കുടുംബം ‘വെളുപ്പിക്കുന്ന’ ചൈനീസ് ഫോൺ

എക്സ്‌ലിം ഫോണിൽ സെൽഫിയെടുക്കുന്ന പെൺകു‌ട്ടി

മെലിഞ്ഞിരിക്കണം, ഒപ്പം വെളുവെളാ വെളുത്തുമിരിക്കണം–ചൈനീസ് പെൺകുട്ടികളുടെ ജീവിതലക്ഷ്യം തന്നെ ഇതാണെന്ന മട്ടിലാണ് അവിടത്തെ പല കമ്പനികളും ഓരോ ദിവസവും ഒന്നെന്ന കണക്കിൽ സൗന്ദര്യവർധക വസ്തുക്കൾ വിപണിയിലേക്കിറക്കുന്നത്. പക്ഷേ ആ പെൺകുട്ടികൾക്കും അറിയാം ‘മേയ്ക്കപ്പിനൊക്കെ ഒരു പരിധിയില്ലെടേ’ എന്ന്. എന്നിട്ടും വെളുക്കാനും മെലിയാനും കയ്യിൽ കിട്ടുന്ന വഴികളെല്ലാം പ്രയോഗിക്കുന്നുണ്ട് ൈചനീസ് യൂത്ത്. ഇപ്പോഴിതാ പുതിയ വാർത്ത–സൗന്ദര്യവർധക വസ്തുക്കളുടെ കഴുത്തിനു പിടിക്കുന്ന ഒരുൽപന്നം ചൈനീസ് വിപണിയിലെത്തിയിരിക്കുന്നു. മറ്റൊന്നുമല്ല, ഒരു സ്മാർട് ഫോൺ. എക്സ്‌ലിം ടിആർ എന്നു പേരിട്ടിരിക്കുന്ന ഫോണിലെ ക്യാമറയ്ക്കാണു പ്രത്യേകത. ഫോട്ടോയെടുത്തു കഴിഞ്ഞാൽ ആ ക്യാമറ തടിച്ചവരെ മെലിഞ്ഞവരാക്കും കറുത്തവരെ വെളുത്തവരുമാക്കും. അതും യാതൊരു ആപ്പിന്റെയും സഹായമില്ലാതെ തന്നെ. നിലവിൽ സെൽഫികളെ സുന്ദരമാക്കിയെടുക്കാൻ ഒട്ടേറെ ആപ്പുകൾ ലഭ്യമാണ്. പക്ഷേ സെൽഫിയെടുത്ത് അത് ആപ്പിൽ അപ്‌ലോഡ് ചെയ്ത് കുറേ പണിയെടുക്കേണ്ടി വരുമെന്നു മാത്രം. ഇതാവുമ്പോൾ ഓരോ മോഡ് സിലക്ട് ചെയ്തു കൊടുത്താൽ കിടുപടം മുന്നിൽ റെഡി.

എക്സ്‌ലിം ഫോണിൽ സെൽഫിയെടുത്തപ്പോൾ

എൽജി ഉൾപ്പെടെയുള്ള കമ്പനികളാകട്ടെ ക്യാമറയ്ക്കൊപ്പം തന്നെ ‘ബ്യൂട്ടിഫൈയിങ് സെൽഫി’ ആപ്ലിക്കേഷൻ ചേർത്ത് ഫോട്ടോ വെളുപ്പിക്കാനുള്ള ശ്രമം നേരത്തേ നടത്തിയിരുന്നു. പക്ഷേ എക്സ്‌ലിം തയാറാക്കിയ കാസിയോ കമ്പനി അതുക്കും മേലെയാണു പറന്നത്. എന്തായാലും സംഗതി ചൈനയിൽ ക്ലിക്കായി. സൗന്ദര്യമോഹികളായ സകല സ്ത്രീകളും ഈ ഫോണിനു പിറകെയായി. 249 ഡോളർ വിലയിട്ടായിരുന്നു എക്സ്‌ലിമിനെ കമ്പനി വിപണിയിലേക്കെത്തിച്ചത്. പക്ഷേ ഫോണിന് ഒരു രക്ഷയുമില്ലാത്ത ഡിമാൻഡായതോടെ ടപ്പേയെന്നും പറഞ്ഞ് വിലയങ്ങു കയറി. ഇപ്പോൾ ഇ ബേ പോലുള്ള ഇ–കൊമേഴ്സ് സൈറ്റുകളിൽ 800 മുതൽ 1000 ഡോളർ വരെ കൊടുത്താലേ ഒരു എക്സ്‌ലിം ഫോൺ ലഭിക്കൂ. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഏകദേശം 16,185 രൂപ വിലയുണ്ടായിരുന്ന ഫോണിന് ദിവസങ്ങൾക്കകം വില കയറിയത് 52,000 മുതൽ 65,000 രൂപ വരെ. സ്ത്രീകൾക്കാകട്ടെ ഈ ഫോൺ കിട്ടിയേ മതിയാകൂ എന്നു വാശി. സ്വാഭാവികമായും ഒരു ഫോൺ കാരണം കുടുംബം ‘വെളുക്കു’മെന്ന് ഉറപ്പായി.

ഐഫോണിലും എക്സ്‌ലിം ഫോണിലും സെൽഫിയെടുത്തപ്പോൾ

വെളുപ്പിക്കലും മെലിയിപ്പിക്കലും മാറ്റി നിർത്തിയാൽ മറ്റേതൊരു ഫോണിനുമുള്ള ഗുണഗണങ്ങളൊക്കെയേ എക്സ്‌ലിമിനുമുള്ളൂ. പക്ഷേ പ്രായമായവരിൽ പോലും ഒരൊറ്റ ക്ലിക്ക് കൊണ്ട് ‘മെയ്ക്ക് ഓവർ’ നടത്തുന്ന ഫോണിന് ചൈനയിൽ വിലയേറുമെന്ന് കമ്പനിക്കും അറിയാമായിരുന്നു. അതിനാൽ സെൽഫിസൗന്ദര്യവത്കരണത്തിന്റെ ‘പുളിങ്കൊമ്പ്’ തന്നെയാണ് കമ്പനി പിടിച്ചെടുത്തത്. ഇപ്പോൾ ചൈനീസ് സമൂഹമാധ്യമങ്ങളിലും എക്സ്‌ലിം ഫോട്ടോകളുടെ ബഹളമാണ്. തലേന്നു വരെ തടിച്ചിരുന്നവർ ഒറ്റ രാത്രി കൊണ്ട് മെലിഞ്ഞും, കൂടാതെ വെളുത്ത് സുന്ദരിയായി പ്രായം കുറഞ്ഞുമിരിക്കുന്ന അദ്ഭുതമാണെങ്ങും. ഇതിനിടയിൽ ഒറിജിനലേത് ഡ്യൂപ്ലിക്കേറ്റ് ഏത് എന്നറിയാതെ ‘പ്ലിങ് അവസ്ഥയിൽ’ മറ്റുള്ളവരും.