കൊതിയൂറും പീറ്റ്‌സ ഇനി എടിഎം വഴി!

നമ്മളിപ്പോളും എടിഎമ്മിനെ പഠിച്ചുകൊണ്ടിരിക്കുകയാണ്. കാശെടുക്കുമ്പോഴും എടുത്തുകഴിഞ്ഞാലുമൊക്കെ സംശയമാണ്. എന്തെങ്കിലും അക്കിടി പറ്റിയോ. പാസ‌്‌വേഡ് ആരെങ്കിലും കണ്ടുകാണുമോ.. പ്രായമായവർക്കാണ് ടെൻഷൻ കൂടുതൽ. നമ്മളിങ്ങനെ ആലോചിച്ചിരിക്കുമ്പോഴേക്കും അമേരിക്കയിൽ ഇതാ പീറ്റ്സ വരെ എത്താൻ തുടങ്ങി എടിഎം വഴി. പീറ്റ്സ കിട്ടാനുള്ള അവസരം ലഭിച്ചതാകട്ടെ വിദ്യാർഥികൾക്കും.

രാജ്യത്തെ ആദ്യ ഔദ്യോഗിക പീറ്റ്‌സ എടിഎം ഒഹായോവിലെ സേവ്യർ യൂണിവേഴ്‌സിറ്റിയിലാണ് സ്ഥാപിച്ചത്.
നോക്കണേ കേരളത്തിൽ ഫാറ്റ് ടാക്‌സ് പിരിക്കുന്ന കാലത്താണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഈ പീറ്റ്‌സ കച്ചവടം. ഒന്നു വിരലമർത്തിയാൽ 24 മണിക്കൂറും ചൂടൻ പീറ്റ്‌സകൾ കൈയിലേക്കു നീട്ടിത്തരുന്നതാണ് യൂണിവേഴ്‌സിറ്റിയിൽ സ്ഥാപിച്ച വെൻഡിങ് മെഷീൻ. 12 ഇഞ്ചിന്റെ പീസിന് ഒൻപതു ഡോളറാണ് വില. ഉപഭോക്താക്കൾക്ക് ടോപ്പിങ് ഏതുവേണമെന്ന് ടച്ച് സ്‌ക്രീനിൽ തൊട്ടുതൊട്ട് തിരഞ്ഞെടുക്കാം.

മൂന്നു മിനിറ്റു കൊണ്ട് ചൂടൻ പീറ്റ്‌സ പെട്ടിയിലാക്കി പൊതിഞ്ഞ് മെഷീൻ കൈയിൽ തരും. ഇന്റേണൽ കൺവെക്ഷൻ ഓവൻ ഉപയോഗിച്ചാണ് വെൻഡിങ് മെഷീനിന്റെ പ്രവർത്തനം. ഒരു തവണ നിറച്ചാൽ 70 പീറ്റ്‌സ വരെ മെഷീൻ തരും. എടിഎം വന്നതിൽപിന്നെ വിദ്യാർഥികളും എന്തിന് സ്കൂൾ അധികൃതർ വരെ ഹാപ്പിയാണ്.

ഫ്രഞ്ച് കമ്പനിയാണ് എടിഎമ്മിന്റെ കണ്ടുപിടിത്തക്കാർ. ഫ്രാൻസിൽ എടിഎം പീറ്റ്സ നേരത്തേയുണ്ടെങ്കിലും യുഎസിൽ ആദ്യമാണ്.
സേവ്യർ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ ശരിക്കും ആവേശത്തിലാണ് എടിഎം മെഷീനിന്റെയും പീറ്റ്‌സയുടെയും കൂടെ നിന്ന് പടമെടുത്തു കൂട്ടുകാരെ കാണിക്കുന്ന തിരക്കിലാണ് അവർ. 70 പീറ്റ്‌സ തീരാൻ അധികം സമയം വേണ്ടി വരില്ല, കാരണം എടിഎം ഇല്ലെങ്കിൽ വിദ്യാർഥികൾക്ക് പിന്നെ പീറ്റ്സ തിന്നാൻ ഡൊമിനോസിൽ പോകണം.