ക്വട്ടേഷൻ തലവനുമായി മുഖാമുഖം

Representative Image

കാമുകൻ കഞ്ചാവിനടിമയാണെന്ന് അറിഞ്ഞിട്ടുപോലും പ്രേമത്തിന്റെ ബലത്തിൽ എന്തിനും പോരുന്ന ഇൗ പെൺകുട്ടി കോട്ടയം നഗരത്തിലെ ഒരു കോളജിലെ വിദ്യാർഥിനിയാണ്. ജില്ലയിൽ ഒരുമാസം മുൻപു നടന്ന ആരെയും െഞട്ടിക്കുന്ന സംഭവം മനോരമയുമായി പങ്കുവച്ചത് ജില്ല കേന്ദ്രമാക്കി കേരളത്തിലെമ്പാടും പ്രവർത്തിക്കുന്ന ഒരു ക്വട്ടേഷൻ സംഘത്തിന്റെ തലവൻ തന്നെയാണ്.

നഗരത്തിലെ തന്നെ മറ്റൊരു കോളജിൽ പഠിക്കുന്ന വിദ്യാർഥിയുടെ കയ്യും കാലും തല്ലിയൊടിക്കാനുള്ള ക്വട്ടേഷൻ ഈ സംഘത്തിനു കിട്ടിയതാണ് ആദ്യ സീൻ. പതിനായിരം രൂപ അഡ്വാൻസ് ലഭിച്ചു. ആവശ്യവുമായി വന്നവർക്കു പിള്ളേരുകളി ലക്ഷണം കണ്ടതുകൊണ്ടു ക്വട്ടേഷൻ നടപ്പാക്കും മുൻപ് അന്വേഷിക്കാൻ തീരുമാനിച്ചു. കഞ്ചാവിന് അടിമയായ കാമുകനുമായി ഒരു പെൺകുട്ടിക്കു ശരിക്കും പ്രേമം. ഇതിനിടയിൽ മറ്റൊരു വിദ്യാർഥി പെൺകുട്ടിയോട് അടുക്കാൻ ശ്രമിച്ചു. കാമുകൻ രാത്രി തന്നെ പെൺകുട്ടിയുടെ വീട്ടിലെത്തി കല്യാണക്കാര്യം അവതരിപ്പിക്കുന്നു. വിവാഹം ഉറപ്പിച്ചില്ലെങ്കിൽ വേറെ ആരെങ്കിലും പ്രേമിച്ചാലോ എന്നൊക്കെയുള്ള വെപ്രാളം.

ചെക്കന്റെ വെപ്രാളവും പരവേശവും കണ്ടു പെൺകുട്ടി ഒഴികെ വീട്ടിലെല്ലാവരും ഞെട്ടി. എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു വിട്ടു. കാമുകൻ പിന്നെ നേരെ പോയത് പ്രേമിക്കാൻ ഇറങ്ങിപ്പുറപ്പെട്ട മറ്റേ വിദ്യാർഥിയുടെ വീട്ടിലേക്കാണ്. അവിടെ ചെന്നു വിരട്ടുന്നു. ആ വിദ്യാർഥിയുടെ അച്ഛൻ വിരട്ടുന്നതിന്റെ വിഡിയോ വരെ എടുത്തുവച്ചു. സീൻ അവിടെ കഴിഞ്ഞെങ്കിലും കഞ്ചാവ് കാമുകൻ തന്റെ കാമുകിയുടെ പിന്നാലെ നടക്കുന്നവന്റെ കാലും കയ്യും ഒടിക്കാൻ ക്വട്ടേഷൻ നൽകി. തിരിച്ചറിയാൻ ഫോട്ടോയും കൊടുത്തു.

