Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഞ്ചാബി എപ്പോഴും ഹാപ്പിയാണ്

Bhangra എല്ലുമുറിയെ പണിയെടുക്കുക, മനസ്സിനു തൃപ്തി വരുന്നതുവരെ ആഘോഷിക്കുക- ഇതാണു പഞ്ചാബി മോഡൽ.

നിറങ്ങളുടെ ജുഗൽ ബന്ദിയാണു പഞ്ചാബ്. ഒറ്റ ഫ്രെയിമിൽ ഒരായിരം നിറങ്ങൾ മിന്നിമറയുന്ന സജ്ഞയ് ബൻസാലി ചിത്രത്തിലെ പാട്ടുസീൻ പോലെയാണു ഈ സംസ്ഥാനത്തെ കാഴ്ചകൾ. ഗോതമ്പും കരിമ്പും വിളഞ്ഞുനിൽക്കുന്ന പാടങ്ങളിൽ, തലപ്പാവും കുർതയും പൈജാമയും പട്യാല ചുരിദാറുമൊക്കെയായി നീളുന്ന വസ്ത്രങ്ങളിൽ, ഭാംഗ്ഡയുടെ ചടുല താളത്തിൽ എല്ലാം കാഴ്ചകളുടെ നിറക്കൂട്ട് കാണാം. ന്യൂജൻ  ഭാഷയിൽ, ശരാശരി പഞ്ചാബി ജീവിതവും കട്ട കളർഫുളാണ്. എല്ലുമുറിയെ പണിയെടുക്കുക, മനസ്സിനു തൃപ്തി വരുന്നതുവരെ ആഘോഷിക്കുക- ഇതാണു പഞ്ചാബി മോഡൽ. വർക് ഹാർഡ്, പാർട്ടി ഹാർഡർ എന്നു എംബിഎക്കാർ ഇതിനെ പരിഷ്കരിച്ചു പറയും.

golden-temple


പഞ്ചാബി എപ്പോഴും ഹാപ്പിയാണ്. മല്ലൂസിനെപ്പോലെ മസിലുപിടിച്ചു നിൽക്കുന്ന പഞ്ചൂസിനെ (മല്ലു മോഡലിൽ പഞ്ചാബിയെ ഒന്നു മാറ്റിപ്പിടിച്ചതാ) കാണാനേ കഴിയില്ല. ആറരയടി പൊക്കവും വില്ലുപോലെ അറ്റംവളച്ച മീശയുമൊക്കെയുണ്ടാകും. സംസാരിച്ചു തുടങ്ങിയാൽ അഞ്ചാം വാചകത്തിൽ ആളൊരു തമാശ പൊട്ടിച്ചിരിക്കും. സർദാജി തമാശകൾ എന്ന പേരിൽ ഒരു ഹാസ്യ ശാഖ തന്നെയുണ്ടല്ലോ. സ്നേഹിച്ചാൽ ചങ്കുപറിച്ചു തരും, ഇടയാനാണെങ്കിൽ മുണ്ട് മടക്കിക്കുത്താനും അവർക്ക് നന്നായി അറിയാം.


ധൈര്യവും ഫലിതവും തന്നെയാണു പഞ്ചാബികളുടെ മുഖമുദ്ര. ജീവിത സാഹചര്യങ്ങൾ തന്നെയാകണം അവർക്കു ഈ രണ്ടു ഗുണങ്ങൾ നൽകിയത്. പഞ്ചാബികളെപ്പോലെ പരീക്ഷണങ്ങൾ നേരിട്ടൊരു സംസ്ഥാനം ഇന്ത്യയിൽ വേറെയുണ്ടാകില്ല. ഇന്ത്യ-പാക്കിസ്ഥാൻ വിഭജനത്തിനു ഏറ്റവും കൂടുതൽ വിലകൊടുത്തതു പഞ്ചാബികളാണ്. എത്ര കുടുംബങ്ങളാണു ജീവിതത്തിലെ സമ്പാദ്യങ്ങളെല്ലാം പാക്കിസ്ഥാനിലുപേക്ഷിച്ച് ഇന്ത്യയിലേക്കു പലായനം ചെയ്യാൻ നിർബന്ധിതരായത്.

ചാർളി ചാപ്ലിൻ പറഞ്ഞതുപോലെ, ജീവിതത്തിലെ ദുഖങ്ങളാകണം പ‍ഞ്ചാബികളെ എല്ലാത്തിലും തമാശ കണ്ടെത്താൻ അവരെ പഠിപ്പിച്ചത്. പഞ്ചാബികളുടെ ധൈര്യത്തെക്കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ-ഷഹീദ്  ഭഗത് സിങ്, ഉദ്ദം സിങ് തുടങ്ങി എത്ര പേരുകളാണ് ധൈര്യത്തിന്റെ പ്രതിരൂപങ്ങളായി ചരിത്രത്തിൽ തിളങ്ങിനിൽക്കുന്നത്. ഡൽഹി സർവകലാശാലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ സ്വന്തം നിലപാട് ചങ്കൂറ്റത്തോടെ വിളിച്ചു പറഞ്ഞതു ഒരു പഞ്ചാബി പെൺകൊടിയായിരുന്നു- ഗുർമെഹർ കൗർ.

