മരിച്ചിട്ടും അവർ തൊട്ടടുത്തുണ്ട്; നിഴലായും നേർത്ത ശബ്ദമായും...

Representative Image

‘ഓർമകൾക്കു മരണമില്ലെന്നു കവി പാടിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ ശാസ്ത്രവും സമ്മതിച്ചിരിക്കുന്നു– പ്രിയപ്പെട്ടവരുടെ ഓർമകൾ മരിക്കില്ല. അവരെപ്പോഴും നമ്മുടെയടുത്തുണ്ടാകും. ശബ്ദമായും ചിലപ്പോൾ ശരീരമായും...’ ഇങ്ങനെയൊക്കെപ്പറഞ്ഞാൽ േകൾക്കുന്നവർ സ്വാഭാവികമായും ചോദിക്കും – ‘വട്ടായാ അളിയാ...?’

Representative Image

അതേ പേടി തന്നെയാണ് അവരും പങ്കു വച്ചത്. മരിച്ചിട്ടും തങ്ങളെ വിട്ടുപോകാൻ മടിക്കുന്നവരെപ്പറ്റി പുറത്തുപറഞ്ഞാൽ ഭ്രാന്താണെന്നു കരുതി നിശബ്ദരായിരിക്കുന്നവരാണത്രേ ഭൂരിപക്ഷം പേരും. പ്രിയപ്പെട്ടവർ മരിച്ചാലും 30 മുതൽ 60 ശതമാനം വരെ പേരും ആ മരിച്ചവരെ വീണ്ടും കാണുകയോ കേൾക്കുകയോ ചെയ്യുന്നുണ്ടെന്നാണ് പുതിയ പഠന റിപ്പോർട്ട്. ഭാര്യ, ഭർത്താവ്, മാതാപിതാക്കൾ, മക്കൾ, സുഹൃത്തുക്കൾ ഇങ്ങനെ വേണ്ടപ്പെട്ടവരെ നഷ്ടപ്പെട്ടു ജീവിക്കുന്ന ഒട്ടേറെപ്പേരോട് സംസാരിച്ചാണ് മിലാൻ സർവകലാശാലയിലെ ഗവേഷകർ ഇതുസംബന്ധിച്ച പഠനറിപ്പോർട്ട് പുറത്തിറക്കിയത്.

Representative Image

വേണ്ടപ്പെട്ടവർ മരിച്ചാലും അവർ ജീവിച്ചിരിപ്പുണ്ടെന്ന തോന്നലുമായി ജീവിക്കുന്നവർ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. പക്ഷേ ഇത്രയും വർധിച്ച തോതിൽ ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നാണ് ഗവേഷകർ പറയുന്നത്. നേരത്തേ യാതൊരു വിധ മാനസിക പ്രശ്നങ്ങളും ഇല്ലാതിരുന്നവരാണ് ഇത്തരത്തിലുള്ള ‘വിഭ്രമാത്മക’ അവസ്ഥകളിലൂടെ കടന്നു പോകുന്നതെന്ന പ്രത്യേകതയുമുണ്ട്. Post-Bereavement Hallucinatory Experiences (PBHEs) എന്നാണ് ഈ അവസ്ഥയ്ക്ക് ശാസ്ത്രം നൽകിയിരിക്കുന്ന പേര്. എന്നാൽ പഠനറിപ്പോർട്ടിലെ ലക്ഷണങ്ങൾ വച്ചു നോക്കുമ്പോൾ പലതും പിബിഎച്ച്ഇയുടെ പരിധിയിൽ നിൽക്കുന്നതല്ലത്രേ. അതിനാൽത്തന്നെ ഈ വിഷയത്തിൽ സൈക്കോളജിക്കൽ–ന്യൂറോട്ടിക് തലത്തിൽ കൂടുതൽ ഗവേഷണം ആവശ്യമുണ്ടെന്നും ജേണൽ ഓഫ് അഫെക്ടീവ് ഡിസോഡേഴ്സിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ നിർദേശിക്കുന്നു.

Representative Image

വലിയ അപകടങ്ങളിൽ നിന്നും മറ്റും രക്ഷപ്പെട്ടവർക്കുണ്ടാകുന്ന പേടിപ്പിക്കുന്ന ഓർമപ്പെടുത്തലുകൾക്ക് സമാനമാണോ ഇതെന്നും പരിശോധിച്ചിരുന്നു. പക്ഷേ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡർ എന്ന അവസ്ഥയെക്കാൾ ഏറെ വ്യത്യസ്തമാണിതെന്നും ഗവേഷകർ പറയുന്നു. ഇംഗ്ലണ്ടിൽ ഇത്തരത്തിൽ ഒട്ടേറെപ്പേരെ കണ്ടു സംസാരിച്ച ജാക്വലിൻ ഹയസ് എന്ന ഗവേഷകയും ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. മരിച്ചവരെ കാണുകയും അവരുടെ ശബ്ദം കേൾക്കുകയും അവരുടെ ഗന്ധമറിയുകയും മാത്രമല്ല പഞ്ചേന്ദ്രിയങ്ങളെയും ബാധിക്കാത്ത ഒരു പ്രത്യേക തരം തോന്നലിലൂടെയും മരിച്ചവരുടെ സാന്നിധ്യം അടുത്തറിയാറുണ്ടെന്നാണു പലരും പറഞ്ഞത്. ചിലരാകട്ടെ മരിച്ചവർ അവരുടെ വീട്ടിലെ പ്രിയപ്പെട്ട കസേരയിലിരുന്നു വിശ്രമിക്കുന്നത് സ്ഥിരമായി കാണാറുണ്ട്. രാത്രി ഉറങ്ങുമ്പോൾ അരികിലിരുന്നു പാട്ടുപാടിത്തരുന്നതും ചിലർ കേൾക്കാറുണ്ട്. ഇത്തരത്തിൽ കാണുന്നവരിൽ ഭൂരിപക്ഷം പേർക്കും ആ ‘മരണാനന്തര’ ബന്ധം ആശ്വാസമായിട്ടാണ് അനുഭവപ്പെടുന്നത്. അതിനാൽത്തന്നെ പ്രശ്നം ചികിൽസിച്ച് മാറ്റണമെന്നും പലർക്കും തോന്നുന്നുമില്ല. മാത്രവുമല്ല, ഇതിപ്പോൾ പലരുടെയും ജീവിതത്തിന്റെ ഭാഗം തന്നെയാണ്. പെട്ടെന്നൊരുനാൾ അവരെ വീണ്ടും നഷ്ടപ്പെട്ടാൽ അതിനെപ്പറ്റി ആലോചിക്കാൻ പോലും പറ്റുന്നില്ലെന്നാണ് ഭൂരിപക്ഷം പേരും പറഞ്ഞത്. ഈ ഓർമകൾ നിലയ്ക്കല്ലേ എന്നു തന്നെയാണവരുടെ പ്രാർഥന...