Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തരരാഷ്ട്രീയത്തിന്റെ ഹൃദയഭൂമിയിലൂടെ ഒരു യാത്ര

UP-Border ആഗ്രയിലെ ആകാശത്ത് പറക്കുന്ന പട്ടങ്ങൾ പോലെയാണ് ഉത്തർപ്രദേശിന്റെ ജീവിതം. പല നിറങ്ങളിൽ പല രൂപങ്ങളിൽ താഴ്ന്നും ഉയർന്നും അത് കാറ്റിനോട് മല്ലിട്ടുകൊണ്ടേയിരിക്കും.

ബുദ്ധന്റെ നാടായ നേപ്പാളിലെ ലുംബിനി കണ്ട് മടങ്ങുന്ന വഴി. ഉത്തർപ്രദേശിലെ സൊനൗലിയെന്ന അതിർത്തി ഗ്രാമം വഴിയാണ് യാത്ര. ഖൊരക്പൂരിനടുത്താണ് ഈ ഗ്രാമം. നേപ്പാളി കാഴ്ചയൊക്കെ ആസ്വദിച്ച് തിരിച്ച് ഇന്ത്യയിലെത്തിയപ്പോഴേക്കും നേരം രാത്രിയായിരുന്നു. അന്തിയുറങ്ങാൻ ഖൊരക്പുരിലെത്തണം. പക്ഷേ ഒരു വാഹനവും പോകാൻ കൂട്ടാക്കുന്നില്ല. ബസ് സർവീസുമില്ല. റോഡിൽ അന്തംവിട്ട് നടക്കുന്നതിനിടെയാണ് ഒരാൾ സഹായത്തിനെത്തിയത്. ഹിന്ദി സിനിമയിലെ വില്ലന്മാരെ പോലെ തോളിൽ ഷാളൊക്കെ ചുറ്റി, പാൻ ചവച്ച് ഒരാജാനുബാഹു. കാര്യം പറഞ്ഞു. നേരത്തേ പോകില്ലെന്നു പറഞ്ഞ ജീപ്പുകാരൊക്കെ അയാൾ പറഞ്ഞപ്പോൾ പോകാൻ തയാർ. ഇതെന്താ ഇയാൾക്കിത്ര പ്രത്യേകതയെന്നോർത്ത് നന്ദി പറഞ്ഞ് മടങ്ങാനൊരുങ്ങിയപ്പോഴാണ് കൂട്ടത്തിലൊരുത്തൻ അയാളുടെ അരക്കെട്ടിലേക്ക് വിരൽ ചൂണ്ടിയത് – തോക്ക്! ആ ഏരിയയിലെ ദാദയാണ് കക്ഷി. അവിടുത്തെ അവസാന വാക്ക്. വികസനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുമ്പോഴും ഉത്തർപ്രദേശിലെ കാഴ്ചകളും ജീവിതരീതികളും ഇങ്ങനെ ചിലതും കരുതിവയ്ക്കുന്നുണ്ട്.