വഴിതെറ്റലിന്റെ മുനമ്പത്ത് കോട്ടയത്തെ യുവാക്കൾ?- അന്വേഷണ പരമ്പരയുടെ ഒന്നാം ഭാഗം വായിക്കാം

Representative Image

കോട്ടയം നഗരത്തിൽ ആർമി റിക്രൂട്മെന്റിൽ പങ്കെടുക്കാൻ വന്ന ചെക്കനെ അവിടെവച്ചു ക്വട്ടേഷൻ സംഘം നോട്ടമിട്ടെങ്കിലും കൈകാര്യം ചെയ്തില്ല. പിന്നീട് അന്വേഷിച്ചു വന്നപ്പോഴാണ് പ്രേമകഥയുടെ പിന്നാമ്പുറം അറിയുന്നത്. പട്ടാളത്തിൽ എടുക്കുന്നതിന്റെ പട്ടികയിൽ ഈ പയ്യന്റെ പേരുള്ളതുകൊണ്ട് പോയി രക്ഷപെട്ടോട്ടെയെന്നു കരുതി ക്വട്ടേഷൻ ഗ്യാങ് ‘പരിപാടി’ നീട്ടിവച്ചു. ക്വട്ടേഷൻ നീണ്ടു പോകുകയാണ്, പണം വാങ്ങിയിട്ട് ഇപ്പരിപാടി ശരിയാവില്ലെന്നു പറഞ്ഞ് കഞ്ചാവ് കാമുകൻ ഓൺലൈനിൽ തന്നെയുണ്ട്.

ഒരാഴ്ചയ്ക്കുള്ളില്‍ മോഷണത്തിനും പിടിച്ചുപറിക്കും പിടിയിലായത് 13 യുവാക്കളാണ്. അതും 17 വയസ്സുവര‌െയുള്ളവർ. ആ പശ്ചാത്തലത്തിൽ സജീവമായി ക്വട്ടേഷൻ രംഗത്ത് നിൽക്കുന്നയാളിനോട് കാര്യങ്ങൾ തിരക്കാനുള്ള അവസരം പാഴാക്കിയില്ല.

ക്വട്ടേഷൻ ഗ്യാങിൽ ചേരാൻ ആൾക്കാരെ കിട്ടാനുണ്ടോ?

പയ്യന്മാർ ഇഷ്ടംപോലെ വരുന്നു. എല്ലാവരും കഞ്ചാവും കള്ളും ഉപയോഗിച്ച് ചാനൽ നഷ്ടപ്പെട്ടവർ. അങ്ങനെയുള്ളവരെ വച്ചു പരിപാടിക്കു പോകാൻ പറ്റില്ല. ക്വട്ടേഷനു പോയാലും ഒരു മര്യാദയൊക്കെ വേണ്ടേ...

സ്കൂൾ കോളേജ് വിദ്യാർഥികളാണോ കൂടുതൽ സംഘത്തിൽ ചേരുന്നത്? എങ്ങനെയാണ് ഇവരെത്തുന്നത്?

കോളേജിലും പ്ലസ്ടു സ്കൂളിലുമൊക്കെ ചേർന്നു ചില ചെറിയ തല്ലൊക്കെ നടക്കാറുണ്ട്. കോട്ടയം നഗരത്തിലെ കോളേജുകളിൽ ഇതു പതിവാണ്. അവിടെ നമ്മൾ ഇടപെടും. ഏതെങ്കിലും ഒരു വിഭാഗത്തെ സഹായിക്കും. തിരിച്ചടിക്കാൻ നമ്മൾ തന്നെ നേരിട്ടിറങ്ങും. ഇതോടെ നമ്മളോട് അടുപ്പവും കടപ്പാ‌ടുമായി. പിന്നെ ചെറിയ പരിപാടിക്കൊക്കെ നമ്മൾ ഇവരോടു പറയും, ഇവരെയും കൂട്ടും. പക്ഷേ ഇപ്പോൾ എല്ലാ ചെറിയ പ്രശ്നങ്ങളും ലഹരിയുടെ അകമ്പടിയാണെന്നതില്‍ തർക്കമില്ല പിന്നെ നമ്മുടെ ഗ്യാങാണെന്നു പറയുന്നതിൽ അവര്‍ക്ക് അഭിമാനം കാണുകയാണ് ചില പിള്ളേർ. ഞങ്ങളു‌ടെ സംഘത്തിൽ ഇല്ലാത്തവർ പോലും പലയിടത്തും നമ്മളുടെ പേരിൽ പണി ന‌ടത്തുന്നുവെന്നാണ് േകൾക്കുന്നത്.

വാട്സാപ്പിലെ പാവയ്ക്കയും മധുരനാരങ്ങയും-അന്വേഷണ പരമ്പരയുടെ രണ്ടാം ഭാഗം വായിക്കാം