അമ്മയ്ക്കൊരുമ്മയല്ല; അടിപൊളി പോസ്റ്റ്!!!!

ചില ദിവസങ്ങൾ നമുക്കു പ്രിയപ്പെട്ടതാണ്. അവയിൽത്തന്നെയും ചില ദിവസങ്ങൾ നെഞ്ചോടു ചേർത്ത് ആഘോഷിക്കാനുള്ളതും. സുഹൃത്തുക്കൾക്കായി ഫ്രണ്ട്ഷിപ് ഡേയും പ്രണയിതാക്കൾക്കായി വലന്റൈൻസ് ഡേയും കുട്ടികൾക്കായി ചിൽഡ്രൻസ് ഡേയുമൊക്കെ ഉണ്ടെങ്കിലും മദേഴ്സ് ഡേ നമുക്ക് അവയേക്കാളൊക്കെ പ്രിയപ്പെട്ടതാണ്. നമുക്കു ജൻമം തന്ന അമ്മയ്ക്കു വേണ്ടി ഒരു ദിനം. യഥാർത്ഥത്തിൽ അമ്മയെ ഓർക്കാനോ സ്നേഹിക്കാനോ ഇത്തരമൊരു ദിവസത്തിന്റെ ആവശ്യമൊന്നുമില്ല. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അമ്മ മക്കളെ സ്നേഹിക്കും. എന്നാലും എന്നും സ്വന്തംകാര്യങ്ങൾക്കു പിന്നാലെ മാത്രം പായുന്ന നമ്മൾ നിഷ്കളങ്ക സ്നേഹത്തിന്റെ ആദ്യപാഠങ്ങൾ ചൊല്ലിത്തന്ന അമ്മയ്ക്കു വേണ്ടി ഒരുദിവസം മാറ്റിവെക്കുന്നതിൽ തെറ്റില്ല.

പക്ഷേ വിഷയം ഇപ്പോ ഇതൊന്നുമല്ല. ആഘോഷങ്ങൾ പാടേ മാറിയിരിക്കുകയാണ്. കഴിഞ്ഞ വർഷം വരെ മദേഴ്സ് ഡേയുടെ അന്ന് അമ്മയ്ക്ക് സ്പെഷ്യലായി ഒരു പൊന്നുമ്മ നൽകി, ഇത് അമ്മയ്ക്ക് എന്റെ മദേഴ്സ് ഡേ സമ്മാനം എന്നു പറയുന്ന മക്കളായിരുന്നു കൂടുതലെങ്കിൽ ഇന്നതെല്ലാം മാറി. സമ്മാനം അമ്മ കണ്ടാലും ഇല്ലെങ്കിലും പ്രശ്നമില്ല, പക്ഷേ, ലോകം അറിയണം. അതിന് ഒരു അടിപൊളി പോസ്റ്റ് മതി!!!!

അമ്മയ്ക്കൊപ്പം ഒരു സെൽഫി കാലവും കഴിഞ്ഞു. മുഖം മുഴുവൻ ഐ ലവ് യൂ മോം എന്ന് ചായം പൂശി, കടമെടുത്ത ചില ക്വോട്സുകൾ സ്റ്റാറ്റസ് ആയി നൽകി പത്തു പതിനഞ്ചുപേരെ ടാഗ് ചെയ്താൽ മദേഴ്സ് ഡേ ഗംഭീരമായി. മക്കളുടെ ഈ ഓൺലൈൻ സ്നേഹം അമ്മ കണ്ടിട്ടുണ്ടാവില്ലെന്നതാണ് ഏറ്റവും രസകരം.

യഥാർഥത്തിൽ സമ്മാനപ്പൊതികളോ പൂച്ചെണ്ടുകളോ ഇത്തരം പോസ്റ്റുകളോ ഒന്നുമല്ല അമ്മയ്ക്കു വേണ്ടത്, ലോകത്ത് എവിടെയാണെങ്കിലും ഇത്തിരി നേരം അമ്മയ്ക്കരികിൽ വന്നിരുന്നാൽ മതി!!! ഇതുതന്നെയാണ് അമ്മ ആഗ്രഹിക്കുന്ന ഏറ്റവും വലിയ ആഘോഷവും.