവുമുള്ള കുഞ്ഞിനു വേണ്ടതു കലുഷിതമല്ലാത്ത കുടുംബാന്തരീക്ഷവും മാതാപിതാക്കളുടെ ഒത്തൊരുമയോടുള്ള സ്നേഹവുമാണ്.

അച്ഛനാകാം, ക്ഷമയോടെ

വീട്ടുജോലിപോലെതന്നെ കുഞ്ഞിനെ വളർത്തലും സ്ത്രീകളുടെ മാത്രം കുത്തകാവകാശമാണെന്ന ധാരണ തിരുത്തിക്കുറിക്കാം. കുട്ടികളുടെ ശരിയായ മാനസിക ശാരീരിക ആരോഗ്യത്തെ മാതാപിതാക്കളുടെ ജോലിത്തിരക്കോ സമയക്കുറവോ ബാധിക്കാതിരിക്കാൻ പേരന്റിങ്ങിൽ അച്ഛന്റെ സജീവ പങ്കാളിത്തം ഗുണം ചെയ്യും. അമ്മയുടെ വിശേഷപ്പെട്ട വേഷത്തിലേക്ക് അച്ഛൻ കയറുമ്പോൾ കാത്തിരിക്കുന്നത് ഒട്ടേറെ ഉത്തരവാദിത്തങ്ങളാണ്. ജോലിസ്ഥലത്തും പൊതു സദസ്സിലും ഗൗരവപ്പെട്ട ജോലികൾ ഭംഗിയായി കൈകാര്യം ചെയ്യുന്നതിനാൽ ഇക്കാര്യത്തിൽ പുരുഷന് ആശങ്കയേ വേണ്ട.

സ്ത്രീകളെ ഭൂമീദേവിയോടു താരതമ്യപ്പെടുത്താറില്ല, ക്ഷമയുടെയും സഹനത്തിന്റെയും കാര്യത്തിൽ. അച്ഛൻ അമ്മയാകാനൊരുങ്ങുമ്പോൾ ക്ഷമയുടെ ആദ്യക്ഷരങ്ങൾ പഠിക്കാം. കാരണം, കുഞ്ഞിനെ പരിചരിക്കുന്നത് ഏറ്റവും നിർമലമായ മനസ്സോടെ അക്ഷമയില്ലാതെ വേണം. കുഞ്ഞിനെ എടുക്കുന്നതും ആഹാരം കൊടുക്കുന്നതും അൽപം ശ്രദ്ധിച്ചു പഠിക്കാം. കുട്ടികളുടെ വാശികൾ കൈകാര്യം ചെയ്യുമ്പോഴും അവരെ അച്ചടക്കത്തോടെ വളർത്തുന്നതിലും ക്ഷമയോടെയുള്ള പ്രവർത്തനം വേണം. മുതിർന്ന കുട്ടികളാണെങ്കിൽ അവരുമായി ഇടപെടുന്നതും നിങ്ങളുടെ പ്രവൃത്തികളും ശരിയായ രീതിയിലാകണം. കാരണം, നിങ്ങൾ അവരുടെ മാതൃകയാണ്.

സ്നേഹം പ്രകടിപ്പിക്കാം

ഗൗരവക്കാരനായ അച്ഛന്റെ വേഷം മാറി വാൽസല്യം പകരുന്ന അമ്മയായെത്തുമ്പോൾ ചില കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകാം. മാതാപിതാക്കളുടെ സ്നേഹവും അടുപ്പവും കുട്ടികൾക്കു മനസ്സിലാകുംവിധം പ്രകടിപ്പിക്കണം. പരസ്യമായ ലാളനകളും വാൽസല്യത്തോടെയുള്ള സ്പർശനവും കുഞ്ഞിനു സുരക്ഷിതത്വവും ആത്മവിശ്വാസവും പകരും. കുട്ടികളെ ലാളിക്കുമ്പോൾ തലോടാനോ ഉമ്മനൽകാനോ മടിക്കേണ്ട. പനിയോ മറ്റ് അസുഖമോ ഉള്ളപ്പോൾ കുട്ടിയെ തലോടുന്നതും അസുഖവിവരം അന്വേഷിക്കുന്നതുംവഴി അച്ഛൻ പകരുന്ന കരുതലിന്റെ ആഴം ഏറെയുണ്ട്.

