പൂവാലൻ അണ്ണാൻ അറസ്റ്റിൽ!

അണ്ണാറക്കണ്ണൻ ആയാലും മിടുക്ക് അധികമായാൽ പൊലീസ് ഇടപെടും. ജർമനിയിൽ യുവതിയുടെ ‘പിന്നാലെ നടന്ന’ അണ്ണാനെ പൊലീസ് അറസ്റ്റു ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ബോട്ട്റോപിൽ നിന്നാണ് പൊലീസിന് പരിഭ്രാന്തി നിറഞ്ഞ വിളി വന്നത്. നടന്നുപോകുകയായിരുന്ന തന്നെ ഒരു അണ്ണാൻ പിന്തുടരുന്നു എന്നായിരുന്നു വിറയലോടെ യുവതി അറിയിച്ചത്. ഓടിക്കാൻ ശ്രമിച്ചിട്ടും പോകുന്നില്ല. പിന്നെ മാർഗമില്ലാതെ പൊലീസിനെ വിളിക്കുകയാണ്.

പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. അണ്ണാനെ അകത്താക്കി സ്റ്റേഷനിലെത്തി. അറസ്റ്റ് രേഖപ്പെടുത്തിയതായി പത്രക്കുറിപ്പും ഇറക്കി. ക്ഷീണിതനാണ് കക്ഷി എന്നു കണ്ടെത്തിയതോടെ പൊലീസുകാർ കുറച്ചു തേൻ നൽകി. അതിന്റെ വിഡിയോ ഫെയ്സ്ബുക്കിലിട്ടതോടെ സംഭവം ഹിറ്റായി. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പന്ത്രണ്ടായിരത്തിലേറെപ്പേർ കണ്ടു. അതോടെ അണ്ണാൻമാരുടെ ‘തോന്ന്യാസം’ പിടിക്കപ്പെടുന്നത് ആദ്യമല്ലെന്ന വിവരവും പുറത്തുവന്നു. ധാന്യങ്ങൾ തിന്നുതീർത്തതിന് അമേരിക്കയിലെ മിഷിഗണിൽ ഈ മാസം അണ്ണാനെതിരെ കേസെടുത്തിട്ടുണ്ട്. എങ്കിലും പരാതിയുടെ അടിസ്ഥാനത്തിലുള്ള ‘അണ്ണാൻ അറസ്റ്റ്’ ഇതാദ്യം.