ഓവർ സൈസ് ആണേലെന്താ, കമ്മൽ കിടിലനല്ലേ....

ഓവർ സൈസ്ഡ് ഇയർ റിങ്സ്

കഴിഞ്ഞ വർഷം ഓസ്കർ ഫാഷനിലെ താരമായിരുന്നു ഓവർസൈസ്ഡ് ഇയർ റിങ്സ്. കഴിഞ്ഞ ഗ്രാമി അവാർഡ്ദാന ചടങ്ങിൽ വൈറ്റ് ഗൗണിനൊപ്പം ബിയോൺസ് അണിഞ്ഞ കമ്മലും കൂടി ഹിറ്റായതോടെ വലിപ്പക്കമ്മലുകളുടെ കാലം തെളിഞ്ഞു. ഇപ്പോൾ സാധാരണക്കാർക്കിടയിലും താരമായിക്കഴിഞ്ഞു, ഓവർസൈസ്ഡ് ഇയർ റിങ്സ്. വെറുതെ വലുപ്പം കൂടിയാൽ പോര, കാണുന്നവർ അന്തം വിടണം. ഏതാൾക്കൂട്ടത്തിനിടയിലും കാഴ്ചക്കാർ നിങ്ങളുടെ കാൽച്ചുവട്ടിലെത്തണം. ‌

അലക്സാണ്ടർ മക്‌ക്വീനിന്റെ മെറ്റാലിക് ഇയർറിങ്സ്, ഗുച്ചിയുടെ ബീഡ്സ് ഇയർ റിങ്സ് തുടങ്ങിയവ റാംപിൽ ഉയർത്തിയ തരംഗം മറ്റു ബ്രാൻഡുകളും ഏറ്റുപിടിച്ചതോടെയാണ് വലിപ്പക്കമ്മലുകൾ റാംപ് വിട്ട് ഫാഷൻ പ്രേമികളുടെ ജ്യുവൽ ബോക്സിലുമെത്തിയത്. ക്രിസ്റ്റൽ, സിൽവർ, ഗോൾഡ്, പ്ലാറ്റിനം തുടങ്ങി വൈവിധ്യങ്ങളുടെ നീണ്ടനിരയാണ് ബ്രാൻഡുകൾ ഒരുക്കുന്നത്. വലിപ്പം വേണമെങ്കിലും ഭാരം അത്രയ്ക്കങ്ങു വേണ്ടാത്തവർക്കായി ലൈറ്റ്‌വെയ്റ്റ് കമ്മലുകളും ലഭിക്കും.

ധരിക്കുന്ന വസ്ത്രത്തിനു യോജിക്കുന്ന തരത്തിൽ ജ്യോമെട്രിക്, ഫ്ലവർ തുടങ്ങി വിവിധ ആകൃതികളും പരീക്ഷിക്കാം. അൽപം ട്രെഡീഷനലാകണമെന്ന് നിർബന്ധമുള്ളവർക്ക് നമ്മുടെ സ്വന്തം ജിമുക്കികളിൽ പരീക്ഷണം നടത്താം. വലിപ്പം കൂടിയ പേളുകളാണ് ജിമുക്കികളിലെ പുതിയ ട്രെൻഡ്. സിൽവറിനും ആരാധകരേറെ. സ്റ്റോൺ പതിപ്പിച്ച സിൽവർ ഇയർറിങ്സ് മാത്രം മതി നൈറ്റ് പാർട്ടികളിൽ താരമാകാൻ. പരീക്ഷണങ്ങൾ നടത്താൻ അസാമാന്യ ധൈര്യമുള്ളവർക്ക് ഡ്രോപ് ഇയർ റിങ്സും മറ്റും ഒറ്റക്കാതിലണിഞ്ഞും സ്റ്റാറാകാം.

ഒരു കാര്യം മറക്കരുത്: മിനിമലിസം. അമിതമാകാരുതെന്നർഥം. ഓവർസൈസ്ഡ് കമ്മലിനൊപ്പം മറ്റൊന്നും ഓവറാകരുത്. കഴുത്തും കയ്യുമൊക്കെ ഒഴിഞ്ഞു കിടക്കട്ടെ. അൽപം ഹെവി വർക്ക് ചെയ്ത ക്ലച്ച് മാത്രം കൂടെക്കൂട്ടിക്കോളൂ!