എന്താണു നോ ഷേവ് നവംബർ? സോഷ്യൽമീഡിയയിലെ കാംപെയ്‌നിങ്ങിന്റെ യഥാർത്ഥ ലക്ഷ്യം ഇതാണ്!

വാട്സാപ്പിലും ഫെയ്‌സ്ബുക്കിലുമായി ’നോ ഷേവ് നവംബർ’ എന്ന പേരിൽ നടന്മാരുടെ താടി ലുക്കിലുള്ള ചിത്രങ്ങൾ ധാരാളമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. എന്താണീ നോ ഷേവ് നവംബർ എന്ന് അന്വേഷിച്ചപ്പോഴാണ് ഈ കാംപെയ്‌നിങ്ങിന്റെ യഥാർത്ഥ ലക്ഷ്യം പിടികിട്ടിയത്. കാൻസറിനെ കുറിച്ച് അവബോധം സൃഷ്ടിക്കുക, കാൻസർ രോഗികൾക്കായി ധനസമാഹരണം നടത്തുക എന്നതാണ് ഈ കാംപെയ്‌നിങ്ങിന്റെ ഉദ്ദേശ്യം. 

ഒരു മാസം ഷേവ് ചെയ്യാതിരുന്നാൽ എത്രത്തോളം പണം ലാഭിക്കാമോ ആ പണം കാൻസർ രോഗികൾക്കായി സംഭാവന ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആർക്കും ബുദ്ധിമുട്ടില്ലാതെ കാൻസർ രോഗികൾക്കായി ഒരു കൈ സഹായം എന്ന നിലയ്‌ക്കാണ്‌ ഈ കാംപെയ്‌നിങിന് തുടക്കം കുറിച്ചിട്ടുള്ളത്. സപ്പോർട്ട് ചെയ്യാനാഗ്രഹിക്കുന്ന ആർക്കും ഇതിൽ പങ്കെടുക്കാം. ഒരു മാസക്കാലം താടിയൊക്കെ നീട്ടി വളർത്തി, ട്രിമ്മിങ്ങിനും ഷേവിങ്ങിനും ഒക്കെ ചിലവാക്കുന്ന തുക കാൻസർ രോഗികൾക്കായി മാറ്റിവയ്ക്കണം എന്നുമാത്രം. 

അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി, പ്രിവന്റ് കാന്‍സര്‍ ഫൗണ്ടേഷന്‍, ഫൈറ്റ് കൊളൊറെക്റ്റല്‍ ക്യാന്‍സര്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഈ ക്യാംപെയ്ന്‍ നടക്കുന്നത്. 2009 നവംബര്‍ ഒന്നു മുതലാണ് കാംപെയ്‌നിങ്ങിന് തുടക്കം കുറിക്കുന്നത്. ആദ്യ കാലത്ത് വെറും അമ്പത് അംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് സോഷ്യൽമീഡിയ വഴി പ്രവർത്തനം തുടങ്ങിയതോടെ ക്യാംപെയ്ന്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുമായി പതിനായിരക്കണക്കിനു പേര്‍ നവംബറില്‍ ഷേവ് ചെയ്യാതെ പണം ക്യാന്‍സര്‍ രോഗികളുടെ ഉന്നമനത്തിനായി നല്‍കുന്നു.

www.no-shave.org എന്ന സൈറ്റിലെത്തി സ്വന്തം പേര് രജിസ്റ്റര്‍ ചെയ്യുകയാണ് ക്യാംപെയ്ന്റെ ഭാഗമാകാനുള്ള ആദ്യപടി. പിന്നീട് താടി വടിക്കാതെ ഒരു മാസം കഴിയണം. നവംബര്‍ 30ന് ഒരു ഫോട്ടോ എടുത്ത് ഇവര്‍ക്ക് നല്‍കണം. ക്യാംപെയിന്‍ അവസാനിക്കുന്ന ഡിസംബര്‍ ഒന്നിന് നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയിലേക്ക് രൂപം മാറ്റാം.