രാജ്യസഭയിൽ റയിൽവേ മന്ത്രിയോട് സച്ചിന്റെ കന്നിച്ചോദ്യം

മൂന്നുവർഷം മുൻപ് രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യപ്പെട്ട സച്ചിൻ തെൻഡുൽക്കർ ഇതാദ്യമായി കഴിഞ്ഞ വെള്ളിയാഴ്ച ഒരു ചോദ്യം ചോദിച്ചു. സഭയ്ക്കുള്ളിലല്ലാതെ എഴുതി നൽകിയ ചോദ്യമായിരുന്നു അത്.

കൊൽക്കത്തയിലെ മെട്രോ റയിലിനു വേണ്ടി പ്രത്യേക സോൺ രൂപവൽക്കരിച്ചതിന്റെ ന്യായം എന്താണെന്നായിരുന്നു കേന്ദ്ര റയിൽവേ മന്ത്രിയോട് സച്ചിന്റെ കന്നിച്ചോദ്യം. മുംബൈ, ഡൽഹി, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും സബേർബൻ ട്രെയിൻ സർവീസിനു വേണ്ടി ഇത്തരമൊരു സോൺ രൂപവൽക്കരിക്കുമോ എന്നും സച്ചിൻ ചോദിച്ചു. ഈ മൂന്നു നഗരങ്ങൾക്കും ഇങ്ങനെ പ്രത്യേക സോൺ ഉണ്ടാക്കാൻ വേണ്ട യോഗ്യതയുണ്ടോ, മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നും ചോദ്യം തുടരുന്നു.

കേന്ദ്ര റയിൽവേ സഹമന്ത്രി മനോജ് സിൻഹ നൽകിയ മറുപടി ഇതായിരുന്നു: കൊൽക്കത്ത മെട്രോയുടെ പ്രവർത്തനം, ഭരണസംവിധാനം, മറ്റു ഘടകങ്ങൾ എന്നിവ പരിശോധിച്ചശേഷം ഈ സ്ഥാപനത്തെ സഹായിക്കാനും അതിന്റെ വളർച്ചയ്ക്കും വേണ്ടിയാണു സോണൽ പദവി നൽകിയത്. ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങി മറ്റു നഗരങ്ങളിൽ സബേർബൻ റയിൽവേ മുഖ്യ റയിൽവേയുടെ ഭാഗമായിത്തന്നെയാണു പ്രവർത്തിക്കുന്നത്.

ഡ്രൈവിങ് ലൈസൻസുകൾ നൽകുന്നതിന്റെ വ്യവസ്ഥകൾ സംബന്ധിച്ചു മറ്റൊരു ചോദ്യവും സച്ചിൻ ഉന്നയിച്ചിട്ടുണ്ട്. അതിനുള്ള മറുപടി തിങ്കളാഴ്ച ലഭിക്കും.