Nepal-Border

താജ്മഹലിന്റെയും കാൺപുർ നഗരത്തിന്റെയും വാരാണസിയുടെയും പുറംലോക കാഴ്ചകൾ മാത്രമല്ല ‘ബോജ്പുരി’ ജീവിതം. സ്ട്രീറ്റിലെ പാനിപുരിയും തീയറ്ററിലെ മസാലപടവും പാൻമസാല മണക്കുന്ന തെറിവിളികളും അടിപിടിയുമെല്ലാം നഗരജീവിതത്തിലെ സാധാരണ കാഴ്ചകളാണ്. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ബ്രാൻഡഡ് വസ്ത്രങ്ങളും കൂളിങ് ഗ്ലാസുകളും സ്റ്റിക്കറൊട്ടിക്കാൻ ഇനിയിടം ബാക്കിയില്ലാത്ത ബൈക്കുകളും സിനിമാപാട്ടുകളും ഇവിടെ ആഘോഷമൊരുക്കുന്നു. ഘോഷയാത്രയാകുന്ന കല്യാണങ്ങളാണ് മറ്റൊന്ന്. കുതിരപ്പുറത്തേറി വരുന്ന കല്യാണചെക്കനും ബാൻഡ് മേളവുമെല്ലാം കേരളത്തിൽ നിന്ന് വരുന്നവന് വേറിട്ട കാഴ്ചകളാണ്. ഈ നിറങ്ങളൊക്കെ പെയ്യുന്ന നഗരത്തിലെ റയിൽവേ േസ്റ്റഷൻ മുറ്റത്ത് രാത്രിയാകുമ്പോൾ തേനീച്ചക്കൂട്ടങ്ങളെപ്പോലെ മനുഷ്യരെത്തും. സമ്മേളനമൊന്നുമല്ല, അന്തിയുറങ്ങാനാണ്. ശരീരം തുളക്കുന്ന തണുപ്പിൽ കരിമ്പടം പോലുമില്ലാതെ നിരന്നുറങ്ങുന്നവർക്കിടയിൽ പല കച്ചവടങ്ങൾ; കഞ്ചാവ് തൊട്ട് ശരീരം വരെ. അവിടെ കുട്ടികളെന്നോ മുതിർന്നവരെന്നോ കണക്കുകളൊന്നുമില്ല.

India-Nepal-Border

നഗരം വിട്ട് ഗ്രാമങ്ങളിലേക്ക് പോകുമ്പോൾ ഉത്തർപ്രദേശിന്റെ ‘പ്രൊഫൈൽ പിക്ചർ’ മാറും. മണ്ണിനോട് ചേർന്നു നിൽക്കുന്ന മനുഷ്യർ, കൃഷിയിടങ്ങൾ, പരമ്പരാഗത രുചികൾ..അങ്ങനെ വ്യത്യസ്തമായ കാഴ്ചകൾ. ദാരിദ്ര്യത്തിന്റെ കണക്കുകളിലാണ് ജീവിതമെങ്കിലും പരാതികളില്ലാതെ ജീവിതത്തോട് പൊരുതുന്നവരാണ് പൊതുവേ ഗ്രാമവാസികൾ. ഖൊരക്പുരിൽ നിന്ന് കുറച്ചു മാറി, കുശിനഗരയെന്ന ഗ്രാമപ്രദേശത്തെത്തുമ്പോഴും അവസ്ഥ ഇതു തന്നെ. കരിമ്പിൻ തോട്ടങ്ങളും കടുക് പാടങ്ങളുമാണ് പ്രധാന കാഴ്ച. വലിയ മുതലാളിമാരുടേതാണ് കരിമ്പിൻ തോട്ടങ്ങളെല്ലാം. ഗ്രാമവാസികൾ കുടുംബസമേതം ഇവിടെ പണിയെടുക്കുന്നു. സ്കൂളും വിദ്യാഭ്യാസവുമൊന്നും നേരിട്ട് വിശപ്പ് മാറ്റില്ലെന്നതുകൊണ്ടാവും, ചെറിയ കുട്ടികൾ വരെ അതികാലത്തെഴുന്നേറ്റ് ജോലിക്കായി കരിമ്പിൻ പാടങ്ങളിലെത്തും. ജാതി സമവാക്യങ്ങളാണ് ഇവിടെ തൊഴിലും കൂലിയും നിശ്ചയിക്കുന്നത്; യോഗ്യതകളല്ല.

