മകനൊരു ഭർത്താവിനെ വേണം...!!!

ഹരിഷും അമ്മ പത്മയും

മക്കൾക്ക് പ്രായമാകും തോറും ഓരോ അമ്മമാരുടെയും മനസ്സിൽ തീയാണെന്നാണ് പൊതുവെയുള്ള വർത്തമാനം. പത്രപ്പരസ്യം വഴി മക്കൾക്കുള്ള ‘നല്ലപാതികളെ’ കണ്ടെത്തുന്ന മാട്രിമോണിയൽ സംസ്കാരമുള്ള ഇന്ത്യയിൽ പ്രത്യേകിച്ച്. പത്മ അയ്യർ എന്ന മുംബൈയിലെ അമ്മയും മകനു വേണ്ടി അതേ വഴി തന്നെയാണു തേടിയത്, ഒരു ടാബ്ലോയിഡിലെ മാട്രിമോണിയൽ പേജിൽ പരസ്യം നൽകി. ആ പരസ്യമിപ്പോൾ ചരിത്രമായിരിക്കുകയാണ്. മാത്രവുമല്ല, ഏതാനും ഇഞ്ച് സ്ഥലത്ത് ഒതുങ്ങിയ ആ പരസ്യം ഇന്ത്യയൊട്ടുക്ക് പുതിയ ചർച്ചയ്ക്കും തുടക്കമിട്ടു കഴിഞ്ഞു.

ഹരിഷിനു വേണ്ടി തയ്യാറാക്കിയ മാട്രിമോണിയൽ പരസ്യം

പരസ്യം ഇങ്ങനെയാണ്: ‘നല്ല ജോലിയുള്ള, മൃഗസ്നേഹിയായ, വെജിറ്റേറിയനായ വരനെ തേടുന്നു. എന്റെ മകനു വേണ്ടിയാണ്. അവൻ ഒരു എൻജിഒയിൽ ജോലി ചെയ്യുന്നു. വരന്റെ ജാതി പ്രശ്നമല്ല, അയ്യരാണെങ്കിൽ സന്തോഷം. മകന്റെ ഉയരം അഞ്ചടി 11 ഇഞ്ച്, വയസ്സ് 36.’ പരസ്യം വായിച്ചവർ ആദ്യമൊന്നു ഞെട്ടി. വല്ല അക്ഷരപ്പിശകും പറ്റിയതാണെന്നാണു പലരും കരുതിയത്. എന്നാൽ പരസ്യം തൊട്ടുപിറകെ വാർത്തയായതോടെ ഉറപ്പായി, സംഗതി സത്യമാണ്. പത്മയുടെ മകൻ ഹരിഷ് അയ്യർക്കു വേണ്ടിയായിരുന്നു മാട്രിമോണിയലിലൂടെ വരനെ തേടിയത്. സ്വവർഗാനുരാഗികളുടെ അവകാശത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയിലെ അംഗം കൂടിയാണ് ഹരിഷ്.

ഹരിഷ്

മകൻ അല്ലെങ്കിൽ മകൾ സ്വവർഗാനുരാഗിയാണ് എന്ന കാരണത്താൽ ഒട്ടേറെ മാതാപിതാക്കൾ ഇന്ത്യയിൽ സങ്കടപ്പെടുന്നുണ്ടെന്നു പറയുന്നു പത്മ. അവർക്കെല്ലാം തന്റെ ഈ നീക്കം പ്രചോദനമാകുമെന്നാണ് കരുതുന്നത്. ഇതിനോടകം പരസ്യത്തിനു മറുപടിയായി ആറ് പ്രൊപ്പോസലുകൾ വന്നു എന്നതുതന്നെ ഇതിന് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നു.എന്നാൽ പത്രത്തിൽ ഇത്തരമൊരു പരസ്യം നൽകുക അത്ര എളുപ്പമായിരുന്നില്ല എന്നും അവർ പറയുന്നു. ഇന്ത്യയിൽ സ്വർവർഗ വിവാഗം നിയമവിധേയമല്ല. അതിനാൽത്തന്നെ നിയമപ്രശ്നം പറഞ്ഞായിരുന്നു പലരും പരസ്യം തള്ളിയത്. എന്നാൽ സ്വവർഗ വിവാഹം ഇന്ത്യയിൽ നിയമവിരുദ്ധമല്ലെന്നു പറയുന്നു ഹരിഷ്. സ്വവർഗ വിവാഹത്തിന് നിയമസാധുത ഉണ്ടാകില്ല എന്നതുമാത്രമാണു പ്രശ്നം. \

ഹരിഷും അമ്മ പത്മയും

പ്രായപൂർത്തിയായവർ സ്വകാര്യമായി സ്വവർഗ ബന്ധത്തിൽ ഏർപ്പെടുന്നതു കുറ്റകരമാക്കുന്നതു ഭരണഘടനാവിരുദ്ധമാണെന്നു 2009 ജൂലൈ രണ്ടിനു ഡൽഹി ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധി പിന്നീട് സുപ്രീം കോടതി റദ്ദാക്കി. എന്തായാലും ഇന്ത്യയിലെ ആദ്യത്തെ ഗേ മാട്രിമോണിയൽ പരസ്യമായി ഹരിഷിന്റെ മാട്രിമോണിയൽ ആഡ് മാറിക്കഴിഞ്ഞു. രാജ്യാന്തര മാധ്യമങ്ങളിൽ വരെ ഇത് വാർത്തയായി. സ്വവർഗനുരാഗികളുടെയും അവരുടെ കുടുംബത്തിന്റെയും ആശങ്കകൾ പരമോന്നതകോടതിയും കേന്ദ്രവും പരിഗണിക്കേണ്ട സമയമായിരിക്കുന്നുവെന്ന വിധത്തിൽ ചർച്ചകൾക്കും പരസ്യം ചൂടുപിടിപ്പിച്ചു കഴിഞ്ഞു.