ദേഷ്യം വേണ്ട, വടി വേണ്ട

കുട്ടികളുമായുള്ള പെരുമാറ്റത്തിൽ ദേഷ്യവും ശാരീരിക ശിക്ഷണങ്ങളും ഒഴിവാക്കാം. കുട്ടിയുടെ ഭാഗത്തു തെറ്റുണ്ടായാൽ പറഞ്ഞു മനസ്സിലാക്കാം. ദേഷ്യം വരുമ്പോൾ വടിയെടുത്തു തല്ലുന്ന അച്ഛൻ തെറ്റായ സന്ദേശമാണു നൽകുന്നത്. തനിക്കിഷ്ടപ്പെടാത്ത കാര്യമുണ്ടായാൽ ദേഷ്യപ്പെടാമെന്നും ദേഷ്യം വന്നാൽ തല്ലാമെന്നും രോഷം തീർക്കാമെന്നും കാണുന്ന കുട്ടി അതേ പാഠം പഠിക്കുകയും പകർത്തുകയും ചെയ്യും.

സംസാരിക്കുക

കുട്ടികളുമായി ഫലപ്രദമായ ആശയവിനിമയം പ്രധാനമാണ്. മക്കളോടൊത്തു സംസാരിച്ചിരിക്കാൻ സമയം കണ്ടെത്തണം. മൂന്നു രീതിയിൽ ഇതു ഫലപ്രദമായി നിർവഹിക്കാം. കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ സംസാരിക്കുക. ആഹാരം നൽകുന്ന സമയത്തും സംസാരിച്ചും പല കാര്യങ്ങളും ചൂണ്ടിക്കാട്ടിയും നൽകാം. കുഞ്ഞ് ഉറങ്ങുന്ന സമയമായാൽ കുട്ടിക്കഥകളിലൂടെയും അവരോടു സംസാരിക്കാം. ഈ സംസാരത്തിലൂടെ അച്ഛനും കുഞ്ഞും ആത്മബന്ധമാണു കെട്ടിപ്പടുക്കുന്നത്.

കുഞ്ഞിന്റെ ആവശ്യങ്ങളും പരാതികളും അച്ഛനറിയാനും ഈ ബന്ധം സഹായിക്കും. തനിക്കു വേണ്ട കാര്യം അച്ഛനോടു നേരിട്ട് ആവശ്യപ്പെടുന്ന കുട്ടികൾ നേർവഴിയിൽ കാര്യങ്ങൾ കാണാനാണു പഠിക്കുന്നത്. കാര്യങ്ങൾ തുറന്നുപറയുക, നേരിട്ടു പറയുക എന്നിവവഴി എല്ലാ ബന്ധങ്ങളിലും സംഭവിക്കുന്ന തെറ്റിദ്ധാരണകൾ ഒഴിവാക്കും. ഇതു പഠിക്കുന്ന കുട്ടി സ്വന്തം അവകാശത്തെയും ചുമതലയെയുംകുറിച്ചും ബോധാവാനാകും.

കേൾക്കുക

കുട്ടികൾ സംസാരിക്കാനെത്തിയാൽ അവരുടെ മുഖത്തു ശ്രദ്ധിച്ചു കണ്ണിൽ നോക്കി കേൾക്കുക. കുട്ടിയുടെ കുഞ്ഞുചോദ്യം വിഡ്ഢിത്തമോ സമയം നഷ്ടപ്പെടുത്തലോ ആണെന്നമട്ടിൽ അവഗണിക്കരുത്. തെറ്റുചെയ്യുമ്പോൾ മാത്രം കുട്ടിയോടു സംസാരിക്കാനെത്തുന്ന, ശിക്ഷിക്കാനെത്തുന്ന അച്ഛൻമുഖം മാറ്റാം. കുട്ടികളുടെ സംസാരത്തിനു കാതോർക്കുകയും അവരോടു സംസാരിക്കുകയുംവഴി അവർ മുതിരുമ്പോഴുണ്ടാകുന്ന മറ്റു പ്രശ്നങ്ങളിലും എളുപ്പത്തിൽ ആശയവിനിമയം സാധിക്കും.

വാശിക്കുടുക്കകളെ കയ്യിലെടുക്കാം

പരിധിവിടുന്ന വാൽസല്യത്തോടെ കുട്ടികളുടെ പിടിവാശികൾ അനുവദിച്ചുകൊടുക്കുന്ന പതിവുണ്ടാകരുത്. നിസ്സാരകാര്യങ്ങളിലുള്ള ചെറിയ വാശികൾ അവഗണിക്കുക. പൊതുസ്ഥലത്തു ശ്രദ്ധയാകർഷിക്കുംവിധം വാശിപിടിച്ചാലും അതിനു കീഴടങ്ങരുത്. പിന്നീട് ആ വഴിക്കാവും കുട്ടി കാര്യം സാധിക്കാൻ ശ്രമിക്കുക.

