പെൺകുട്ടികളുടെ വിദ്യാഭ്യാസവും സാനിറ്ററി നാപ്കിനും തമ്മിൽ എന്ത് ബന്ധം?

ആർത്തവ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി കളിമണ്ണ് കൊണ്ടുള്ള പ്രത്യേക വെസ്സൽ

ആർത്തവം എന്നത് സ്ത്രീകളെ മാത്രം സംബന്ധിക്കുന്ന കാര്യമാണ് എന്നാണ് പൊതുവെയുള്ള സംസാരം. ഇതിൽ എത്രമാത്രം കാര്യമുണ്ട് എന്ന് ചോദിച്ചാൽ ഉത്തരം വഴിമുട്ടും. കാരണം, ആർത്തവവും ആർത്തവശുചിത്വവും സ്ത്രീകളെ ബാധിക്കുന്ന കാര്യമാണ് എങ്കിലും, സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെയും കുടുംബത്തിന്റെ ആരോഗ്യം ഒരു നാടിന്റെ ആരോഗ്യവും ആയി മാറുന്ന അവസ്ഥയിൽ ആർത്തവം എല്ലാവരെയും ബാധിക്കുന്ന കാര്യമാകുന്നു. ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിലാകട്ടെ ആർത്തവശുചിത്വം എന്നത് ഇന്നും ഒരു ചോദ്യ ചിഹ്നമാണ്. ഈ അവസ്ഥയിലാണ് ബറോഡ സ്വദേശിയായ 54  കാരൻ ശ്യാം സുന്ദർ വഡേക്കർ കുറഞ്ഞ ചെലവിൽ ഒരു ഗ്രാമത്തിന്റെ ആർത്തവ ശിചിത്വത്തിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. 

സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കാൻ ധനച്ചെലവ് കാരണം മടികാണിക്കുന്ന ഈ പ്രദേശത്തെ സ്ത്രീകളുടെ അടുത്തേക്ക് 2 .50  വില വരുന്ന സാനിറ്ററി പാടുകൾ അവതരിപ്പിക്കുകയാണ് ഇദ്ദേഹം. സാനിറ്ററി നാപ്കിനുകൾ വീടുകളിൽ തന്നെ നിർമ്മിക്കാനുള്ള ഉപകരണവും അതിനുള്ള പരിശീലനവും ഇദ്ദേഹം നൽകുന്നു. ഒപ്പം ഉപയോഗിച്ച  സാനിറ്ററി നാപ്കിനുകൾ നശിപ്പിച്ചു കളയാനുള്ള കളിമണ്ണിൽ തീർത്ത പ്രത്യേക പാത്രവും ഇദ്ദേഹം നിർമ്മിക്കുന്നു. ഗ്രാമത്തിന്റെ ആർത്തവശുദ്ധിക്ക് ഒപ്പം സംരംഭകത്തിലെ അവസരങ്ങൾ കൂടി കണ്ടെത്തുകയാണ് ശ്യാം സുന്ദർ. 

കെമിക്കൽ ഡൈ വ്യാപാരിയായ ശ്യാമും ഭാര്യയും 2010  ലാണ് ആരോഗ്യ രംഗത്ത് പ്രവർത്തിക്കാൻ ആരംഭിക്കുന്നത്. ഭാര്യയായ സ്വാതി തുടങ്ങിയ വാത്സല്യ ഫൗണ്ടേഷൻ എന്ന എൻജിഒ , ഗ്രാമത്തിലെ സ്ത്രീകളുടെ ശുചിത്വം, ആർത്തവകാല ആരോഗ്യം എന്നിവയ്ക്ക് പ്രത്യേക പരിഗണന നൽകിയിരുന്നു. നാപ്കിനുകൾ ഉപയോഗിക്കാൻ പണമില്ലാത്തതിനാലും അതിന്റെ ആവശ്യകത അറിയാത്തതിനാലും പ്രായപൂർത്തിയായ ഉടൻ  ഗുജറാത്തിലെ ഗ്രാമങ്ങളിലെ പെൺകുട്ടികൾ പഠിപ്പു നിർത്തുന്നത് സാധാരണമായിരുന്നു. ഈ അവസ്ഥയിൽ മാറ്റം വരുത്തുന്നതിനായി സ്വാതി പ്രയത്നിച്ചു. ഒപ്പം പൂർണ്ണ പിന്തുണയുമായി ഭർത്താവ് ശ്യാം സുന്ദറും. 

പെൺകുട്ടികളുടെ വിദ്യാഭ്യാസവും സാനിറ്ററി നാപ്കിനും തമ്മിൽ എന്ത് ബന്ധം? 

