ദേ മ്മടെ ഇമോജീനേം സിനിമേലെടുത്തു...!!

‘എടാ എൽദോ നിന്നെ മാത്രമല്ല എന്നേം സിൽമേലെടുത്തു...’എന്ന കൊച്ചിൻ ഹനീഫ–ഹരിശ്രീ അശോകൻ കൂട്ടുകെട്ടിന്റെ ആഘോഷത്തിലേക്ക് ഒരു ന്യൂജനറേഷൻ താരം കൂടി. ചിരിയും കരച്ചിലും കൊഞ്ഞനംകുത്തലും കണ്ണുരുട്ടലുമൊക്കെയായി നമ്മുടെയെല്ലാം വിരൽത്തുമ്പുകളിൽ നിന്നുതിർന്ന് മൊബൈലുകളിലേക്ക് പായുന്ന ആ മഞ്ഞക്കുട്ടൻ (ദേഷ്യം വരുമ്പോൾ ചുവപ്പൻ) തന്നെയാണു കക്ഷി. ഒടുവിൽ അവനെയും സിനിമയിലെടുത്തിരിക്കുന്നു. ഇമോജികളെ കഥാപാത്രങ്ങളാക്കി സിനിമയെടുക്കാനുള്ള അവകാശം സോണി പിക്ചേഴ്സ് ആനിമേഷൻ ആണ് സ്വന്തമാക്കിയത്.

തൊണ്ണൂറുകളിൽ ജപ്പാനിലാണ് ഇമോജികളുടെ ജനനം. ചിത്രം (ഇ) + കാരക്ടർ (മോജി) എന്നീ രണ്ട് വാക്കുകൾ ചേർന്നാണ് ജാപ്പനീസ് ഭാഷയിൽ ഇമോജിയായത്. ഇ–മെയിൽ കാലത്ത് അല്ലറ ചില്ലറ സന്ദേശങ്ങൾക്കിടയിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിരുന്നുവെങ്കിലും സ്മാർട് ഫോണുകൾ വന്നതോടെയാണ് ഇവയുടെ രാശി തെളിയുന്നത്. വാട്ട്സാപ്പ് പോലുള്ള മെസേജിങ് സേവനങ്ങൾ കൂടിയായതോടെ പിന്നെ സന്തോഷവും സങ്കടവുമൊക്കെ പങ്കിട്ട് ഓരോ ഇമോജിയും നമ്മുടെയെല്ലാം കൂടെപ്പിറപ്പുകളെപ്പോലെയായി. ഇന്നു ലോകത്തിൽ പല നിറത്തിലും ഭാവത്തിലും പതിനായിരക്കണക്കിന് ഇമോജികളുണ്ട്.

അതിനിടെയാണ് ഇവയെ ആനിമേഷൻ കഥാപാത്രങ്ങളാക്കി സിനിമയുമെത്തുന്നത്. വാർണർ ബ്രോസ്, പാരമൗണ്ട് എന്നീ ഭീമന്മാരെ പിന്തള്ളിയാണ് സോണി ഇമോജിയുടെ അവകാശം സ്വന്തമാക്കിയത്, എന്നാൽ ഇമോജിയെന്ന കാരക്ടറിന്റെ അവകാശമല്ല. ആനിമേഷൻ സിനിമാരംഗത്തെ പ്രഗത്ഭരായ എറിക് സീഗെലും ആന്റണി ലിയോന്റിസും തയാറാക്കിയ ഇമോജി കഥാപാത്രങ്ങളെയാണ് സോണി സ്വന്തമാക്കിയത്. ഇവയുടെ സ്റ്റോറി ബോർഡും തയാർ. ഇതുപയോഗിച്ചായിരിക്കും സിനിമ ഒരുക്കുക. അടുത്ത വർഷത്തോടെ ചിത്രം പുറത്തിറങ്ങുമെന്നാണ് സോണിയുടെ അറിയിപ്പ്. എന്നാൽ സിനിമയുടെ കഥയെപ്പറ്റി ഒരു സൂചനയുമില്ല.

അതേസമയം, ലോകത്ത് ഒരുപാട് കഥകൾക്ക് കാരണമായിട്ടുണ്ടെങ്കിലും ഇമോജികളെപ്പറ്റി ഇതുവരെ കഥകളൊന്നുമുണ്ടായിട്ടില്ല. സ്മൈലികൾ മാത്രമല്ലല്ലോ, മൃഗങ്ങളും വാഹനങ്ങളും ഭക്ഷണപദാർഥങ്ങളും സിഗ്നലുകളും തുടങ്ങി ബോംബിനും കത്തിക്കും വരെ ഇമോജിയുണ്ട്. അതുകൊണ്ടുതന്നെ നായകനും നായികയും വില്ലന്മാരുമൊക്കെയുള്ള ഉഗ്രൻ സ്റ്റണ്ടുപടം തന്നെ പ്രതീക്ഷിക്കാം. ഒരു ഇമോജി 007 ഇറങ്ങിയാലും അത്ഭുതപ്പെടേണ്ടി വരില്ലെന്നു ചുരുക്കം.