കറുത്ത പെൺകുട്ടിയുടെ പ്രശ്നങ്ങൾ

കൊച്ചി ദർബാർ ഹാൾ ആർട് ഗാലറിയിൽ ‘ഇമോ’ ഇമോഷനൽ ഹാർഡ്കോർ ഫൊട്ടോഗ്രഫി എക്സിബിഷനിലെ ചിത്രത്തിനു മുൻപിൽ ഫൊട്ടോഗ്രഫർ ജി. ഹരികൃഷ്ണനും മോഡൽ പ്രിയാ റോസും. ആറു ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ചിത്രം. മനോരമ

കറുത്ത നിറത്തിൽ ഭൂമിയിൽ ഒരേയൊരു പെൺകുട്ടി മാത്രമായിരിക്കില്ല ജനിച്ചത്. അവർ ഒട്ടേറെ പേരുണ്ടായേക്കാം. നിറം പോലെ അവരുടെ മനസും ഒന്നായിരിക്കുമോ..? ഈ അന്വേഷണമാണു ഫൊട്ടോഗ്രഫർ ജി. ഹരികൃഷ്ണന്റെ ‘ഇമോ-ഇമോഷണൽ ഹാർഡ് കോർ’ എന്ന ഫോട്ടോ പ്രദർശനം. കറുത്ത നിറക്കാരിയായ പെൺകുട്ടി ജീവിതത്തിൽ നേരിടുന്ന സ്വത്വപ്രതിസന്ധിയും ബഹുമുഖ പ്രശ്നങ്ങളുമാണു ഹരികൃഷ്ണന്റെ ക്യാമറ പകർത്തിയത്. ലോകത്തെല്ലായിടത്തും കറുത്ത പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ ഒന്നുതന്നെയെന്നു കലാകാരൻ വെളിപ്പെടുത്തുന്നു. കറുപ്പിന്റെ അഴകുകൾ പീലി വിടർത്തുന്ന ആറു ചിത്രങ്ങളിലൂടെയാണ് ‘വനിത’ ഫൊട്ടോഗ്രഫറായ ഹരികൃഷ്ണൻ കറുത്ത പെൺകുട്ടിയുടെ പ്രകാശമാനമായ കഥ പറയുന്നത്.

കൊച്ചി ദർബാർ ഹാളിൽ ഇമോഷനൽ ഹാർഡ്കോർ ഫൊട്ടോഗ്രഫി എക്സിബിഷൻ ‘ഇമോ’ സിനിമ സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ ഉദ്ഘാടനം ചെയ്യുന്നു. ഉമാ പ്രേമൻ, മാർട്ടിൻ പ്രക്കാട്ട്, ഫാ. ജോസ് പാലാട്ടി, പ്രിയാ റോസ്, ഫൊട്ടോഗ്രഫർ ജി. ഹരികൃഷ്ണൻ എന്നിവർ സമീപം. ചിത്രം: ജോസുകുട്ടി പനയ്ക്കൽ

ചിത്രകലയുടെയും ഫോട്ടോ ജേണലിസത്തിന്റെയും സങ്കേതങ്ങൾ സമന്വയിക്കുന്ന ഫോട്ടോകളാണിത്. സ്ത്രീയുടെ വിവിധ ഭാവങ്ങളെ, മനഃക്ലേശങ്ങളെ, സ്വത്വബോധത്തെ എല്ലാം ഇമോ–ഇമോഷണൽ ഹാർഡ് കോർ പ്രതിനിധാനം ചെയ്യുന്നു. മോഡൽ പ്രിയാ റോസാണു വ്യത്യസ്ത ഭാവങ്ങളോടെ ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത്. സാധാരണ ലൈറ്റുകൾ ഉപയോഗിച്ചായിരുന്നു ചിത്രീകരണം. ദർബാർ ഹാൾ ആർട് ഗ്യാലറിയിലെ പ്രദർശനം സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ ഉദ്ഘാടനം ചെയ്തു. ഉമാ പ്രേമൻ, സംവിധായകൻ മാർട്ടിൻ പ്രക്കാട്ട്, ഫാ. ജോസ് പാലാട്ടി എന്നിവർ പ്രസംഗിച്ചു. പ്രദർശനം 30 ന് സമാപിക്കും.

ചിത്രപ്രദർശനത്തിൽ നിന്ന്. ചിത്രം: ജോസുകുട്ടി പനയ്ക്കൽ
ചിത്രപ്രദർശനത്തിൽ നിന്ന്. ചിത്രം: ജോസുകുട്ടി പനയ്ക്കൽ