മനുഷ്യന് ഉപകാരമുള്ള ഒരേയൊരു മർലിൻ മൺറോ മഴപ്രതിമ

ലോകത്തിൽ മനുഷ്യന് ഉപകാരമുള്ള ഒരേയൊരു പ്രതിമ...’ മർലിൻ മൺറോയുടെ കൂറ്റൻ പ്രതിമയ്ക്കു താഴെ മഴ നനയാതെ നിൽക്കുന്നവരുടെ ഫോട്ടോയ്ക്ക് ഇതിലും നല്ല അടിക്കുറിപ്പ് വേറെന്തു നൽകാനാണ്. എന്തായാലും ഇന്റർനെറ്റിലെ ഏതോ ഒരു രസികൻ തയാറാക്കിയ ആ പോസ്റ്റ് ഫോണുകളില്‍ നിന്നു ഫോണുകളിലേക്ക് പറക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. മരിച്ചിട്ടും ജനങ്ങൾക്ക് ‘ഉപകാരിയായിത്തീർന്ന’ ആ അമേരിക്കൻ അഭിനേത്രിയുടെ 89–ാം ജന്മദിനമായിരുന്നു ഇക്കഴിഞ്ഞ ജൂൺ ഒന്ന്. 1926ൽ ജനിച്ച മർലിൻ മൺറോയെ 1962 ഓഗസ്റ്റ് അഞ്ചിന് തന്റെ മുപ്പത്തിആറാം വയസ്സിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാട്ടുകാരിയായും മോഡലായും പേരെടുത്ത ഈ മാദകസുന്ദരി 1950കളിലും അറുപതുകളിലും തിയേറ്ററുകളിൽ നിറഞ്ഞോടിയ പല ഹിറ്റ് സിനിമകളിലെയും നിറസാന്നിധ്യമായിരുന്നു.

ഒരു തലമുറയെ തന്നെ തന്റെ ഗ്ലാമറിന്റെ മാസ്മരിക വലയത്തിൽ ഒതുക്കിവച്ചു ഈ സുന്ദരി. ഒരിക്കല്‍ മർലിൻ മൺറോ എഴുതിയിട്ടുണ്ട്–‘പാർട്ടികളിൽ പോകുമ്പോൾ പലപ്പോഴും മണിക്കൂറുകളോളം ഞാൻ ഒറ്റയ്ക്കു നിന്നിട്ടുണ്ട്. ഭർത്താക്കന്മാർക്ക് ഭാര്യമാരുടെ മുന്നിൽവച്ച് എന്റെയടുത്തേക്ക് വരാൻ പേടിയാണ്. സ്ത്രീകളാകട്ടെ എന്നെത്തന്നെ നോക്കിക്കൊണ്ട് എന്തൊക്കെയോ കാര്യമായി ചർച്ച ചെയ്യുന്ന തിരക്കിലും...’ ആരും മിണ്ടാനില്ലാതെ ലോകത്തിനു നേരെ നാണത്തോടെ ചിരിച്ചു നിൽക്കാനായിരുന്നു മരണശേഷവും മർലിന്റെ വിധി. നേരത്തേപ്പറഞ്ഞ പരോപകാരി പ്രതിമ തന്നെയാണ് അതിനു കാരണം. ഒരു സിനിമ അതിലെ ഒരൊറ്റ സീൻ കൊണ്ട് ലോകപ്രശസ്തമായത് മർലിൻ മൺറോയിലൂടെയാണ്. 1955ലിറങ്ങിയ അമേരിക്കൻ ചിത്രം ‘ദ് സെവൻ ഇയർ ഇച്ച്’. ഒരു സബ്‌വേയുടെ ഒാരത്തു നിൽക്കുകയാണ് മർലിന്റെ കഥാപാത്രം. അപ്പോൾ അതുവഴി പാഞ്ഞുപോയ ട്രെയിനിന്റെ കാറ്റിൽ അവളുടെ വെള്ളപ്പാവാട വാനിലേക്കുയർന്നു. സമീപത്തൊരാൾ നോക്കി നിൽക്കേ നാണത്തോടെ തന്റെ വെള്ളപ്പാവാടയെ താഴേക്കു വലിച്ചിടാൻ ശ്രമിക്കുന്ന മർലിന്റെ ചിത്രം പിന്നീട് ലോകോത്തര ഫാഷൻ മാഗസിനുകളുടെ കവറിൽ എത്ര തവണ വന്നുവെന്നു പറയാൻ പറ്റില്ല.