നേർവഴിക്കു നയിക്കാൻ മാതൃക

നല്ല വ്യക്തികളായി വളരാനുള്ള ശിക്ഷണംകൂടിയാണു പേരന്റിങ്ങിലൂടെ നിർവഹിക്കുന്നത്. കടുത്ത അച്ചടക്കനടപടിയോ ശിക്ഷയോ ഇല്ലാതെ കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കാം. നല്ലകാര്യങ്ങൾ ചെയ്യുമ്പോൾ കുട്ടികളെ വാക്കുകളാലും മുഖഭാവത്താലും സ്പർശനത്തോടെയും അഭിനന്ദിക്കുക. ചെറിയ സമ്മാനങ്ങളും നൽകാം. എന്നാൽ, തെറ്റു സംഭവിക്കുമ്പോൾ ഒച്ചപ്പാടുണ്ടാക്കേണ്ട. കുഞ്ഞിനെ കുറ്റപ്പെടുത്താതെ തെറ്റു മാത്രം ചൂണ്ടിക്കാട്ടുക. അതു പരിഹരിക്കാനും ആവർത്തിക്കാതിരിക്കാനും മാർഗനിർദേശം നൽകുക.

അച്ഛനും നല്ല അമ്മയാവാം

മൂലയൂട്ടൽ മാത്രം ഒഴിവാക്കിയാൽ അമ്മ നൽകുന്ന എല്ലാ കരുതലുകളും സ്നേഹപരിലാളനകളും കുഞ്ഞിനു നൽകാൻ അച്ഛനും കഴിവുണ്ട്. മൂലയൂട്ടലിൽനിന്നും മറ്റു പരിചരണങ്ങളിൽനിന്നും സ്വാഭാവികമായി വളരുന്ന ആത്മബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുള്ളത്. അച്ഛനും ഈ ബന്ധത്തിലെ കണ്ണിയാണെങ്കിലും കുഞ്ഞുമായുള്ള അടുപ്പം വളർത്താൻ ഇത്തരം ഇടപെടലുകൾ വർധിക്കണം. കുഞ്ഞിനെ കയ്യിലെടുക്കാൻ പേടിക്കേണ്ട. അടുത്തു കിടത്തിയുറക്കിയാൽ കൈയോ കാലോ കുഞ്ഞിനുമേൽ വീഴുമോയെന്നു ഭയക്കേണ്ട (പക്ഷേ, കരുതൽ വേണം).

ആത്മവിശ്വാസത്തോടെ പിഞ്ചോമനയ്ക്കൊപ്പം ചുവടുകൾ വയ്ക്കാൻ തയാറാകൂ.

∙ കുഞ്ഞിനെ കയ്യിലെടുക്കാൻ മടിക്കേണ്ട. ആദ്യം അൽപം പരിഭ്രമമുണ്ടാകുമെങ്കിലും സാവധാനം പരിചയമായിക്കൊള്ളും. ഈ പേടിയും പരിഭ്രമവും അമ്മമാർക്കും ഉണ്ടാകുന്നതാണ്. എന്നാൽ, കുഞ്ഞിനെ തൊടാനും കയ്യിലെടുക്കാനുമുള്ള ആഗ്രഹത്താൽ അമ്മ ഇക്കാര്യത്തിൽ പെട്ടെന്നു വിദഗ്ധയാകുമെന്നു മാത്രം. കുഞ്ഞിനെ എങ്ങനെ ശരിയായി എടുക്കാമെന്നതു പീഡിയാട്രിഷനോടു ചോദിച്ചു മനസ്സിലാക്കാം.

∙ നാലുമാസം പ്രായമുള്ള കുഞ്ഞിന് ആഹാരം കൊടുക്കുന്ന ജോലി അച്ഛനു സന്തോഷത്തോടെ ഏറ്റെടുക്കാം. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾ മുലപ്പാൽ കൂടാതെ അൽപം കട്ടിയുള്ള, ദ്രവരൂപത്തിലുള്ള കുറുക്കു പോലുള്ള ആഹാരം കഴിച്ചുതുടങ്ങും. മടിയിലിരുത്തി ചെറിയ സ്പൂണിലോ കൈവിരൽ ഉപയോഗിച്ചോ ഇതു നൽകാം. കുഞ്ഞ് നുണഞ്ഞു കഴിച്ചോളും.

