ബീയർ കുളത്തിൽ കുളിച്ചു കുടിക്കാം !

ബീയർ കുളത്തിൽ കുളിച്ചു കുടിക്കുന്നവർ

ബീയർ പ്രേമികൾക്കൊരു സ്വർഗമുണ്ടെങ്കിൽ അതാണ് ഓസ്ട്രിയയിലെ സ്‌ക്ലോസ് സ്‌ററാകെൻബെർഗർ എന്ന ബീയർ നിർമാണശാല. മദ്യത്തിൽ നീരാടി എന്നൊക്കെയുള്ള നമ്മുടെ പ്രയോഗങ്ങൾ സഫലമാകുന്നത് ഇവിടെയാണ്. കാടിനു നടുവിലെ കോട്ടയ്ക്കുള്ളിലുള്ള ഈ ബീയർനിർമാണശാലയിലെത്തിയാൽ ചൂടു ബീയറിൽ കുളിച്ചുകൊണ്ടുതന്നെ ബീയർ ആസ്വദിക്കാം. ബീയറിൽ കുളിക്കാൻ കൂറ്റൻ ടബുകളാണ് കോട്ടയിൽ ഒരുക്കിയിരിക്കുന്നത്.

ബീയർ നിർമാണശാലയുടെ ഭൂമിക്കടിയിലെ അറകളിലാണ് ബീയർ ടബുകൾ. പഴക്കംചെന്ന മദ്യനിർമാണശാലയിലെ പഴയ വാറ്റുമുറികൾ രൂപമാറ്റം വരുത്തുകയാണ് ചെയ്തത്. വേൺഫ്രിഡ് പൊസ്ഷുസ്റ്റ എന്ന ആർട്ടിസ്റ്റാണ് വാറ്റു മുറികളെ ടബുകളാക്കി ബീയർ പ്രേമികൾക്ക് ഉല്ലാസകേന്ദ്രമൊരുക്കിയത്. 13 അടി നീളമുള്ള ടബിൽ 84,000 ലീറ്റർവരെ ബീയർ കൊള്ളും. ടബിൽ ഇഷ്ടംപോലെ ബീയർ ഉണ്ടെങ്കിലും അതു കുടിക്കാൻ അനുവാദമില്ല. കുടിക്കേണ്ടവർക്ക് വാറ്റുകേന്ദ്രത്തിന്റെ 10 പ്രത്യേകതരം ബീയറുകളിൽ ഒന്ന് തിരഞ്ഞെടുക്കാം. കസ്റ്റമേഴ്‌സിന് പൂളിൽ ഇരുന്ന് ശാന്തമായി ബീയർ കഴിക്കാം.

മുങ്ങാൻമാത്രം ബീയർ ടബിൽകൊള്ളും. 42,000 പൈന്റാണേ ഉള്ളത്. ബീയറിൽ വിറ്റാമിനും കാൽസ്യവും ധാരാളമടങ്ങിയിട്ടുണ്ടെന്നും പൂളിലിരിക്കുന്നത് ശരീരത്തിനു പുറത്തെ മുറിവുകളുണങ്ങാനും സോറിയാസിസിനും നല്ലതാണെന്നുമാണ് വാറ്റുകേന്ദ്രത്തിന്റെ പ്രലോഭനം. പൂളുകളുടെ അന്തരീക്ഷംതന്നെ ബാറുപോലെയാണ്. അരണ്ടമഞ്ഞവെളിച്ചംതന്നെ ഇവിടെയും. പൗരാണികമായ ചിത്രങ്ങളുമുണ്ട് ആസ്വദിക്കാൻ. പൂളിൽ ഒന്നിലധികംപേർക്ക് ഒരുമിച്ചു കുളിക്കാം.

2005ൽ ആണ് പൂൾ തുടങ്ങിയത്. 700 വർഷം പഴക്കമുള്ള കോട്ടയുടെ വാറ്റുകേന്ദ്രം ഉപയോഗശൂന്യമായപ്പോൾ ബീയർ സ്പാ ആക്കി മാറ്റുകയായിരുന്നു. പൂളിലെ ബീയറിനു നല്ല ചൂടുണ്ടാകും. തണുത്തത് ഓർഡർ ചെയ്ത് ഉള്ളു തണുപ്പിക്കാം. ഒരു മലയുടെ സമീപത്താണ് ഈ വാറ്റുകേന്ദ്രം. അടുത്തുതന്നെ വിസ്കി വാറ്റിയെടുക്കുന്ന സ്ഥലവും തൊട്ടടുത്തായി ഒരു തോടും ഉണ്ട്. വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രങ്ങളിലൊന്നാണ് ഇവിടം.