മരണത്തിനു മുമ്പ് മകൾ എഴുതിയ ഹൃദയഭേദകമായ കത്ത്

മരണത്തിനു മുമ്പ് ടെയ്ലർ സ്മിത്ത് എഴുതിയ കത്ത്

മരണത്തിനു മുമ്പ് ഒരു പന്ത്രണ്ടു വയസുകാരി എഴുതിയ ഹൃദയഭദേകമായ കത്താണ് ലോകമെമ്പാടുമുള്ള ജനങ്ങളെ വേദനയിലാഴ്ത്തുന്നത്. ടെയ്ലർ സ്മിത്ത് എന്ന പെൺകുട്ടി എഴുതിയ കത്ത് ഒരു കൊച്ചുകുട്ടിയുടെ ചിന്തയേക്കാൾ ആഴം നിറഞ്ഞതായിരുന്നു. താൻ മരിച്ചുകഴിഞ്ഞ് പത്തുവർഷത്തിനു ശേഷം മാത്രമേ ഇത് തുറക്കാവൂ എന്നു കവറിനു മുൻവശത്ത് എഴുതിവച്ചിരുന്നു. ടെയ്ലറിന്റെ മരണത്തിനു ശേഷം മുറി വൃത്തിയാക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് അമ്മയ്ക്ക് അവളുടെ കത്തു കിട്ടിയത്. തന്റെ ഇഷ്ടങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ പങ്കുവച്ചൊരു കത്ത്.

ടെയ്ലർ സ്മിത്ത് മാതാപിതാക്കൾക്കും സഹോദരനുമൊപ്പം

കഴിഞ്ഞ വർഷമാണ് ടെയ്ലർ സ്മിത്ത് ന്യൂമോണിയ ബാധിച്ച് മരിക്കുന്നത്. താൻ മരിക്കുമെന്ന് ഉറപ്പായ ദിവസങ്ങളിലാണ് കത്തെഴുതാൻ അവൾ തീരുമാനിച്ചത്. പ്രിയ ടെയ്ലർ എന്ന അഭിസംബോധനയോടെ തുടങ്ങുന്ന കത്തിൽ ഭാവിയിൽ എന്താകണമെന്നു വരെ എഴുതിയിരുന്നു. കോളേജ് പഠനം കഴിഞ്ഞാൽ വക്കീൽ ആകണമെന്നാണ് ആഗ്രഹമെന്നും ഡോളിവുഡ് പാർക്കിലെ ഇപ്പോഴത്തെ പ്രധാന ആകർഷണമെന്താണെന്നും അവൾ ചോദിക്കുന്നു? നിലവിലെ െഎപാഡ് മാറ്റി പുതിയൊരു െഎപാഡ് മിനി വാങ്ങണം. സയൻസ് ഫിക്ഷൻ ടിവി പ്രോഗ്രാം ആയ ഡോക്ടർ ഹുവിന്റെ ആരാധികയാണെന്നും അറിവിന്റെ പ്രാധാന്യമെന്താണെന്നും ടെയ്ലർ എഴുതുന്നുണ്ട്.

ടെയ്ലർ സ്മിത്ത്

പന്ത്രണ്ടു വയസുള്ള പെൺകുട്ടികളേക്കാൾ കാതലായ ചിന്താഗതിയായിരുന്നു ടെയ്ലറിന്റേതെന്ന് അവളുടെ മാതാപിതാക്കളായ ടിമ്മും എല്ലനും പറഞ്ഞു. ഒരു പ്രായപൂർത്തിയായ പെൺകുട്ടിയുടെ അറിവും ചെറിയ കുട്ടിയുടെ വിശ്വാസങ്ങളുമായിരുന്നു ടെയ്ലറിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് അവർ ഓർക്കുന്നു. ടെയ്ലർ എത്രത്തോളം മിടുക്കിയായ മകൾ ആയിരുന്നുവെന്ന് ലോകത്തെ കാണിക്കാൻ വേണ്ടിയാണ് ഇപ്പോൾ രണ്ടുപേജുള്ള ഈ കത്ത് പുറത്തു വിട്ടതെന്നും ടിം സ്മിത്ത് പറഞ്ഞു. ഞങ്ങളേക്കാൾ ദൈവം അവളെ സ്നേഹിക്കുന്നതുകൊണ്ടാവാം അവൾ ഈ ലോകം വിട്ടുപോയത് . മകൻ ജൂദായ്ക്കൊപ്പം ടെയിലറിന്റെ ഓർമകളിൽ കഴിയുകയാണ് ടിമ്മും എല്ലനും.

ഫോട്ടോ കടപ്പാട്; ഫേസ്ബുക്ക്