∙ കൈക്കുഞ്ഞുങ്ങളുടെ കരച്ചിലാണ് അമ്മയെപ്പോലെ തന്നെ അച്ഛനെയും വലയ്ക്കുക. എന്നാൽ, കുഞ്ഞുമായുള്ള നിരന്തര സമ്പർക്കത്തിലൂടെ ഈ കരച്ചിലുകളുടെ കാരണങ്ങളും പരിഹാരവും താനേ മനസ്സിലാകും. കുട്ടി കരയുന്നതു വിശക്കുമ്പോൾ മാത്രമാണെന്ന അബദ്ധ ധാരണ ആദ്യമേ തിരുത്താം. വിശക്കുമ്പോഴോ പാൽ കുടിച്ചശേഷം ഗ്യാസ് പോകാതിരിക്കുമ്പോഴോ നാപ്പി നനയുമ്പോഴോ ഒക്കെയാണ് കുട്ടി കരയുക. ഇതു മുന്നറിയിപ്പാണ്. ഇതനുസരിച്ച് അവന് അല്ലെങ്കിൽ അവൾക്കു വേണ്ടതു ചെയ്താൽ കരച്ചിൽ തനിയേ മാറിക്കൊള്ളും.

∙ കുഞ്ഞുങ്ങളുടെ വാക്സിനേഷൻ സമയം തെറ്റാതെ നൽകുന്നതിന് അച്ഛനു ശ്രദ്ധ കൊടുക്കാം. ആശുപത്രിയിലെത്തിച്ച് ഓറൽ പോളിയോ വാക്സിനേഷനോ മറ്റു കുത്തിവയ്പുകളോ എടുക്കുന്നതിന് അമ്മയുടെ ആവശ്യമേയില്ല. കുട്ടികളുടെ ചെറിയ അസുഖ കാര്യങ്ങളിൽ ആശുപത്രിയിൽ കൊണ്ടുപോകുന്നതും അച്ഛനു തന്നെ ചെയ്യാം.

∙ കുഞ്ഞിന്റെ നാപ്പി മാറ്റുന്നതിനും കുഞ്ഞിനെ കുളിപ്പിക്കുന്നതിനും അച്ഛനു പിന്നിൽ നിൽക്കേണ്ട കാര്യമില്ല. മനസ്സുവച്ച് ശ്രദ്ധയോടെ ഇതുചെയ്യാം. കുഞ്ഞിന്റെ വിസർജ്യമോ മൂത്രമോ ശരീരത്തിലാകുന്നതു തടയാൻ ഡയപ്പർ ഉപയോഗിക്കുന്ന എളുപ്പരീതി പിന്തുടരരുത്. കുഞ്ഞിന് ഇൻഫെക്ഷൻ പോലുള്ള പ്രശ്നങ്ങൾക്ക് ഇത് വഴിതെളിക്കും.

∙ നാലാം മാസം മുതൽ തന്നെ കുഞ്ഞിനു ടോയ്ലറ്റ് ട്രെയ്നിങ് നൽകാം. കൃത്യമായ ഇടവേളയിൽ പോട്ടിയിലിരുത്തിയാൽ കുട്ടി മൂത്രം ഒഴിച്ചു നാപ്പി നനയുന്നത് ഒഴിവാക്കാം. ഇതിനൊപ്പം കുഞ്ഞിനു ശരിയായ പരിശീലനം ലഭിക്കുകയും ചെയ്യും.

∙ ആറാം മാസം ആഘോഷമായി ചോറൂണ് നടത്തുമ്പോൾ മടിയിലുത്തി ആദ്യത്തെ പങ്ക് നാവിൽ തൊട്ടുനൽകുന്നത് അച്ഛനാണ്. എന്നാൽ, അന്നേ ദിവസം മുതൽ ഈ പതിവു തുടരുക. അച്ഛനും അമ്മയ്ക്കുമൊപ്പമിരുത്തി കുഞ്ഞിന് ആഹാരം നൽകാം. കുഞ്ഞിനെ ചോറൂട്ടുന്ന ജോലി അച്ഛനു തന്നെ ഏറ്റെടുക്കാം. അടുക്കളയിൽ തിരക്കിട്ട ജോലികൾ ചെയ്യുന്ന ഭാര്യയ്ക്ക് ആൽപം ആശ്വാസം ലഭിക്കുകയും ചെയ്യും.

