ദൈവത്തിന്റെ കണ്ണ്

സ്വന്തം നാട്ടിലെ കാഴ്ചകൾ ആകാശത്തിരുന്നു കണ്ടു സംപ്രീതനായ ദൈവം, കേരളത്തിനു സമ്മാനിച്ചതു വിനോദസഞ്ചാര മേഖലയിലെ ‘ഓസ്കർ! ടൂറിസം മേഖലയിലെ ഓസ്കർ എന്നറിയപ്പെടുന്ന ഗോൾഡൻ ഗേറ്റ് പുരസ്കാരത്തിലൂടെ സംസ്ഥാന ടൂറിസം വകുപ്പിന്റെ പരസ്യചിത്രം ലോക ശ്രദ്ധ നേടുമ്പോൾ അതൊരുക്കിയ രതീഷ് അമ്പാട്ടിനും അഭിമാനമേറെ. പരസ്യ ചിത്രങ്ങളിലൂടെ മാറ്റു തെളിയിച്ച രതീഷ്, സംവിധായകൻ എന്ന നിലയിൽ തന്റെ ആദ്യ ചിത്രത്തിനുള്ള അണിയറ പ്രവർത്തനങ്ങളിൽ സജീവമായിരിക്കെയാണു പുരസ്കാര വാർത്തയെത്തിയത്.

കായൽ വിജയം

കേരളാ ടൂറിസത്തിന്റെ ക്രിയേറ്റീവ് ആൻഡ് മാർക്കറ്റിങ് ഏജൻസിയായ സ്റ്റാർക്ക് കമ്യൂണിക്കേഷൻസിനു വേണ്ടി രതീഷ് അമ്പാട്ട്് പ്രൊഡക്ഷൻസാണ് ‘ദ് ഗ്രേറ്റ് ബാക്ക് വാട്ടേഴ്സ് ഓഫ് കേരള എന്ന പരസ്യ ചിത്രം തയാറാക്കിയത്. ആലപ്പുഴയുടെ കായൽ സൗന്ദര്യത്തിന്റെ ആകാശ കാഴ്ചയാണ് ആകർഷണം. ഒപ്പം കായൽ പരപ്പിലെയും അടിത്തട്ടിലെയും കാഴ്ചകളുമുണ്ട്. കൂട്ടായ്മയുടെ ശ്രമഫലമാണു പരസ്യത്തിന്റെ വിജയമെന്നു രതീഷ് പറയുന്നു. ഫിൻലൻഡ് ഹെലികാം സർവീസസിലെ പ്രമുഖ ഛായാഗ്രാഹകരായ വില്ലേ വെല്ലൻഡ്, വില്ലേ ഹെവോനെം, അന്തർജല ഛായഗ്രാഹിക പ്രിയ സേത്ത്, പ്രമുഖ ബോളിവുഡ് ഛായഗ്രാഹകൻ കെ.യു.മോഹനൻ എന്നിവരെ കൂട്ടുപിടിച്ചായിരുന്നു ചിത്രീകരണം. ശ്യാം സാൽഗോയങ്കാർ എഡിറ്റിങ് നിർവഹിച്ചു. അൽഫോൻസിന്റെ ഹൃദ്യമായ സംഗീതവും പശ്ചാത്തലത്തിൽ ചേർത്തിട്ടുണ്ട്. 2013 നവംബർ, ഡിസംബർ മാസങ്ങളിലായിരുന്നു ചിത്രീകരണം. അപ്രതീക്ഷിത കാറ്റും ഇടവിട്ടെത്തിയ മഴയ്ക്കുമിടയിൽ പ്രയാസങ്ങളെ അവഗണിച്ചു ചെയ്ത പരസ്യം ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവർത്തകർ.

ജർമൻ ഫെഡറൽ അസോസിയേഷൻ ഓഫ് ഫിലിം ആൻഡ് ഓഡിയോ വിഷ്വൽ പ്രൊഡ്യൂസേഴ്സാണ് അവാർഡ് നിശ്ചയിച്ചത്. ഇതിനു മുൻപ് 2007ലും 2011ലും പരസ്യചിത്രത്തിലൂടെ കേരളത്തിന് ഗോൾഡൻ സിറ്റി ഗേറ്റ് പുരസ്കാരം ലഭിച്ചിരുന്നു. പ്രകാശ് വർമ സംവിധാനം ചെയ്ത ‘യുവർ മൊമെന്റ് ഈസ് വെയ്റ്റിംഗിലൂടെ ആയിരുന്നു 2011ലെ നേട്ടം.

ഇനി സ്വപ്ന സിനിമ

പരസ്യങ്ങളിലൂടെ ശ്രദ്ധ നേടിയ ശേഷം സ്വതന്ത്ര സിനിമയൊരുക്കുന്ന സംവിധായകരുടെ കൂട്ടത്തിലാവും ഇനി ഈ കണ്ണൂർ സ്വദേശിയുടെ സ്ഥാനം. ദിലീപും ഫഹദ് ഫാസിലും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയോടെയാണ് സിനിമ പുറത്തിറങ്ങുക. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രം വൈശാഖ് സിനിമാസുമായി ചേർന്നു ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. പരസ്യങ്ങൾ നൽകിയ പെരുമയ്ക്കൊപ്പം ലാൽ ജോസ്, ബ്ലെസി, ശ്യാമപ്രസാദ് എന്നിവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച പരിചയമാണ് രതീഷിന്റെ കൈമുതൽ.