പീഡനത്തിനിരയായ യുവതിക്ക് ചാരിത്യ്ര പരീക്ഷ

ആധുനിക കാലഘട്ടത്തിലും ഇൗ വിധത്തിൽ അഗ്നിപരീക്ഷകളോ എന്നു തോന്നിപ്പോവും ഗുജറാത്തിൽ അടുത്തിടെയുണ്ടായ സംഭവം കേട്ടാൽ. പീഡനത്തിനിരയായ യുവതിയാണ് സമൂഹത്തിൽ നിന്ന് യാതൊരു ദാക്ഷിണ്യവുമില്ലാത്ത നടപടി നേരിട്ടു കൊണ്ടിരിക്കുന്നത്. പീഡനത്തിനിരയായി ഗർഭിണിയായ യുവതിയ്ക്ക് ചാരിത്യ്രശുദ്ധി തെളിയിച്ചാൽ മാത്രമേ ഭർത്താവിനും കുഞ്ഞിനുമൊപ്പം കഴിയാനാവൂ എന്നാണ് സമുദായത്തിന്റെ കൽപ്പന. 40കിലോ ഭാരമുള്ള പാറക്കെട്ട് തലയിൽ ചുമന്നാണ് യുവതി തന്റെ ചാരിത്യ്രം തെളിയിക്കേണ്ടത്. ബലാത്സംഗത്തെ അതിജീവിച്ച യുവതിയ്ക്ക് ഗുജറാത്ത് ഹൈക്കോടതി അബോർഷൻ നിഷേധിച്ചതിനു പിന്നാലെയാണ് മറ്റൊരു അഗ്നി പരീക്ഷണം കൂടി നേരിടേണ്ടി വന്നിരിക്കുന്നത്.

ഗർഭച്ഛിദ്രത്തിനുള്ള അനുമതി നിഷേധിച്ച കോടതി പ്രസവം കഴിഞ്ഞാലുടൻ കുഞ്ഞിനെ ഓർഫനേജിലേക്കു കൈമാറാണമെന്നും നിർദ്ദേശിച്ചിരുന്നു. വിവാഹിതയായിരിക്കെ പീഡനത്തിനിരയായ സ്ത്രീയ്ക്ക് ഭർത്താവിനും കുട്ടിയ്ക്കുമൊപ്പം താമസിക്കണമെങ്കിൽ അഗ്നിപരീക്ഷ വിജയിച്ചിരിക്കണമെന്ന തീർപ്പു കൽപ്പിച്ച സമുദായത്തിന്റെ തീരുമാനത്തിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. അതേസമയം പീഡിപ്പിച്ച യുവാവ് പുറത്തു വന്നാലുടൻ കൊല്ലുമെന്ന ഭയത്തിലാണ് താൻ കഴിയുന്നതെന്ന് യുവതി പറഞ്ഞു. പുരാണങ്ങളിൽ പ്രതിപാദിക്കുന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത അഗ്നിപരീക്ഷകൾ ഇന്ത്യയിൽ ഇന്നും പല കുഗ്രാമങ്ങളിലും അനുവർത്തിക്കുന്നുണ്ടെന്നതും അതിശയകരമാണ്.