ഇനി ഗർഭനിരോധന ഉറ വീട്ടിലെത്തും 30 മിനിറ്റിനുള്ളിൽ

Representative image

മെഡിക്കൽ ഷോപ്പിൽ ചെന്നു വിയർത്തു ചമ്മിയ മുഖത്തോടെ can I have a pack of... എന്നു പറഞ്ഞു വിക്കുന്ന ആളെ ഗർഭനിരോധന ഉറ നിർമാതാക്കൾ അവരുടെ പരസ്യത്തിൽ അവതരിപ്പിച്ചിരുന്നു. 25 വർഷങ്ങൾക്കു മുൻപാണു പരസ്യം ഇറങ്ങിയതെങ്കിലും ഇന്നും സ്ഥിതിക്കു മാറ്റമില്ല. ഒരുപാടു പേരു കൂടിനിൽക്കുന്ന മെഡിക്കൽ ഷോപ്പിൽ ചെന്ന് ഗർഭനിരോധന ഉറ വാങ്ങുക എന്നു വച്ചാൽ ആണുങ്ങൾക്ക് ബവ്റിജസ് ഔട്ട്ലറ്റിൽ ക്യൂ നിൽക്കുന്നതിലും വിഷമം പിടിച്ച കാര്യം തന്നെ.

ഇനി ഈ സ്ഥിതിക്കു മാറ്റം വരാൻ പോകുന്നു. പിസയോ ബിരിയാണിയോ ഒക്കെ ഓർഡർ ചെയ്യുന്നതു പോലെ ഓർഡർ ചെയ്താൽ മതി. അര മണിക്കൂറിനുള്ളിൽ സാധനം നിങ്ങളുടെ വീട്ടിലെത്തും. കോണ്ടം മാത്രമല്ല, ലൂബ്രിക്കറ്റ്, പ്രെഗ്നൻസി ടെസ്റ്റ് കിറ്റ് തുടങ്ങിയവയൊക്കെ വീട്ടിലെത്തിച്ചു തരും. ഇനി പറഞ്ഞ അരമണിക്കൂറിനുള്ളിൽ എത്തിക്കാൻ പറ്റിയില്ലെന്നുണ്ടോ, സാധനം ഫ്രീയയായി തന്നിട്ടു പോകും.

ഡൽഹിയിലെ സ്റ്റാർട് അപ് സംരംഭകരായ SMS Contraceptive ആണ് പുതിയ പദ്ധതി ഇന്ത്യയിൽ നടപ്പാക്കുന്നത്. 18നും 25നും ഇടയിൽ പ്രായമുള്ളവരിൽനിന്നാണ് ഞങ്ങൾക്ക് ഏറ്റവുമധികം ഓർഡർ കിട്ടുന്നത്– കമ്പനി ഉടമ സിർഹാൻ സേഥ് പറയുന്നു. എസ്എംഎസ്, വാട്സാപ്, സ്നാപ് ചാറ്റ് വഴിയൊക്കെ ഓർഡർ നൽകാം. ഗർഭനിരോധന ഉറ കടയിൽ പോയി വാങ്ങാനുള്ള ആളുകളുടെ മടി കണക്കിലെടുത്താണ് ഇത്തരമൊരു സംരംഭത്തിനു തുടക്കമിട്ടത്. ഡൽഹിയിലെ ഗുരുഗ്രാമിലാണ് തൽക്കാലം പദ്ധതി തുടങ്ങിയിരിക്കുന്നത്. വൈകാതെ ഇന്ത്യയിലെ വൻ നഗരങ്ങളിലെല്ലാം പദ്ധതി വ്യാപിപ്പിക്കും.

ഗർഭനിരോധന ഉറ ഒരു മണിക്കൂറിനുള്ളിൽ വീട്ടിൽ എത്തിക്കുന്ന ഷോപ്പിങ് പോർട്ടലുകൾ ഉണ്ടെങ്കിലും ആദ്യമായാണ് അരമണിക്കൂറിനുള്ളിൽ എത്തിക്കുന്ന സംരംഭം. രാത്രി ആയാലും പകൽ ആയാലും സർവീസ് മുടക്കില്ല. അരമണിക്കൂർ കാത്തിരിക്കാനുള്ള ക്ഷമ വേണമെന്നു മാത്രം. സാധനം എത്തിക്കുന്ന അരമണിക്കൂറിനു മുൻപ് എന്തെങ്കിലും സംഭവിച്ചാൽ തങ്ങൾ ഉത്തരവാദികൾ ആയിരിക്കില്ലെന്ന് സ്റ്റാറ്റ്യൂട്ടറി വാണിങ്.