ചെടി നട്ട നഖങ്ങൾ !!!

നഖങ്ങൾക്കു നെയിൽ പോളീഷിനേക്കാൾ ഭംഗി ചെടിയാണെന്ന് തോന്നിപ്പോകും ഈ ചെടിവിദ്യ കണ്ടാൽ. നല്ല നീരുള്ള   ചെടിയുടെ മൊട്ടുകൾ നഖത്തിൽ ഒട്ടിച്ച് ഇതുവരെ കണ്ട നെയിൽ ആർട്ടിനെ ഒക്കെ മാറ്റി നിർത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ ആർടിസ്റ്റ് റോസ് ബോർസ്. അവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഫാഷൻ പ്രേമികൾക്കിടയിലും ബോട്ടണി പ്രേമികൾക്കിടയിലും വൈറലായിരിക്കുകയാണ്. 

Succulent plant‌ എന്നറിയപ്പെടുന്ന ചെടികൊണ്ടാണ് ഈ നെയിൽ ആർട്. നല്ല നീരും കട്ടിയുമുള്ള ഇലകളോടു കൂടിയ മൊട്ടുപോലെ വിരിഞ്ഞു നിൽക്കുന്ന കുള്ളൻ ചെടിയാണിത്. നീല, ചുവപ്പ്, ഓറഞ്ച്, മഞ്ഞ തുടങ്ങി പല നിറങ്ങളിൽ ഈ ചെടി കാണപ്പെടുന്നു. മുൻപ് ഈ ചെടി കൊണ്ട് ആഭരണങ്ങൾ ഉണ്ടാക്കി ഹിറ്റ് ആക്കിയതിനു ശേഷമാണു റോസ് ബോർസിന്റെ നഖ പരീക്ഷണം. 

ചെടിയുടെ ഇലമൊട്ടുകൾ അടർത്തിയെടുത്ത്  പശ വച്ച് ആർട്ടിഫിഷ്യൽ നഖത്തിൽ ഒട്ടിക്കുകയാണ് ആദ്യപടി.  പശ ഉറയ്ക്കാൻ ഏതാണ്ട് ഒരു മണിക്കൂറോളം കാത്തിരിക്കണം. നന്നായി ഉണങ്ങിക്കഴിഞ്ഞാൽ ആർട്ടിഫിഷ്യൽ നഖം എടുത്ത് യഥാർഥ നഖത്തിൽ ഒട്ടിച്ചു വയ്ക്കും. നഖത്തിൽ ചെടിവിരിഞ്ഞപോലെ ഉഗ്രൻ  ഡിസൈൻ. ഒരുതരം ത്രീഡി ഇഫക്ട്. റോസ് ബോർസിനിപ്പോൾ ഓർഡറുകളുടെ ബഹളമാണ്. Succulent ചെടിയും ഈ വകയിൽ ഹിറ്റായി. ഹരിത്ര പ്രേമികൾ ഓമനിച്ചു വളർത്തിയിരുന്ന കുഞ്ഞൻ ചെടികൾ മിക്ക വീടുകളുടെയും തോട്ടത്തിലേക്കു കുടിയേറിക്കഴിഞ്ഞു. വെറുതെ ഗൂഗിൾ സർച്ച് ചെയ്തു നോക്കൂ. ചെടിയുടെ കച്ചവടം പൊടിപൊടിക്കുകയാണ്.