കണ്ണീരിൽ രാജ്യം; നൃത്തം ചെയ്ത് അസം മുഖ്യമന്ത്രി

ഇന്ത്യയുടെ മിസൈൽമാൻ അബ്ദുൾ കലാമിന്റെ വേർപാടിൽ രാജ്യം മുഴുവൻ ദു:ഖാചരണം നടക്കുന്നതിനിടെ അസം മുഖ്യമന്ത്രി ഔദ്യോഗിക പരിപാടികൾ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. കലാം മരിച്ചതിന്റെ ആദരസൂചകമായി രാജ്യത്ത് ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചതിനിടെയാണ് കാസിരംഗയിലെ ടീ എസ്റ്റേറ്റ് സന്ദർശനത്തിനിടെ തരുൺ ഗൊഗോയ് നൃത്തം ചെയ്യുന്നതിന്റെയും ഗോൾഫ് കളിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നത്.

തരുൺ ഗൊഗോയ് ഹെലികോപ്റ്ററിൽ ഗോൾഫ് കോഴ്സിൽ വന്നിറങ്ങി ഗോൾഫ് കളിക്കുന്നതിന്റെയും നാഗോണിലെ സ്കൂൾ കുട്ടികൾക്കൊപ്പം ചുവടുകൾ വെക്കുന്നതിന്റെയും ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ ആണ് പുറത്തുവിട്ടത്. 83 വയസായ കലാം കഴിഞ്ഞ തിങ്കളാഴ്ച്ച ഷില്ലോങ് എഎഎമ്മെിലെ വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കുന്നതിനിടെയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. അതേസമയം വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് ഗൊഗോയ് രംഗത്തെത്തിയിട്ടുണ്ട്. രാജ്യം ദു:ഖാചരണം നടത്തുന്നതിനിടെ താൻ പ്രോട്ടോക്കോൾ മന:പ്പൂർവം ലംഘിച്ചതല്ലെന്ന് ഗൊഗോയ് വ്യക്തമാക്കി. നൃത്തം ചെയ്യാൻ പാടില്ലായിരുന്നുവെന്നും ഒരു നിമിഷത്തേക്ക് കലാം മരിച്ച കാര്യം മറന്നുപോയെന്നും അതിൽ ഖേദിക്കുന്നുവെന്നുമായിരുന്നു ഗൊഗോയിയുടെ പ്രതികരണം.