പണികിട്ടിയത് ഭാര്യയ്ക്കല്ല; പ്രേക്ഷകർക്ക്

കണ്മുന്നിൽ കാണുന്നതു പോലും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ; യൂട്യൂബിൽ 60 ലക്ഷത്തിലേറെപ്പേർ കണ്ട വിഡിയോ വെറും പരസ്യമായിരുന്നു. ഭാര്യയ്ക്ക് സ്വത്തിന്റെ പാതി കൊടുക്കണമെന്ന കോടതിവിധിയെത്തുടർന്ന് കാറും ബൈക്കും മുതൽ ഐഫോൺ വരെ കൃത്യം പാതിയാക്കി മുറിച്ചു കൊടുക്കുന്ന ഭർത്താവിന്റെ വിഡിയോയാണ് ഒരൊറ്റ നിമിഷം കൊണ്ട് ‘പരസ്യമായി മാറിയത്. റോയിട്ടേഴ്സ് ഉൾപ്പെടെയുള്ള വാർത്താഏജൻസികളിലും സകലമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം വളരെപ്പെട്ടെന്നാണ് ഈ വാർത്തയും ചിത്രങ്ങളും വൈറലായത്. ഒരാഴ്ച തികയും മുൻപ് അറുപത് ലക്ഷവും കടന്നു ‘ഫോർ ലോറ’ എന്നു പേരിട്ട യൂട്യൂബിലെ ഈ വിഡിയോയുടെ കാഴ്ചക്കാരുടെ എണ്ണം.

എന്നാൽ ആരാണീ ഭർത്താവ്, ആരാണീ ലോറ എന്ന മട്ടിൽ അന്വേഷണം ശക്തമായതോടെ ഒരു കൂട്ടം അഭിഭാഷകർ രംഗത്തു വരികയായിരുന്നു. ജർമൻ ബാർ അസോസിയേഷനു കീഴിലെ അഭിഭാഷകരാണ് ഇത് തങ്ങളുടെ ‘ഗറില്ല മാർക്കറ്റിങ്’ ക്യാംപെയിനാണെന്നും പറഞ്ഞ് രംഗത്തെത്തിയത്. അസാധാരണങ്ങളായ വഴികളിലൂടെ ചെറുകിട കമ്പനികൾ കുറച്ചു തുക മുടക്കി നടത്തുന്ന ക്യാംപെയിൻ രീതിയാണ് ഗറില്ല മാർക്കറ്റിങ്. അഭിഭാഷകരുടെ സേവനം അറിയിച്ചുകൊണ്ട് സാധാരണ പരസ്യങ്ങൾ ചെയ്തിട്ടും ആരും തിരിഞ്ഞുനോക്കാതെയായതോടെയാണത്രേ ഇവർ ഇത്തരമൊരു നീക്കം നടത്തിയത്.

സംഗതി എന്തായാലും പിഴച്ചില്ല, ലോകം മുഴുവനുമെത്തി ഈ ജർമൻ വക്കീലന്മാരുടെ ബുദ്ധി. യൂട്യൂബും ഇ–ബേയുമാണ് ഇവർ മാർക്കറ്റിങ്ങിനായി തിരഞ്ഞെടുത്തത്. ചില സംഗതികൾ മാത്രം പാതിയാക്കി മുറിക്കുന്ന വിഡിയോ തയാറാക്കി. എന്നിട്ട് പാതിമുറിച്ച കാറിന്റെയും മറ്റും ചിത്രങ്ങൾ ഫോട്ടോഷോപ്പിലൂടെ ഇ–ബേയിലുമെത്തിച്ചു. അതിന് ഉഗ്രൻ അടിക്കുറിപ്പുകളും ഒരു ഡോളർ മുതൽ വിലയുമിട്ടു. ലോറ, നീ തന്ന 12 വർഷങ്ങൾക്ക് നന്ദി. നിന്റെ പുതിയ ഭർത്താവിന് എന്റെ എല്ലാം ആശംസകളും എന്നെല്ലാം വിഡിയോയിൽ ചേർത്തതോടെ സംഗതി കയറിയങ്ങു ഹിറ്റാവുകയായിരുന്നു. എന്തായാലും മാർക്കറ്റിങ് മേഖലയിൽ റഫറന്‍സിനുപയോഗിക്കാവുന്ന ഒന്നാന്തരമൊരു ക്യാംപെയിനായി 'ഫോർ ലോറ' വിഡിയോ മാറിക്കഴിഞ്ഞു.