മർലിൻ തന്നെ ആ പോസിൽ പലതവണയെത്തി. പിന്നീട് ഒരുവിധം എല്ലാം അഭിനേത്രിമാരും ഒരിക്കലെങ്കിലും അതുപോലെ പോസ് ചെയ്യാനായി ആഗ്രഹിക്കുകയോ നിർബന്ധിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. മർലിന്റെ അൻപതാം ചരമവാർഷികത്തോടനുബന്ധിച്ചാണ് ഫോറെവർ മർലിൻ എന്ന പ്രതിമ തയാറാക്കുന്നത്. പ്രതിമയെപ്പറ്റി ആലോചിച്ചപ്പോഴും ഈ ചിത്രമല്ലാതെ മറ്റൊന്നും ആരുടെയും മനസ്സിലുണ്ടായിരുന്നില്ല. അങ്ങനെ 2011 ജൂലൈയിൽ പ്രതിമ നിർമാണം പൂർത്തിയാക്കി ഷിക്കാഗോയിലെ പയനീർ കോർട്ടിൽ സ്ഥാപിച്ചു. 26 അടി ഉയരവും 15000 കിലോഗ്രാം ഭാരവുമുള്ള ആ പ്രതിമ നിർമിച്ചത് അമേരിക്കൻ ആർടിസ്റ്റ് സെവാർഡ് ജോൺസണായിരുന്നു. സ്റ്റീലും അലൂമിനിയവും ഉപയോഗിച്ചായിരുന്നു നിർമാണം. പക്ഷേ സ്ഥാപിച്ച് രണ്ട് മാസത്തിനകം മൂന്നു തവണയാണ് പ്രതിമ നശിപ്പിക്കാൻ ശ്രമമുണ്ടായത്. ഒരിക്കൽ ആരൊക്കെയോ ആ വെള്ള പ്രതിമയിലേക്ക് കുറേ ചുവന്ന പെയിന്റും കോരിയൊഴിച്ചു.

ദ് സകൾപ്ചർ ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിമ നിർമാണം. അതുകൊണ്ടുതന്നെ ഒരിടത്തും സ്ഥിരമായി നിൽക്കാനുമുണ്ടായില്ല ഈ പ്രതിമയ്ക്ക് ഭാഗ്യം. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ന്യൂജഴ്സിയിലും കലിഫോർണിയയിലും പ്രദർശനത്തിനും മറ്റുമായി ഇത് മാറ്റിക്കൊണ്ടേയിരുന്നു. ഷിക്കാഗോയിൽ പ്രതിമ സ്ഥാപിച്ചതിനുമുണ്ടായി വിമർശനം. ടൂറിസ്റ്റുകളുടെ പ്രധാന ഫോട്ടോ സ്പോട്ടായി മാറുകയായിരുന്നു പ്രതിമയും പരിസരവും. മർലിന്റെ കാലുകളിൽ കെട്ടിപ്പിടിക്കുക, ഉമ്മ വയ്ക്കുക, താഴെ നിന്ന് മുകളിലെ അടിവസ്ത്രത്തെ ചൂണ്ടിക്കാട്ടി ചിരിക്കുക, സ്കർട്ട് പൊക്കിമാറ്റുന്നതുപോലെ കാണിക്കുക, താഴെ നിന്ന് അന്തംവിട്ട് മുകളിലേക്കു നോക്കുക ഇങ്ങനെ പലവിധത്തിൽ പോസ് ചെയ്തായിരുന്നു ഫോട്ടോയെടുക്കൽ. ആൾക്കാർക്ക് കളിയാക്കി ചിരിക്കാനുള്ള ഒന്നായി പ്രതിമ മാറിയെന്നായിരുന്നു പ്രധാന ആക്ഷേപം. അതിനിടെ ആരോ പകർത്തിയതാണ് മഴയ്ക്കിടെ മൺറോപ്രതിമയ്ക്കു താഴെ അഭയം തേടിയവരുടെ ഫോട്ടോ. അത് ഇന്റർനെറ്റിലും ഹിറ്റായി. അമേരിക്കയിലുമുണ്ടായിരുന്നു ‘സദാചാരക്കമ്മിറ്റിക്കാരുടെ’ പ്രശ്നം. പൊതുസ്ഥലത്തിൽ ഇത്തരമൊരു പ്രതിമ സ്ഥാപിച്ചത് പരസ്യ നഗ്നതാപ്രദർശത്തിനു തുല്യമാണെന്നായിരുന്നു അവരുടെ വിമർശനം. എന്തായാലും ഷിക്കാഗോയിലെ ഒരു പ്രാദേശിക ടൂറിസം കമ്പനി പ്രതിമയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. അതോടെ എന്നന്നേക്കുമായി ഷിക്കാഗോയുടെ സ്വന്തമാകും ‘ഫോറെവർ മർലിൻ’ എന്ന പ്രതീക്ഷയിലാണ് പ്രദേശത്തുള്ളവരും.