∙ മുതിർന്ന കുഞ്ഞുങ്ങളാണുള്ളതെങ്കിൽ അവർ ആഹാരം കഴിച്ചോ, ഹോംവർക്ക് ചെയ്തോ, ഉറങ്ങിയോ എന്നീ കാര്യങ്ങളിൽ അച്ഛന്റെ ശ്രദ്ധ പതിപ്പിക്കാം. കരുതലോടെയുള്ള അന്വേഷണങ്ങൾ കുട്ടികളുടെ മാനസിക ആരോഗ്യത്തിനും വളർച്ചയ്ക്കും ഗുണം ചെയ്യും.

അച്ഛൻകുഞ്ഞ് സ്പെഷൽ

പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിന് അച്ഛനു കാര്യമായ പങ്കുണ്ടെന്നു പഠനങ്ങൾ പറയുന്നു. വീടിനു പുറത്തെ ചുമതലകൾ, കുടുംബാംഗങ്ങളോടുള്ള കരുതൽ, പങ്കുവയ്ക്കൽ എന്നിവയുടെ ആദ്യപാഠം ആൺമക്കൾക്കു പകരുന്നതും അച്ഛനാണ്.

അച്ഛൻ കുട്ടികളുടെ പ്രത്യേകതകളറിഞ്ഞാൽ പേരന്റിങ് ജോലിയിൽ ഇവർ സ്ഥിരമാകാനാണു സാധ്യത. അച്ഛനുമായി അടുത്ത ബന്ധം പുലർത്തുന്ന പെൺകുട്ടികൾ വീടിനു പുറത്ത് പുരുഷൻമാരോടു പെരുമാറുന്നതിൽ നല്ല പാകത പ്രകടിപ്പിക്കുമെന്നാണു പ്രധാന നീരീക്ഷണം. അതോടൊപ്പം ചൂഷണങ്ങൾ ചെറുക്കാനും തെറ്റായ ബന്ധങ്ങളിൽനിന്ന് അകന്നുനിൽക്കാനുള്ള പ്രേരണ നൽകാനും ഈ ആത്മബന്ധത്തിനു കഴിയുമത്രേ. പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും സുരക്ഷിതത്വബോധം നൽകുന്നതിനും അച്ഛനു കാര്യമായ പങ്കുണ്ടെന്നും പഠനങ്ങൾ പറയുന്നു.

അച്ഛനിൽനിന്ന് ഏറെ പാഠങ്ങൾ ആൺമക്കളും പഠിക്കാനുണ്ട്. വീടിനു പുറത്തെ ചുമതലകൾ, കുടുംബാംഗങ്ങളോടുള്ള കരുതൽ, പങ്കുവയ്ക്കൽ എന്നിവയുടെ ആദ്യപാഠം പകരുന്നത് അച്ഛനാണ്. 13 -18 വരെ പ്രായമുള്ള ആൺമക്കൾക്ക് അച്ഛന്റെ പൂർണമായ ശ്രദ്ധ ആവശ്യമാണ്. അമ്മമാരുടെ ചുമതലയിൽ കഴിയുന്ന ഈ പ്രായത്തിലുള്ള ആൺകുട്ടികളിൽ പ്രായത്തിന്റേതായ പ്രശ്നങ്ങൾ ഏറെയുണ്ടാകാം. അച്ഛന്റെ ഇടപെടലോ ശ്രദ്ധയോ ലഭിച്ചാൽ ഇക്കാര്യത്തിൽ സുരക്ഷിതമായി മുന്നോട്ടുപോകാം.

അഞ്ചുമാസം പ്രായമുള്ള കുഞ്ഞുങ്ങളിൽ അച്ഛനു കാര്യമായ സ്വാധീനം ചെലുത്താനാകുന്നതായി ചില പഠനങ്ങൾ വെളിപ്പെടുത്തുന്നു. അച്ഛനുമായി അടുത്ത ബന്ധം ലഭിക്കുന്ന ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾ അപരിചിതരോടും കൂടുതൽ സജീവമായി ഇടപെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചെറുപ്രായം മുതൽതന്നെ കുഞ്ഞുങ്ങൾ സുരക്ഷിതത്വ ബോധത്തിന്റെയും സാമൂഹിക ഇടപെടലിന്റെയും രീതികൾ സ്വായത്തമാക്കാൻ ആരംഭിക്കുന്നു. അച്ഛന്റെ ശ്രദ്ധ ലഭിക്കുന്ന കുഞ്ഞുങ്ങൾ അക്കാദമിക് രംഗത്തെ മികവിലും സമൂഹത്തിന്റെ അംഗീകാരത്തിലും മുന്നിൽനിൽക്കുന്നതായും ചില പഠനങ്ങളിൽ വെളിപ്പെടുത്തുന്നു.