ലോകപ്രശസ്ത ഫൊട്ടോഗ്രഫർ പീറ്റർ ബയലോബ്രെസ്കി കേരളത്തിൽ

ഫൊട്ടോഗ്രഫർ പീറ്റർ ബയലോബ്രെസ്കി

വൈകുന്നേരം അഞ്ചര മണി നേരം. എറണാകുളത്തെ തിരക്കേറിയ വളഞ്ഞമ്പലം ജംങ്ഷൻ. ക്യാമറ ഉറപ്പിച്ച മുക്കാലിയുമായി ഒരു വിദേശി വാഹനങ്ങളുടെ തിരക്കിനിടയിലൂടെ ഊളിയിട്ട് സൗത്ത് ഓവർബ്രിഡ്ജിലേക്ക് ഓടിക്കയറുകയാണ്. പാലത്തിനു നടുവിലെ ആളൊഴിഞ്ഞ ഫുട്പാത്തിനു മധ്യത്തിൽ നിന്നു റോഡിലെ തിരക്കിന്റെ തുരുതുരാ ചിത്രങ്ങളെടുക്കുന്നു. വരിവരിയായി ഇഴഞ്ഞുനീങ്ങുന്ന വാഹനങ്ങളെ ക്യാമറയിൽ പകർത്തുകയാണ്. റോഡിലെ ‘തിരക്കു’ പകർത്തുന്നയാൾക്കും നന്നേ തിരക്കാണെന്നു കണ്ടാലറിയാം.

ഫുട്പാത്തിലൂടെ മുന്നോട്ടും പിന്നോട്ടും ക്യാമറയുമായി ഓടിക്കൊണ്ടിരുന്നു. ചാഞ്ഞും ചെരിഞ്ഞും സൂര്യനെ നോക്കി റോഡുവക്കിൽ നിലയുറപ്പിച്ച് പടങ്ങൾ ക്ലിക്ക് ചെയ്യുന്നു. ബസുകൾക്കും കാറുകൾക്കും പിന്നിൽ നിന്ന ശേഷം പെട്ടന്നു വെട്ടിച്ചു കടന്നുപോകുന്ന ഏതാനും ബൈക്കുയാത്രക്കാരുടെ ചിത്രങ്ങൾ പകർത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ ചോദിച്ചു, ‘ഗുഡ് ഈവ്നിങ്, ആർ യു പീറ്റർ ബയലോബ്രെസ്കി...? ചോദ്യം കേട്ട ഭാവമില്ല. അടുത്ത പോയന്റിലേക്ക് ക്യാമറ ഉറപ്പിക്കാനോടുന്നതിനിടയിൽ പറഞ്ഞു : ‘അയാം സോറി, സംസാരിക്കാൻ ഒട്ടും നേരമില്ല. വെളിച്ചം പോയിക്കൊണ്ടിരിക്കുന്നു. മിണ്ടുന്ന സമയം ലാഭിച്ചാൽ കുറെക്കൂടി നല്ല ചിത്രങ്ങൾ എനിക്കെടുക്കാനാകും...!’

ഫൊട്ടോഗ്രഫർ പീറ്റർ ബയലോബ്രെസ്കി

ഉദ്ദേശിച്ചയാൾ തന്നെയാണു മുന്നിൽ. രാജ്യാന്തര പ്രശസ്തനായ ലോകത്തെ എണ്ണം പറഞ്ഞ ഫൊട്ടോഗ്രഫർ പീറ്റർ ബയലോബ്രെസ്കി. വേൾഡ് പ്രസ് ഫൊട്ടോ പുരസ്കാരം ഒന്നിലേറെ തവണ സ്വന്തമാക്കിയിട്ടുള്ള ജർമൻകാരൻ. ബർമൻ ആർട്സ് യൂണിവേഴ്സിറ്റിയിലെ ഫൊട്ടോഗ്രഫി പ്രഫസർ. ‘സിറ്റി പോട്രെയ്റ്റ്സ്’ എന്ന പേരിൽ ലോകത്തെ പ്രമുഖ നഗരങ്ങളെ ചിത്രീകരിക്കുന്ന പരമ്പരയിൽ കേരളത്തിലെ നഗരങ്ങളുടെ ജീവിതത്തെ അടയാളപ്പെടുത്താനെത്തിയിരിക്കുകയാണ് അദ്ദേഹം. കേരളത്തിനു പുറമെ മുംബൈയും ഡൽഹിയും കൊൽത്തക്കയും കൂടി പകർത്താൻ പദ്ധതിയുണ്ട്. ഈജിപ്ത് കലാപകാലത്തു അദ്ദേഹം പകർത്തിയ ചിത്രങ്ങൾ ‘കെയ്റോ ഡയറി’ എന്ന പേരിൽ പുസ്തകമായി ഈയിടെയാണ് പുറത്തുവന്നത്. തുടർന്നുവന്ന ‘ഏഥൻസ് ഡയറിയും’ രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായി.

ജനസംഖ്യാപെരുപ്പവും പ്രകൃതിയിലെ കടന്നുകയറ്റങ്ങളും വ്യവസായങ്ങളും നഗരജീവിതത്തിലുണ്ടാക്കുന്ന മാറ്റമാണ് അദ്ദേഹത്തിന്റെ പഠനമേഖല. ഇരുപതോളം പ്രമുഖ നഗരങ്ങളെക്കുറിച്ച് ഇതിനകം പഠനങ്ങൾ നടത്തി. ‘സൂം’ എന്ന പേരിൽ ലോകത്തെ പ്രമുഖ ഗാലറികളിൽ ഈ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. പടങ്ങളെടുത്ത് ക്ഷീണിച്ച ശേഷം പതിയെ നടന്നുനീങ്ങാൻ നേരം കൊച്ചിയെക്കുറിച്ചു ചോദിച്ചു, മറുപടി ഇങ്ങനെ : കടലും കായലും അരികുചേർന്നുകിടക്കുന്ന കൊച്ചി മനോഹരമാണ്, പക്ഷെ ഒട്ടും ആസൂത്രണമില്ല. എന്തിനാണ് ഇത്രയധികം വാഹനങ്ങൾ നഗരമധ്യത്തിലേക്കു കടത്തിവിടുന്നത്? പൊതു വാഹന സംവിധാനം പ്രോത്സാഹിപ്പിക്കണം, ആ സംസ്കാരത്തിലേക്ക് ആളുകൾ മാറണം..! -- അവസാനിച്ചു.