ലെക്സിക്കുട്ടിക്ക് തിരിച്ചുകിട്ടി, കാരമലിനെ...

ലെക്സി കാരമലിനൊപ്പം

എട്ടുവയസ്സായിട്ടും നടക്കാൻ ബുദ്ധിമുട്ടായിരുന്നു ലെക്സി ടെയ്‌ലർ എന്ന ഇംഗ്ലണ്ടുകാരി പെൺകുട്ടിക്ക്. കുട്ടികൾക്കു വരുന്ന ആർത്രൈറ്റിസായിരുന്നു പ്രശ്നം. കാലുകളിലെ എല്ലുകളുടെ സന്ധികളെ ബാധിക്കുന്ന ഈ അവസ്ഥയിൽ നിന്ന് ആശ്വാസം ലഭിക്കാനായി ദിവസവും വ്യായാമം ചെയ്യണം. നടക്കുമ്പോഴുള്ള വേദന ഭയന്ന് ലെക്സിക്കുട്ടി മടി പിടിച്ചിരുന്നു. പക്ഷേ നാലു മാസം മുൻപ് ഒരു മാജിക് സംഭവിച്ചു. അവരുടെ വീട്ടിലേക്ക് പുതിയൊരു അതിഥിയെത്തി. അതോടെ ലെക്സി വീട്ടിലും പൂന്തോട്ടത്തിലുമൊക്കെ ഓടിച്ചാടി നടക്കാനും തുടങ്ങി. കാരമൽ എന്നായിരുന്നു ആ അതിഥിയുടെ പേര്. ചിവ്വ്വാവ ഇനത്തിൽപ്പെട്ട ചോക്കലേറ്റ് നിറത്തിലുള്ള ഒരു കുഞ്ഞൻ പട്ടിക്കുട്ടിയായിരുന്നു കാരമൽ. അവനെ നടത്തിക്കാനും ഒപ്പം കളിക്കാനുമെല്ലാമുള്ള ശ്രമത്തിനിടെയാണ് ലെക്സിക്കുട്ടിയും നടക്കാൻ തുടങ്ങിയത്. അതോടെ ആവശ്യത്തിന് വ്യായാമവുമായി, ആർത്രൈറ്റിസിന് ആശ്വാസവും കിട്ടിത്തുടങ്ങി. പക്ഷേ ജൂൺ മൂന്നിന് ലെക്സിയുടെ വീട്ടിൽ കുറേ കള്ളന്മാർ കയറി. കയ്യിൽക്കിട്ടിയതെല്ലാം അടിച്ചുമാറ്റിയ കൂട്ടത്തിൽ അവർ കാരമലിനെയും കൊണ്ടുപോയി.

കാരമലിനെ കണ്ടെത്താനായി തയ്യാറാക്കിയ ഫേസ്ബുക്ക് പേജ്

ഹെർണിയയും ട്യൂമറും കാരണം ഡോക്ടറെ കാണിക്കാനിരിക്കെയായിരുന്നു കാരമലിനെ കള്ളന്മാർ മോഷ്ടിച്ചെടുത്തത്. അതോടെ ലെക്സിക്കുട്ടിക്ക് ഊണും ഉറക്കവുമില്ലാതായി. മകളുടെ ആരോഗ്യം തിരിച്ചുകിട്ടിയ സന്തോഷത്തിലായിരുന്ന മാതാപിതാക്കൾ ട്രേസിക്കും റിച്ചാർഡിനും അതിലേറെ സങ്കടം. പക്ഷേ കാരമലിനെ അങ്ങനെ വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല അവർ. ഫെയ്സ്ബുക്കിൽ ‘ഫൈൻഡ് കാരമൽ’ എന്നൊരു പേജു തയാറാക്കി ലെക്സിയും നായ്ക്കുട്ടിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി വികാരനിർഭരമായ ഒരു കുറിപ്പുമിട്ടു. കാണാതായ വളർത്തുമൃഗങ്ങളെ കണ്ടെത്താൻ സഹായിക്കുന്ന ഒരു പ്രാദേശിക വെബ്സൈറ്റും ഇത് പ്രമോട്ട് ചെയ്തു. ലെക്സിക്കുട്ടിയുടെ ഭാവിക്ക് കാരമലിനെ കിട്ടിയേ തീരൂ എന്നു മനസിലാക്കിയ പ്രദേശവാസികളെല്ലാം ക്യാംപെയ്നിൽ സജീവമായിത്തന്നെ പങ്കെടുത്തു. ഇന്ത്യയിൽ നിന്നും കാനഡയിൽ നിന്നും വരെ പിന്തുണയറിയിച്ച് പതിനാലായിരത്തോളം പേർ പേജ് ലൈക്ക് ചെയ്തു. ചിലർ ലെക്സിയെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു.

