ഷർട്ടിന് പകരം മുടി, ഇൻസ്റ്റാഗ്രാമിൽ സാറ ബെയ്ഗി തരംഗം!

വസ്ത്രത്തിനു പകരം മുടിയഴിച്ചിട്ടു ശരീരഭാഗം മറച്ചു ഫോട്ടോയ്ക്കു പോസ് ചെയ്യുന്ന സാറ

സൗന്ദര്യ സങ്കല്‍പമെടുത്താൽ അന്നും ഇന്നും മുടിയുടെ സ്ഥാനമൊന്നു വേറെ തന്നെയാണ്. പണ്ടൊക്കെ മുട്ടോളം നീണ്ടുകിടക്കുന്ന മുടിയായിരുന്നു ഫാഷൻ. കാലം മാറിയപ്പോൾ മുടിയുടെ നീളം കുറഞ്ഞു വന്നു. ലെയര്‍ കട്ടും സ്ട്രെയിറ്റനിങും ബോബ് ചെയ്യുന്നതുമൊക്കെയാണിപ്പോൾ തരംഗം. പക്ഷേ അപ്പോഴും മുടിയോടുള്ള പ്രണയം മൂത്ത് അതൊരിക്കലും വെട്ടാതെ മനോഹരമായി കൊണ്ടുനടക്കുന്നവരും നമുക്കു ചുറ്റുമുണ്ട്. കാലിഫോർണിയ സ്വദേശിയായ സാറ ബെയ്ഗി ഓൺലൈനിലെ താരമാകുന്നതും തന്റെ മുടിയഴകു കൊണ്ടാണ്.

സാറ ബെയ്ഗി, ട്രെൻഡിങ്!

സാറ മുടി വെട്ടിയിട്ട് അഞ്ചു വർഷമായി. അഞ്ചടി ആറിഞ്ച് ഉയരമുള്ള അവളുടെ മുടിയു‌ടെ നീളം മൂന്നടി ഏഴിഞ്ചാണ്. അതായത് ഉയരത്തിന്റെ പകുതിയിൽ ഏറെ വരും മുടിയുടെ നീളം. പത്തൊമ്പതുകാരിയായ സാറ ബെയ്ഗി, മാഡം കുഷ് എന്ന പേരിൽ ഇൻസ്റ്റഗ്രാമിലെ ബോൾഡ് ബ്യൂട്ടിയാണ്.

കിടിലൻ ലുക്ക്, തകർപ്പൻ ക്യാപ്ഷൻ

സാറയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ചർച്ചാവിഷയം. വസ്ത്രത്തിനു പകരം അവൾ ഉപയോഗിച്ചത് തന്റെ നീണ്ട ഇടതൂർന്ന മുടിയാണ്. സാറയുടെ കിടിലൻ ലുക്ക് കണ്ട് ആരാധകർ കൂടിയിരിക്കുകയാണ് ഇപ്പോൾ. 'തലമുടി ഷർട്ടിനു പകരമായി ഉപയോഗിച്ചപ്പോൾ...' എന്ന ക്യാപ്ഷൻ നൽകിയാണു സാറ ചിത്രം പങ്കുവച്ചത്. മുടി ഇരുവശത്തേക്കും പകുത്തു വിടർത്തിയിട്ടാൽ ശരീരഭാഗങ്ങളൊന്നും കാണില്ല, അത്രത്തോളം വണ്ണവും നീളവുമാണു മുടിക്ക്.

സാറ ബെയ്ഗി

സ്റ്റൈലിങ് അത്ര എളുപ്പമല്ല

മുടിയുടെ നീളവും വണ്ണവും കാരണം സ്റ്റൈലിങ് അത്ര എളുപ്പമല്ല. അമ്മയുടെയോ സുഹൃത്തുക്കളുടെയോ സഹായമില്ലാതെ മുടി ഒതുക്കിക്കെട്ടെനാവില്ല. കഴുകി വൃത്തിയാക്കുവാന്‍ തന്നെ കുറഞ്ഞത് അരമണിക്കൂർ വേണം. ഉണങ്ങാനാകട്ടെ അഞ്ചുമണിക്കൂറും. ഹെയർഡ്രയര്‍ ഉപയോഗിക്കുന്നത് മുടിക്കു ദോഷമാണെന്നതിനാൽ നാച്ചുറൽ ആയി മുടി ഉണക്കാറാണു പതിവ്.

എല്ലാത്തിനും കാരണം ആ വഴക്ക്...

അഞ്ചു വർഷം മുമ്പു ഹെയർസ്റ്റൈലിസ്റ്റുമായുണ്ടായ വഴക്കാണു സാറയുടെ മുടി ഇത്രത്തോളം നീട്ടിയത്. വളരുന്നിടത്തോളം വളരട്ടെ, ഇനിമുതൽ മുടി വെട്ടുന്നില്ല എന്ന് അന്നു തീരുമാനിച്ചതാണ്. മുടി വളർച്ച നിൽക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ഞാനിപ്പോൾ - സാറ പറയുന്നു. ഒരിത്തിരി മുടി നീളുമ്പോഴേക്കും അതു നിലനിർത്താൻ പാടാണെന്നു പറഞ്ഞു പാർലറുകളിൽ കയറിയിറങ്ങി വെട്ടിക്കളയുന്നവർ സാറയെ കണ്ടാൽ പിന്നൊരിക്കലും അടിക്കടി മുടി വെട്ടണമെന്നു ചിന്തിക്കില്ല.