റെസ്റ്റോറന്റിൽ ഹൈ ഹീൽ യുദ്ധം, കാലിൽ നിന്ന് രക്തം വാർന്ന് പെൺകുട്ടി!

ഹൈഹീൽഡ് ചെരുപ്പിട്ട് നടന്നാൽ പല വിധ ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. പ്രത്യേകിച്ച് ഞരമ്പിനു അസുഖം ഉള്ളവർ, നടുവിന് അസുഖം ഉള്ളവർക്കൊക്കെ ഹൈഹീൽഡ് ചെരുപ്പുകൾ ആരോഗ്യ വിദഗ്ദ്ധർ നിരസിയ്ക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അത്തരത്തിൽ ഇത്തരം ചെരുപ്പുകൾ ഉപയോഗിച്ച് കൂടാത്ത ഒരാൾക്ക് നിർബന്ധിച്ചു ചെരുപ്പ് ഇടേണ്ടി വന്നാലോ, അത്തരം ഒരു കഥയാണു തന്റെ സോഷ്യൽ മീഡിയയിലെ സ്വകാര്യ അക്കൗണ്ടിലൂടെ നിക്കോള ഗാവിൻസ് എന്ന പെൺകുട്ടി പങ്കു വച്ചത്. ഇത് നിക്കോളയുടെ ഒരു അടുത്ത സുഹൃത്തായ ഒരു പെൺകുട്ടി അനുഭവിച്ച ദുഃഖം തന്നെയായിരുന്നു. ഒരു റെസ്റ്റൊറന്റിലെ പരിചാരികയായിരുന്ന പെൺകുട്ടി അവിടുത്തെ മാനേജരുടെ നിർബന്ധത്തിനു വഴങ്ങി ഹൈഹീൽഡ് ചെരുപ്പ് ഉപയോഗിയ്ക്കാൻ നിർബന്ധിക്കപ്പെടുകയായിരുന്നു. ഒരു ദിവസം മുഴുവൻ ഇത്തരത്തിൽ നിൽക്കേണ്ടി വന്നതിനാൽ വൈകുന്നേരം ആയപ്പോഴേക്കും പെൺകുട്ടിയുടെ കാൽപ്പാദം രക്തത്തിൽ കുളിച്ചിരുന്നു എന്ന് നിക്കോള പറയുന്നു.

കാനഡയിലെ ജ്യോയി റെസ്റ്റൊറന്റിലെ എല്ലാ ഭക്ഷണാസ്വാദകർക്കും എന്ന ആമുഖത്തോടെ ഹോട്ടൽ നിൽക്കുന്ന സ്ഥലം വരെ കൃത്യമായി കുറിച്ച ശേഷമാണ് നിക്കോള തന്റെ സുഹൃത്തിന്റെ വേദനയിലേയ്ക്ക് കടക്കുന്നത്. ആരോഗ്യപരമായി ഹൈഹീൽഡ്  ഉപയോഗിയ്ക്കാൻ കഴിയാത്തവർ ആണെങ്കിലും ഹോട്ടൽ മാനേജർ ഇവിടുത്തെ പെൺകുട്ടികളെ  ഹൈഹീൽഡ് ചെരുപ്പുകൾ ഉപയോഗിയ്ക്കാൻ നിർബന്ധിക്കുകയാണ്. നിക്കോളയുടെ സുഹൃത്തിന്റെ ഒരു കാലിലെ നഖം നഷ്ടപ്പെട്ട നിലയിലായിരുന്നതിനാൽ മണിക്കൂറുകളോളം നീണ്ട ഈ ചെരുപ്പിന്റെ ഉപയോഗമാണ് അവളുടെ കാലിൽ നിറയെ രക്തമാകാൻ കാരണമെന്ന് നിക്കോള പറയുന്നു. ഇതുമാത്രമല്ല പെൺകുട്ടികളോട് വളരെ നീതികേടായാണ് ഹോട്ടൽ അധികൃതർ പെരുമാറുന്നതെന്നും നിക്കോള പറഞ്ഞു.

കറുത്ത വസ്ത്രങ്ങളിലും ഹീലില്ലാത്ത ചെരുപ്പിലും പുരുഷ പരിചാരകർക്ക് ഹോട്ടലിൽ പ്രവർത്തിക്കാനാകുമ്പോൾ തന്നെ സ്ത്രീകൾക്ക് ഹൈ ഹീൽഡു ചെരുപ്പ്, 30 ഡോളറിൽ കുറയാത്ത വസ്ത്രങ്ങൾ എന്നിവ ഇവിടെ നിർബന്ധമാണ്‌. സ്ത്രീകളെ പരമാവധി ആകർഷകമാക്കി വിരുന്നുകാരെ ആകർഷിക്കാനുള്ള തന്ത്രം ഏറ്റവും സ്ത്രീ വിരുദ്ധമാണെന്ന അഭിപ്രായമാണ് നിക്കോള പങ്കു വച്ചത്. ഈ പോസ്റ്റ്‌ ഇട്ടു മണിക്കൂറുകൾക്കുള്ളിൽ പതിനോരായിരം ഷെയറുകളിൽ കൂടുതലാണ് നിക്കോളയുടെ ഈ പോസ്റ്റിനു ലഭിച്ചത്. തൊഴിലാളി നിയമങ്ങൾക്കു എതിരായാണ് ഇവിടുത്തെ പലതും പ്രവർത്തിയ്ക്കുന്നതെന്നും നിക്കോള പിന്നീട് തന്റെ പോസ്റ്റിൽ കൂട്ടി ചേർത്തു.