ഒട്ടിക്കിടക്കുന്ന ജീൻസിട്ടു, പണി കിട്ടി!

ദേഹത്തോട് ഒട്ടിച്ചേർന്നിരിക്കുന്ന തരം സ്കിന്നി ബോട്ടവും ജീൻസുമെല്ലാം ധരിച്ചു നടക്കുന്ന പെൺകുട്ടികളെ കാണുമ്പോൾ എന്തൊക്കെയോ തോന്നുന്നുവെന്ന് ആരെല്ലാമോ പറഞ്ഞതിന്റെ പുകിൽ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. അതിനിടയിലാണ് സ്കിന്നി ജീൻസിനു വേണ്ടി വാദിക്കുന്നവർക്കു തിരിച്ചടിയായി ഓസ്ട്രേലിയയില്‍ നിന്നൊരു വാർത്തയെത്തിയിരിക്കുന്നത്. സ്കിന്നി ഡെനിം ജീൻസ് ദീർഘനേരം ധരിച്ചതിന്റെ ഫലമായി ഒരു മുപ്പത്തിയഞ്ചുകാരിക്ക് ചലനശേഷി വരെ നഷ്ടപ്പെട്ടേക്കുമായിരുന്ന ഒരു സംഭവമാണു വാർത്തയായത്. ഭാഗ്യത്തിന് രക്ഷപ്പെട്ട ആ ഓസ്ട്രേലിയക്കാരിയെ ‘ഫാഷന്റെ ഏറ്റവും പുതിയ ഇര’ എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.

സംഭവം ഇങ്ങനെ: ഒരു ബന്ധുവിന്റെ വീടുമാറലുമായി ബന്ധപ്പെട്ട് അവരെ സഹായിക്കാനെത്തിയതായിരുന്നു ഈ സംഭവത്തിലെ നായികയായ മുപ്പത്തിയഞ്ചുകാരി. അലമാരകളും മറ്റും വൃത്തിയാക്കുന്നതിനായി മണിക്കൂറുകളോളം കുത്തിയിരിപ്പും നടപ്പുമൊക്കെയായി വിശ്രമമില്ലാത്ത ജോലിയായിരുന്നു. ആ സമയത്ത് ധരിച്ചിരുന്നതാകട്ടെ ഒരു ടൈറ്റ് ഡെനിം സ്കിന്നി ജീനും. ജോലിയെല്ലാം കഴിഞ്ഞ് കക്ഷി വൈകിട്ടൊന്നു നടക്കാനിറങ്ങി. ഒരു പാർക്കിലെത്തി. കുറച്ചുദൂരം കഴിഞ്ഞപ്പോൾ ഒരു പന്തികേട്. കാലിനു വല്ലാത്തൊരു തളർച്ച, മുന്നോട്ടു നടക്കാനാകുന്നില്ല, എന്നിട്ടും വേച്ചുവേച്ചുനടന്നു തൊട്ടുപിറകെ ബോധംകെട്ടു വീണു. മണിക്കൂറുകളോളം ആ കിടപ്പു കിടന്നു. ഇടയ്ക്ക് ബോധം വീണപ്പോൾ രാത്രിയായി. പരിസരത്തെങ്ങും ആരുമില്ല. കാലുകൾ രണ്ടുമാകട്ടെ അനക്കാൻ പോലുമാകുന്നില്ല. ഒരുവിധം ഇഴഞ്ഞിഴഞ്ഞ് പാർക്കിനു പുറത്തെത്തി. ഒരു ടാക്സിക്കാരന്റെ സഹായത്തോടെ സമീപത്തെ റോയൽ അഡ്‌ലെയ്ഡ് ആശുപത്രിയിലെത്തി. അപ്പോഴേക്കും അവരുടെ രണ്ടു കാലുകളും തടിച്ചു വീർത്ത് ധരിച്ചിരുന്ന സ്കിന്നി ജീൻസും പൊട്ടിച്ച് പുറത്തു വരുമെന്ന അവസ്ഥയിലായിരുന്നു.

ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലെ ഡോക്ടർ തോമസ് കിംബറിന്റെ നേതൃത്വത്തിൽ സംഭവം ഏറ്റെടുത്തു. രണ്ട് കാലുകളും തടിച്ചുവീർത്തതിനാൽ ജീൻസ് മുറിച്ചു മാറ്റേണ്ടി വരെ വന്നു. ബോധം വന്നപ്പോഴാകട്ടെ കാലുകൾ മുട്ടിനു താഴെ ഇല്ലെന്ന തോന്നലിലായിരുന്നു അപകടത്തിൽപ്പെട്ട വനിത. കാൽപ്പാദങ്ങളും വിരലുകളുമെല്ലാം മുറിച്ചുമാറ്റിയതു പോലെ. എന്താണു സംഭവിച്ചതെന്നു ചോദിച്ചപ്പോഴാണ് ബന്ധുവിനെ സഹായിക്കാൻ പോയ കാര്യം ഇവർ പറഞ്ഞത്. സ്കിന്നി ജീൻസുമിട്ടായിരുന്നു ജോലിയെല്ലാം. ഇടയ്ക്ക് കാലുകളിൽ വല്ലാത്ത അസ്വസ്ഥത തോന്നിയെങ്കിലും കാര്യമാക്കിയില്ലെന്നും അവർ പറഞ്ഞു. വിശദമായ പരിശോധനയിൽ ഒരു കാര്യം വ്യക്തമായി–വില്ലൻ ആ ടൈറ്റ് ജീൻസ് തന്നെയാണ്. ജീൻസിനുള്ളിൽ കിടന്ന് വീർപ്പുമുട്ടിയ പാദങ്ങളുടെ പേശികൾക്ക് റിലാക്സ് ചെയ്യാനാകാഞ്ഞതാണ് പ്രശ്നമായത്.