Gorakhpur-Street-Food-Naseel

ഉൾനാടൻ പട്ടണങ്ങളുടെയും ഗ്രാമത്തിന്റെയും രീതികളിൽ നിന്ന് വേറിട്ടതാണ് വാരാണാസിയുടെയും ആഗ്രയുടെയും ജീവിതം. ഒരു സംസ്ഥാനത്തിന്റെ ഭാഗമാണെങ്കിലും സാമ്പത്തികമായി മുന്നിലാണ് ഇവരുടെ സ്ഥാനം. വിനോദസഞ്ചാരികളെ ലക്ഷ്യം വച്ചുള്ള മാർക്കറ്റുകളും സൗകര്യങ്ങളുമെല്ലായിടത്തുമുണ്ട്. വാരാണസിയിൽ ഗലികളിലെക്ക് വാതിൽ തുറക്കുന്ന ചെറുവീടുകളുടെ തിണ്ണയിൽ വരെ വിനോദസഞ്ചാരത്തിന്റെ സ്വാധീനം കാണാം; കുറഞ്ഞ ചിലവിൽ ചുടുദോശ കിട്ടുന്ന കേന്ദ്രങ്ങളാണിത്. പട്ടിന്റെ പെരുമയാണ് വാരാണാസി അഥവാ ബനാറസിന്റെ മറ്റൊരു ഹൈലൈറ്റ്. ഇത്തരം കടകളിലേറെയും വിനോദസഞ്ചാരികളെ ലക്ഷ്യം വച്ചുള്ളതാണ്. തൊട്ടാൽ പൊള്ളുന്ന വില! മൊത്തത്തിൽ ഒരു ഭക്തി ഫീൽ നിറഞ്ഞു നിൽക്കുന്ന കാഴ്ചകളും വിപണിയുമായത് കൊണ്ടു തന്നെ സിനിമാപാട്ടിനെക്കാൾ ഭക്തിഗാനങ്ങള്‍ കേൾക്കാം. അതിന്റെ ഓളത്തിൽ, സന്യാസിമാരും സന്യാസിമാരായി അഭിനയിക്കുന്നവരുമൊക്കെ കാശിയുടെ തീരങ്ങളിലങ്ങനെ ഒഴുകും.

ലോകത്തിലെ എണ്ണം പറഞ്ഞ കാഴ്ചകളുള്ള നഗരമായതു കൊണ്ടാവണം, സാമാന്യം വൃത്തിയുള്ള പട്ടണമാണ് ആഗ്ര. യമുനയുടെ മരണവും മാറുന്ന കാലാവസ്ഥയുമൊന്നും ഇവിടുത്തെ കച്ചവടങ്ങളെയോ ജീവിതരീതിയെയോ ഒരു പരിധിവിട്ട് ബാധിച്ചിട്ടില്ല. ലെതർ ഉത്പന്നങ്ങളാണ് പ്രധാന ഐറ്റം. ചെരുപ്പ്, ബാഗ്, ജാക്കറ്റ്, ബെൽട്ട്...അങ്ങനെ എവിടെ നോക്കിയാലും ലെതർ മയം. 2 – 3 മണിക്കൂർ ദൂരത്തിൽ ഇന്ദ്രപ്രസ്ഥമുള്ളതുകൊണ്ടും, ലോകസഞ്ചാരികളെത്തുന്നതുകൊണ്ടുമാവും മോഡേൺ വസ്ത്രങ്ങളാണ് ആഗ്രയ്ക്ക് പ്രിയം. ബുർഖയിട്ട മുഖങ്ങളിലെ കണ്ണെഴുത്തിൽ പോലും കാണാം; ഒരു ബോളിവുഡ് ടച്ച്.

ആഗ്രയിലെ ആകാശത്ത് പറക്കുന്ന പട്ടങ്ങൾ പോലെയാണ് ഉത്തർപ്രദേശിന്റെ ജീവിതം. പല നിറങ്ങളിൽ പല രൂപങ്ങളിൽ താഴ്ന്നും ഉയർന്നും അത് കാറ്റിനോട് മല്ലിട്ടുകൊണ്ടേയിരിക്കും. ഒരു പട്ടത്തിന്റെ ദിശയാവില്ല, മറ്റേയറ്റത്തെ പട്ടത്തിന്. എല്ലാത്തിനെയും ഒരു നൂലിലേക്ക് ഒരിക്കലും കൂട്ടിക്കെട്ടാനുമാവില്ല.