punjab-holi


നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷമാണെന്നാണു നമ്മുടെ പ്രിയ നടൻ ചോദിക്കുന്നത്. പഞ്ചാബികളുടെ സ്വഭാവം പക്ഷേ, മറ്റൊന്നാണ്- ആഘോഷമില്ലാതെ എന്ത് ജീവിതം? ഹോളി, ദീപാവലി, വൈശാഖി, ലോഹഡി, മാഗി, രാക്ഡി-എല്ലാം അതിന്റേതായ രീതിയിൽ തന്നെ പഞ്ചാബി ആഘോഷിക്കും. പഞ്ചാബി ജീവിതത്തിന്റെ ചടുലതയെല്ലാം നിറയുന്ന ഭാംഗ്ഡ നൃത്തം ആഘോഷങ്ങളിൽ ഒഴിച്ചുകൂടാനാകാത്തതാണ്. അതിനു അകമ്പടിയായി ധോലിന്റെ (ഡ്രം) മുഴക്കവും ധോലകിന്റെ താളവുമുണ്ടാകും. പരമ്പരാഗത നൃത്തമായ ഗിദ്ദയിലൂടെ സ്ത്രീകളും ആഘോഷത്തിനു മാറ്റുകൂട്ടും.


കുർതയും പൈജാമയുമാണു പുരുഷന്മാരുടെ പരമ്പരാഗത വേഷം. സിഖ് വിശ്വാസികൾ അതിനൊപ്പം തലപ്പാവ് ധരിക്കും. പ്രശസ്തമായ പട്യാല ചുരിദാറാണു സ്ത്രീകളുടെ ഇഷ്ടവസ്ത്രം. ചുട്ടീസ് എന്നറിയപ്പെടുന്ന കൂർത്ത അറ്റമുള്ള ചെരിപ്പ് പുരുഷന്മാരും സ്ത്രീകളും ഉപയോഗിക്കും (ബോളിവുഡ് ചിത്രങ്ങളിൽ രാജാക്കന്മാർ ഉപയോഗിക്കുന്ന ആ സാധനം തന്നെ ).

Punjabi-Girls ആഘോഷമില്ലാതെ എന്ത് ജീവിതം?.ഹോളി, ദീപാവലി, വൈശാഖി, ലോഹഡി, മാഗി, രാക്ഡി-എല്ലാം അതിന്റേതായ രീതിയിൽ തന്നെ പഞ്ചാബി ആഘോഷിക്കും.


'ബൂസ്റ്റ് ഈസ് ദി സീക്രട്ട് ഓഫ് മൈ എനർജി' എന്നു സച്ചിനു പറയാം. എന്നാൽ, പഞ്ചാബികളുടെ ആരോഗ്യത്തിന്റെ രഹസ്യം പാലും ഗോതമ്പുമാണ്. ഈ രണ്ടു വിഭവങ്ങളും പഞ്ചാബികളുടെ ഭക്ഷണത്തിൽ നിന്നൊഴിവാക്കാനാവില്ല. വൈവിധ്യമാർന്ന ചിക്കൻ വിഭവങ്ങളാണു പഞ്ചാബിലെ മറ്റൊരു പ്രധാന ഭക്ഷണം. തിരിച്ച് കടിക്കാത്തതെന്നും കഴിയ്ക്കുമെന്നതാണു പഞ്ചാബികളുടെ ഭക്ഷണ രീതി. എന്നാൽ, ഒരു കാര്യം ശ്രദ്ധിക്കും- നോൺ വെജ് വിഭവങ്ങൾ പോലെ പഴവും പച്ചക്കറി വിഭവങ്ങളും അവർ ഭക്ഷണത്തിൽ ഉൾപ്പെടുത്തും.
രാജ്യത്തിന്റെ രണ്ട് അറ്റത്ത് കിടക്കുന്ന സംസ്ഥാനങ്ങളാണെങ്കിലും കേരളവും പഞ്ചാബും തമ്മിൽ രണ്ടു കാര്യങ്ങളിൽ സാമ്യമുണ്ട്. ഒന്ന് വൈകീട്ടത്തെ പരിപാടിയിൽ തന്നെ. മദ്യ ഉപഭോഗത്തിൽ രാജ്യത്ത് മുന്നിൽ നിൽക്കുന്ന രണ്ടു സംസ്ഥാനങ്ങളാണു കേരളവും പഞ്ചാബും. ജീവിത സ്വപ്നം തേടി വിദേശത്തു പോകുന്നതിലും ഇരു സംസ്ഥാനങ്ങളും ഒരേ ചേരിയിലാണ്. നീൽ ആംസ്ട്രോങ് ചന്ദ്രനിലെത്തിയപ്പോൾ ചായക്കട നടത്തുന്ന മലയാളിയെ മാത്രമല്ല, ടാക്സി കാർ ഓടിക്കുന്ന പഞ്ചാബിയേയും കണ്ടിരുന്നുവെന്നാണു കഥ. അതാണു പഞ്ചാബി ഡാാാാ......

Your Rating: