പേരെന്താ ഐ ഫോൺ എന്നാൽ പിടിച്ചോ ഒരു ഐ ഫോൺ!

ഒരു ഐ ഫോൺ ആരെങ്കിലും വെറുതേ തരാമെന്നു പറഞ്ഞാൽ എന്തൊക്കെ ചെയ്യാൻ തയാറാകും. ആലോചിക്കേണ്ടി വരുമല്ലേ.. ആലോചിക്കുന്ന സമയംകൊണ്ട് യുക്രയിനിൽ ഒരു പയ്യൻ പേരുതന്നെ മാറ്റി ഐ ഫോണും സ്വന്തമാക്കി. മാറ്റിയ പേരുകേട്ടാൽ ഞെട്ടും , ഐ ഫോൺ സിം (യുക്രെയിനിൽ സിം എന്നാൽ സെവൻ). 

യുക്രയിനിലെ ഒരു ഇലക്ട്രോണിക് ഷോപ്പാണ് ഐ ഫോൺ വിൽപന കൂട്ടുന്നതിനായി പുത്തൻ ആശയവുമായി മുന്നോട്ടു വന്നത്. സ്വന്തം പേര് ഔദ്യോഗികമായി ഐ ഫോൺ സെവൻ എന്നു മാറ്റുന്ന ആദ്യ അഞ്ചുപേർക്ക് ഐ ഫോൺ സെവൻ സമ്മാനം ഇതായിരുന്നു വമ്പൻ ഓഫർ. അവസരത്തെക്കുറിച്ച് അറിഞ്ഞ ഒലക്സാൻഡർ ടുറിൻ എന്ന ഇരുപതുകാരൻ പിന്നെ മടിച്ചു നിന്നില്ല. ശഠേന്ന് പേരങ്ങു മാറ്റി

എന്തായാലും കടയുടമകൾ വാക്കു പാലിച്ചു. ഉടനെ കൊടുത്തു ഐ ഫോൺ 7. ഒരു കൈയിൽ പേരുമാറ്റിയ പാസ് പോർട്ടും മറുകൈയിൽ ഐ ഫോണുമായി നിൽക്കുന്ന പയ്യന്റെ പടം ഇപ്പോൾ വൈറലാണ്. ടുറിന്റെ പ്രവൃത്തി കുടുംബത്തെയും സുഹൃത്തുക്കളെയുമെല്ലാം ഞെട്ടിച്ചു കളഞ്ഞു. ആദ്യം സ്വീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് അവന്റെ ബിസിനസ് മികവിനെ അഭിനന്ദിക്കുകയാണ് ഉണ്ടായതെന്ന് സഹോദരി ഒരു മാധ്യമത്തിനോട് പറഞ്ഞു. 

ഐ ഫോൺ സെവന് യുക്രെയ്‌നിൽ ഏകദേശം 850 ഡോളറാണ് വില. രണ്ടു ഡോളർ ചെലവേയുള്ളൂ പേരുമാറ്റുന്നതിന്. അപ്പോൾ പയ്യൻ ആളത്ര മോശക്കാരനാണോ. ഉടനെ പേരൊന്നും മാറില്ല, ഇനി പെണ്ണൊക്കെ കെട്ടി മക്കളായിക്കഴിഞ്ഞാൽ പഴയ പേരിലേക്കു ചിലപ്പോൾ മടങ്ങുമെന്നാണു ‘ഐ ഫോൺ സിം’ എന്ന പഴയ ഒലക്സാൻഡർ ടുറിൻ പറയുന്നത്. സോഷ്യൽ മീഡിയയിൽ സിം ഇപ്പോൾ ചർച്ചാ വിഷയമാണ്. ഐ ഫോൺ സിക്‌സ് ഇറങ്ങിയപ്പോൾ പയ്യൻ പേരു മാറ്റാതിരുന്നതു നന്നായി എന്നാണ് ചിലർ പരിഹസിച്ചത്. കാരണം സിക്‌സിന് യുക്രെയിനിൽ ഷിറ്റ് എന്നാണ് പറയുക. പേരുമാറ്റുമ്പോൾ ഐ ഫോൺ ഷിറ്റ്, നല്ല ചേലായിരിക്കും.