പേശികൾ ഞെരുങ്ങിയതോടെ മുട്ടിനു താഴെയുള്ള പ്രധാനപ്പെട്ട പെരോണിയൽ, ടിബിയൽ നാ‍ഡികൾ സങ്കോചിക്കാൻ തുടങ്ങി. ഇവയാണ് കാൽപ്പാദങ്ങളിലേക്ക് തലച്ചോറിൽ നിന്നുള്ള സംവേദനങ്ങൾ എത്തിക്കുന്നത്. ഇതോടൊപ്പം പേശികളിലേക്കുള്ള രക്തയോട്ടവും നിലച്ചു. അതോടെ അവ പ്രോട്ടീൻ ഉൽപാദിപ്പിക്കുകയും അത് രക്തത്തിലേക്ക് ഒഴുകുകയും ചെയ്തു. ഈ സ്ഥിതിവിശേഷം തുടർന്നിരുന്നെങ്കിൽ അത് വൃക്കകളെ വരെ ബാധിക്കുമായിരുന്നു. പക്ഷേ ഇവിടെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രമായിരുന്നു. ദീർഘനേരത്തെ കുത്തിയിരിപ്പു കാരണം മസിലുകൾ വീർത്തുവന്നെങ്കിലും അവയെ തടയുന്നതു പോലെയായിരുന്നു ജീൻസിന്റെ പ്രവർത്തനം. ജീൻസ് സ്ട്രെച്ച് ചെയ്യാതെയായതാണ് പ്രശ്നങ്ങളുണ്ടാക്കിയത്. അതോടെ സമ്മർദം മുഴുവൻ പുറത്തുപോകാതെ സ്കിന്നി ജീൻസിനകം ഏകദേശം പ്രഷർകുക്കറിന്റെ ഉൾവശത്തെ അവസ്ഥയ്ക്കു തുല്യമായി. എന്തൊക്കെയാണെങ്കിലും നാലുദിവസം കിടന്ന കിടപ്പിൽ ചികിൽസ വേണ്ടി വന്നു ഈ വനിതയ്ക്ക്. അതിനൊടുവിലാണ് പരസഹായമില്ലാതെ നടക്കാൻ പോലും സാധിച്ചത്.

ഓസ്ട്രേലിയയിൽ ദീർഘനേരം ഇരുന്ന് സ്ട്രോബറി പറിയ്ക്കുന്നവർക്കും ഇത്തരത്തിൽ നടക്കാൻ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. സ്ട്രോബറി പിക്കേഴ്സ് ന്യൂറോപ്പതി എന്നാണിതിനു വിളിപ്പേര്. സമാനമായ അവസ്ഥയാണ് മുപ്പത്തിയഞ്ചുകാരിയ്ക്കുമുണ്ടായത്. പക്ഷേ ഇവിടെ സംഭവിച്ചത് ദീർഘനേരം കുത്തിയിരുന്നുള്ള വിശ്രമമില്ലാത്ത ജോലി, ഒപ്പം സ്കിന്നി ജീൻസും. രണ്ടും കൂടി ചാളക്കറിയും ജിലേബിയും പോലെ ചേർച്ചയില്ലാത്ത രണ്ടു സംഗതികൾ. സ്കിന്നി ജീൻസിട്ടോളൂ, പക്ഷേ അതുമിട്ട് ഇതുപോലുള്ള ജോലികൾ ചെയ്യരുതെന്നാണ് ഡോക്ടറുടെ ഉപദേശം.

കാലുകൾക്ക് വിശ്രമമില്ലാത്ത തരം ജോലികൾ ചെയ്യുമ്പോൾ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാനും നിർദേശിക്കുന്നു വിദഗ്ധർ. ഇടയ്ക്ക് എന്തെങ്കിലും അസ്വസ്ഥത തോന്നുകയാണെങ്കിൽ ചുമ്മാതെ നടക്കുകയും വേണം. ശരീരത്തോട് ഒട്ടിച്ചേർന്നിരിക്കുന്ന ജീൻസിട്ടതിനാല്‍ ചലനശേഷി വരെ നഷ്ടപ്പടുമായിരുന്ന ഇത്തരമൊരു അവസ്ഥ പക്ഷേ ലോകത്തിലാദ്യമായിട്ടാണ് റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇതിനെപ്പറ്റി വിശദമായ ഒരു പഠനറിപ്പോർട്ടും ഡോ.കിംബർ പ്രസിദ്ധീകരിച്ചു. ഭാവിയില്‍ ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് വായിച്ചുപഠിക്കാനായി ജേണൽ ഓഫ് ന്യറോളജി, ന്യൂറോസർജറി, സൈക്യാട്രി എന്ന മാഗസിനിൽ ഇതിന്റെ സമ്പൂർണ റിപ്പോർട്ടും ലഭ്യമാക്കിയിട്ടുണ്ട്.