ലെക്സി കാരമലിനൊപ്പം

1.3 കോടി പേരിലേക്കാണ് ഫെയ്സ്ബുക്കിലൂടെ സന്ദേശമെത്തിയത്. പൊലീസും കാരമലിനെ കണ്ടെത്തുന്നവർക്ക് അറിയിക്കുന്നതിനായി കോള്‍സംവിധാനം വരെ തയാറാക്കി. 1000 പൗണ്ട് സമ്മാനവും പ്രഖ്യാപിച്ചു. ദിവസവും പലരും വിളിച്ചു. പക്ഷേ അവരുടെ കയ്യിലുണ്ടായിരുന്നതൊന്നും കാരമലായിരുന്നില്ല. അങ്ങനെ ആ പട്ടിക്കുട്ടിയെ കാണാതായി 12 ദിവസങ്ങൾ കഴിഞ്ഞു. ഒരുനാൾ ലെക്സി സ്കൂളിൽ പോയ നേരം. രാവിലെ വീട്ടിലേക്കു വന്ന ഫോൺ റിച്ചാർഡാണെടുത്തത്. അങ്ങേയറ്റത്ത് ഒരു സ്ത്രീയാണ്: തങ്ങൾ പുതുതായി വാങ്ങിയ പട്ടിക്കുട്ടി കാരമലാണോയെന്ന സംശയത്തിലായിരുന്നു ആ ഫോൺ. റിച്ചാർഡ് ഉടൻ അവർ പറഞ്ഞിടത്തേക്കു പോയി. അവിടെ കാത്തിരിപ്പുണ്ടായിരുന്നു കാരമൽ. റിച്ചാർഡിനെ കണ്ടതും ഓടിവന്നു കെട്ടിപ്പിടിച്ചു മുഖത്ത് സ്നേഹത്തോടെ നക്കാൻ തുടങ്ങി. അതോടെ ആ വീട്ടുകാർ പട്ടിക്കുഞ്ഞനെ റിച്ചാർഡിനൊപ്പം വിട്ടു.

കാരമൽ

വൈകിട്ട് പതിവുപോലെ സ്കൂൾ വിട്ടുവന്ന ലെക്സിയാകട്ടെ വീട്ടിലെ സോഫയിൽ കാരമലിനെക്കണ്ട് അന്തംവിട്ടു പോയി. ഇനിയൊരിക്കലും തിരികെ വരില്ലെന്നു കരുതിയ തന്റെ കുഞ്ഞുകൂട്ടുകാരൻ ഇതാ കണ്മുന്നിൽ...കരഞ്ഞുകലങ്ങിയ ലെക്സിയുടെ കണ്ണുകളിൽ അതോടെ സന്തോഷം നിറയുകയായിരുന്നു. കാരമലിനെ തിരിച്ചുനൽകിയവരുടെ വിവരങ്ങൾ പക്ഷേ അവർക്ക് താൽപര്യമില്ലാത്തതിനാൽ പുറത്തുവിട്ടില്ല. എന്തായാലും തങ്ങളെ പിന്തുണച്ച എല്ലാവർക്കും നൂറുകോടി നന്ദി പറഞ്ഞ ലെക്സിയുടെ അമ്മ ട്രേസി ഒന്നുകൂടി കൂട്ടിച്ചേർക്കുന്നു: ഈ നിമിഷം, ലോകത്തിലെ ഏറ്റവും സന്തോഷമുള്ള കുടുംബം ഞങ്ങളുടേതായിരിക്കും...’