കുട്ടികൾക്ക് തിരികെക്കിട്ടുമോ അവരുടെ പ്രിയകൂട്ടുകാരനെ!

വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ മോർകോംബ് ബേ കമ്യൂണിറ്റി പ്രൈമറി സ്കൂളിലെ കുട്ടികളാകെ സങ്കടത്തിലാണ്. അവരുടെ പ്രിയപ്പെട്ട ‘കൂട്ടുകാരിലൊരാളെ’ കാണാതായിരിക്കുന്നു. ഏപ്രിൽ അഞ്ചിന് യാത്ര തിരിച്ചതാണ്, ഇപ്പോൾ എവിടെയാണെന്ന് ആർക്കുമറിയില്ല. കറുത്ത കുത്തിട്ട പോലൊരു മൂക്കും പഞ്ഞിക്കെട്ടു പോലെ ശരീരവുമുള്ള ആ ‘കൂട്ടുകാരന്റെ’ പേര് സാം. കക്ഷി ഒരു നായ്ക്കുട്ടിയാണ്; ഒരു പാവം പാവക്കുട്ടി.

സ്കൂളിലെ വിദ്യാർഥികളുടെ ശാസ്ത്രപ്രോജക്ടിന്റെ ഭാഗമായി ആകാശത്തേക്കയച്ചതാണ്. പക്ഷേ ബഹിരാകാശത്തു വച്ച് ബലൂൺ പൊട്ടി സാം നിലത്തേക്കു വീണു. പിന്നീടിതുവരെ ആരും സാമിനെ കണ്ടിട്ടുമില്ല. കുട്ടികളാകട്ടെ ആ വെള്ളപ്പട്ടിക്കുട്ടിയെ തേടി സകലയിടത്തും അന്വേഷണത്തിലാണ്. ട്വിറ്ററിൽ വരെ അവർ #FindSam എന്ന ഹാഷ്ടാഗോടെ ക്യാംപെയിൻ ആരംഭിച്ചു. ‘കാണ്മാനില്ല’ എന്ന പോസ്റ്ററും സാമിന്റെ ഫോട്ടോസഹിതം പ്രദേശത്താകെ പതിച്ചു.

ബഹിരാകാശയാത്രയെപ്പറ്റിയും അവിടെ നിന്ന് ഭൂമിയുടെ കാഴ്ച എന്തായിരിക്കുമെന്നും ‘ലൈവ്’ ആയി പഠിപ്പിക്കാനായിരുന്നു സ്കൂൾ അധികൃതർ ഇത്തരമൊരു പ്രോജക്ട് തയാറാക്കിയത്.

ബഹിരാകാശത്തേക്കുള്ള യാത്രയെപ്പറ്റിയും അവിടെ നിന്ന് താഴേക്കു നോക്കുമ്പോൾ ഭൂമിയുടെ കാഴ്ച എന്തായിരിക്കുമെന്നും ‘ലൈവ്’ ആയി പഠിപ്പിക്കാനായിരുന്നു സ്കൂൾ അധികൃതർ ഇത്തരമൊരു പ്രോജക്ട് തയാറാക്കിയത്. അത്തരം പ്രോജക്ടുകളിൽ സ്പെഷലൈസ് ചെയ്തിരുന്ന ‘സെൻഡ് ഇൻടു സ്പെയ്സ്’ എന്ന ബ്രിട്ടിഷ് കമ്പനിയായിരുന്നു സാങ്കേതിക സഹായം. ഇതിനായി പ്രദേശത്തെ ഒരു ടൂറിസം സംഘടനയുടെ ഭാഗ്യചിഹ്നമായ ‘സാം’ എന്ന നായ്പ്പാവക്കുട്ടിയെയും ഒപ്പം കൂട്ടി. കുട്ടികൾക്ക് ആശയവിനിമയത്തിന് എളുപ്പമാകുമല്ലോ എന്നു കരുതിയായിരുന്നു അത്.

സാം കയറിയ കുഞ്ഞൻ ‘ബഹിരാകാശ പേടക’ത്തെ ഒരു ഹീലിയം ബലൂണുമായി ബന്ധിപ്പിച്ചു. ഒപ്പം സാമിന്റെ യാത്രയെ പിന്തുടരാനായി ഒരു ജിപിഎസ് ട്രാക്കറും കാഴ്ചകൾ പകർത്താൻ ഒരു ഗോപ്രോ ക്യാമറയും ഘടിപ്പിച്ചു. ഏപ്രിൽ അഞ്ചിന് ആഘോഷമായി സാമിനെ ആകാശത്തേക്കയക്കുകയും ചെയ്തു. സാം പോകുമ്പോഴെടുത്ത സുന്ദരൻ ആകാശക്കാഴ്ചകളെല്ലാം താഴെ നിന്ന കുട്ടികൾക്ക് സ്ക്രീനിൽ ലൈവ് ആയി കാണാനാകുമായിരുന്നു. പറന്നുപറന്ന് ഭൂമിക്ക് 25 കിലോമീറ്ററിനും മുകളിലെത്തി.

സെക്കൻഡിൽ ആറു മീറ്റർ എന്ന കണക്കിനായിരുന്നു യാത്രാവേഗം. ബഹിരാകാശത്തു നിന്നുള്ള ഭൂമിക്കാഴ്ചയെല്ലാം കാണിച്ച് കുട്ടികളെ അന്തംവിടീപ്പിച്ച സാം തിരിച്ചിറങ്ങാനൊരുങ്ങുമ്പോഴായിരുന്നു പ്രശ്നം. പേടകവുമായി ബന്ധിപ്പിച്ച ചരടാകെ ചുറ്റിപ്പിണഞ്ഞ് ഹീലിയം ബലൂൺ പൊട്ടി. അതോടെ ലോഞ്ച് ചെയ്ത അതേ സ്ഥലത്തു വീഴുന്നതിനു പകരം അവിടെ നിന്ന് 48 കിലോമീറ്റർ മാറിയാണ് പേടകം വീണത്.

ജിപിഎസ് ട്രാക്കർ വഴി പ്രോജക്ട് സംഘം അവിടെയെത്തിയെങ്കിലും കിട്ടിയത് പേടകവും ക്യാമറയും മാത്രം. സാമിനെ അവിടെയെങ്ങും കാണാനില്ല. പ്രദേശമാകെ അന്വേഷിച്ചിട്ടും ഒരു രക്ഷയുമില്ല. വിക്ഷേപിച്ച സ്ഥലത്തിന്റെ 60–80 കിലോമീറ്റർ ചുറ്റളവിൽ സാം ഉണ്ടാകുമെന്നാണ് വിദഗ്ധർ തറപ്പിച്ചു പറയുന്നത്. ഐറിഷ് കടലിൽ വീണു പോയേക്കാവുന്ന സാധ്യതയും തള്ളിക്കളയുന്നില്ല. എന്തുതന്നെയായാലും സംഭവത്തോടെ കുട്ടികളാകെ സങ്കടത്തിലായി. അതോടെയാണ് ട്വിറ്ററിലൂടെയും മറ്റും സാമിനെത്തേടിയുള്ള അന്വേഷണം ആരംഭിച്ചത്. മാത്രവുമല്ല സാമിനെ കണ്ടെത്തിക്കൊണ്ടുവരുന്നവർക്ക് പ്രദേശത്തെ ഒരു ഫോർ സ്റ്റാർ ഹോട്ടൽ അവിടെ ഏതാനും ദിവസത്തെ താമസം ഉൾപ്പെടെ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.