നാസയ്ക്കൊരു തോക്കു വേണം, ഛിന്നഗ്രഹത്തെ വെടിവച്ചിടാൻ!

ബഹിരാകാശത്തു ചീറിപ്പായുന്ന ഛിന്നഗ്രഹങ്ങളെ വെടിവയ്ക്കാൻ ഒരു തോക്ക്. യുഎസ് ബഹിരാകാശ ഗവേഷണ ഏജൻസിയുടെ ബുദ്ധിയിലാണു പുതിയ പ്രതിരോധതന്ത്രത്തിന്റെ വെടിപൊട്ടിയിരിക്കുന്നത്.

ഭൂമിയിൽ വന്നിടിച്ചു നാശനഷ്ടങ്ങളുണ്ടാക്കാൻ കെൽപ്പുള്ള ഛിന്നഗ്രഹം പോലെയുള്ള ബഹിരാകാശ വസ്തുക്കളെ വഴിതിരിച്ചുവിടാനുള്ള ദൗത്യത്തിന്റെ ഭാഗമാണ് ഈ തോക്കും. ബ്രൂക്‌ലിനിലെ ഒരു കമ്പനിയുമായി കൈകോർത്താണു ബഹിരാകാശത്തോക്ക് നാസ വികസിപ്പിക്കുന്നത്.

വെടിയുതിർത്ത് ഛിന്നഗ്രഹത്തിന്റെ ഒരു വലിയഭാഗംതന്നെ അടർത്തി തെറിപ്പിക്കാനാണു പദ്ധതി. ഈ ഛിന്നഗ്രഹക്കഷണം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കിട്ടിയാൽ പേടകത്തിൽ ആളെയയച്ച് ആവശ്യംപോലെ സാംപിൾ ശേഖരിക്കാം.

ഛിന്നഗ്രഹമെന്ന ബഹിരാകാശ പാറയുടെ ശക്തിയും ഘനവും അളക്കാനും ഈ വെടി ഉപകരിക്കും. ഈ പരീക്ഷണഗവേഷണങ്ങളുടെയെല്ലാം ആത്യന്തിക ലക്ഷ്യം മനുഷ്യന്റെ ചൊവ്വാ യാത്ര തന്നെ.