ദുബായിലും മാണി ട്രെൻഡിങ്!

കേരള രാഷ്ട്രീയം അതിന്റെ നിർണായകഘട്ടത്തിലൂടെ കടന്നുപോകുകയാണ്. ബാർ കോഴ ആരോപണവും അതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ടുകളുടെ ചോർച്ചയും യുഡിഎഫ് സർക്കാറിന്റെ അടിത്തറ തന്നെ ഇളക്കുന്ന മട്ടാണ്. കേരളത്തിന്റെ സമസ്ത മേഖലകളിലും സജീവ ചർച്ച ഇപ്പോൾ ബാർ കോഴയും രാജിവയ്ക്കാതെ കടിച്ചു തൂങ്ങുന്ന മാണിയുടെ നിലപാടുകളുമാണ്. എന്നാൽ ഇങ്ങ് കൊച്ചു കേരളത്തിൽ മാത്രമല്ല അങ്ങ് ദുബായിലും മാണിക്കെതിരെ വ്യത്യസ്തരീതിയിൽ രാജി ആവശ്യം പ്രവാസികൾ ഉയർത്തുന്നുവെന്നതാണ് രസകരമായ കാര്യം.

പ്രവാസികൾക്ക് തങ്ങളുടെ നിലപാടുകൾ അറിയിക്കാൻ ജാഥ നടത്താനോ പ്രകടനം നടത്താനോ കഴിയില്ല. അതിനാൽ തന്നെ പ്രതിഷേധങ്ങൾക്ക് അവർ തിരഞ്ഞെടുക്കുന്ന ഇടം സോഷ്യൽ മീഡിയ ആയിരിക്കും. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ഒരു പ്രതിഷേധത്തിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ദുബായിലെ ബിസിനസ് ബേ ഏര്യയിൽ പാർക്ക് ചെയ്തിരിക്കുന്ന പൊടിപിടിച്ച കാറിന്റെ ഗ്ലാസിലാണ് മലയാളി പ്രവാസിയുടെ പ്രതിഷേധം. കെ എം മാണി രാജിവയ്ക്കുക എന്ന് മലയാളത്തിൽ എഴുതി പ്രതിഷേധത്തിന്റെ ചിത്രം അതിന്റെ ഗൗരവത്തേക്കാളേറെ രസകരമായ കമന്റുകൾ ചേർത്ത് സോഷ്യൽ മീഡിയയിൽ പറക്കുകയാണ്. ഇത് എഴുതി പ്രതിഷേധിച്ച വിരുതൻ ആരാണെന്നുള്ളതാണ് ഇപ്പോഴത്തെ തർക്കം.

ദുബായിയിൽ പ്രമുഖ പരസ്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന റിയാസ് റഷീദ് ആണ് കാറിന്റെ ചിത്രം പകർത്തിയത്. കോട്ടയം സ്വദേശിയായ റിയാസ് അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും ഗ്രാഫിക് ഡിസൈനറുമാണ്.