ഗുജറാത്തിന്റെ ഉൾനാടൻ മേഖലകളിൽ വിദ്യാഭ്യാസം എന്നത് ഇപ്പോഴും ആദ്യ പരിഗണകളിൽ പെടുന്ന ഒന്നല്ല. പ്രത്യേകിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസം. ഇത്തരത്തിൽ പഠനത്തിൽ താല്പര്യം ഉണ്ടായിട്ടും പഠനച്ചെലവ് താങ്ങാനാവാതെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്ന പെൺകുട്ടികൾ നിരവധിയാണ്. ആഗ്രഹം ഉണ്ടായിട്ടും പഠിക്കാൻ കഴിയാതെ വരുന്ന പെൺകുട്ടികളുടെ പഠനച്ചെലവ് കണ്ടെത്തുന്നതിനായാണ് ശ്യാം സുന്ദർ സഖി എന്ന പേരിൽ സാനിറ്ററി നാപ്കിനുകൾ ഉത്പാദിപ്പിച്ചത്. ഗ്രാമത്തിലെ നിരവധി സ്ത്രീകളെ നാപ്കിൻ ഉപയോഗിക്കേണ്ടതിന്റെയും ആർത്തവശുചിത്വത്തിന്റെയും ആവശ്യകതയെക്കുറിച്ച് നേരത്തെ ബോധ്യപ്പെടുത്തിയതിനാൽ വിപണി കണ്ടെത്തുക എളുപ്പമായിരുന്നു. 

ഒരു നാപ്കിന് 2 . 50  രൂപ വച്ച് നാപ്കിനുകൾ വിറ്റു പോയി. ഇത്തരത്തിൽ ലഭിച്ച തുക മുഴുവൻ പെൺകുട്ടികളുടെ പഠനച്ചെലവിനായാണ് ഉപയോഗിക്കുന്നത്. ബറോഡയിൽ നിലവിൽ 20 യൂണിറ്റുകൾ ശ്യാമിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഓരോ യൂണിറ്റിലും 8  മുതൽ 10  വരെ സ്ത്രീകൾ ജോലി ചെയ്യുന്നു. ഇതിലൂടെയും ഒരു വരുമാനം കണ്ടെത്താൻ ഗ്രാമീണ വനിതകൾക്കാകുന്നു. ഗ്രാമീണ വനിതകളുടെ ഉന്നമനമാണ് ഇതിലൂടെ സ്വാതി-ശ്യാം ദമ്പതികൾ ഉദ്ദേശിക്കുന്നത്. 

ഒപ്പം, ഗ്രാമങ്ങളിൽ നിന്നും മാലിന്യങ്ങൾ, പ്രത്യേകിച്ച് ആർത്തവ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി കളിമണ്ണ് കൊണ്ടുള്ള പ്രത്യേക വെസ്സൽ നിർമിച്ചു നൽകി. മാലിന്യം ഇതിനുള്ളിൽ വച്ച് പരിസരമലിനീകരണം കൂടാതെ കത്തിച്ചു കളയാം. 18000  - മുതൽ 20000  രൂപ വരെയുള്ള ഇലക്ട്രിക് മാലിന്യ നിർമാർജന യന്ത്രങ്ങൾ ഇവർ നിർമ്മിക്കുന്നു. എന്നാൽ കളിമണ്ണുകൊണ്ടുള്ള മാലിന്യനിർമാർജന യന്ത്രത്തിന് ഇതിന്റെ പത്തിൽ ഒന്ന് മാത്രമേ വില വരൂ.നിലവിൽ 500  അധികം ഇത്തരം നിർമിതികൾ ഈ ദമ്പതിമാർ വിറ്റു കഴിഞ്ഞു. ഇതിൽ നിന്നെല്ലാം നേടുന്ന വരുമാനത്തിന് പിന്നിൽ ലക്‌ഷ്യം ഒന്ന് മാത്രം, ഗ്രാമത്തിലെ പെൺകുട്ടികളുടെ സുഗമമായ വിദ്യാഭ്യാസം. 

യൂറോപ്പിൽ 96  ശതമാനം സ്ത്രീകൾ ആർത്തകാലത്ത് സാനിറ്ററി നാപ്കിൻ ഉപയോഗിക്കുമ്പോൾ ഇന്ത്യയിൽ 6  ശതമാനം മാത്രമാണ് നാപ്കിൻ ഉപയോഗിക്കുന്നത്. അതിനാൽ ശ്യാം സുന്ദറിന്റെ നേതൃത്വത്തിന് കൈകൊടുക്കുമ്പോൾ രണ്ടു കാര്യങ്ങളാണ് ലഭിക്കുന്നത്. ഒന്ന്, ആർത്തവശുചിത്വവും ആരോഗ്യവും രണ്ട് ഗ്രാമത്തിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസം. ചുരുക്കി പറഞ്ഞാൽ ഈ സാനിറ്ററി നാപ്കിന് പിന്നിലെ ലക്‌ഷ്യം വളരെ വലുതാണ്.