സോക്സ് ഉണ്ടാക്കി ഉണ്ടാക്കി വാട്ടർ ബലൂണായി

Representative Image

ബലൂണിൽ വെള്ളവും നിറച്ച് ഫ്രിഡ്ജിൽവച്ച് നന്നായൊന്നു തണുപ്പിച്ചെടുത്ത് കൂട്ടുകാരന്റെ തലനോക്കിയൊരേറ് കൊടുക്കുമ്പോൾ കിട്ടുന്ന സുഖമൊന്നു വേറെ തന്നെയല്ലേ. ഒരു ബോംബു സ്ഫോടനത്തിന്റെ സുഖവും എന്നാൽ യാതൊരു പരുക്കുമുണ്ടാകില്ലെന്നുള്ള ആശ്വാസവും ഒരു പോലെ പകരുന്ന വാട്ടർ ബലൂണുകൾക്കുണ്ട് രസകരമായൊരു കഥപറയാൻ. അബദ്ധത്തിൽ സംഭവിച്ചൊരു കണ്ടുപിടിത്തമാണ് വാട്ടർ ബലൂൺ. 1950ൽ ഇംഗ്ലിഷുകാരനായ എഡ്ഗർ എല്ലിങ്ടണാണ് വാട്ടർ ബലൂണിനെ കുസൃതിക്കുടുക്കകളുടെ ലോകത്തേക്ക് പറഞ്ഞുവിട്ടത്. വാട്ടർ പ്രൂഫ് സോക്സ് ഉണ്ടാക്കാനുള്ള പരിശ്രമത്തിലായിരുന്നു എല്ലിങ്ടൻ.

അഴുക്കുവെള്ളത്തിൽ നിന്ന് കാലു വൃത്തികേടാകാതിരിക്കാനായിരുന്നു അദ്ദേഹത്തിന്റെ വാട്ടർ പ്രൂഫ് സോക്സ് പരീക്ഷണം. സോക്സിനു മുകളിൽ ധരിക്കാവുന്ന ലാറ്റക്സ് സോക്സ് അതായിരുന്നു ലക്ഷ്യം. കാലിന്റെ വലിപ്പത്തിൽ സോക്സ് ഉണ്ടാക്കുന്നതിൽ വിജയിച്ചെങ്കിലും പദ്ധതി പാളിപ്പോയി. വെള്ളം നിറയ്ക്കുമ്പോഴേക്കും സോക്സ് ചോരാൻ തുടങ്ങി. പലതവണ ശ്രമിച്ചിട്ടും പരാജയം തന്നെ. ദേഷ്യം പിടിച്ച് സോക്സ് എടുത്ത് ചുവരിലെറിഞ്ഞപ്പോൾ ജലസ്ഫോടനം.. അതോടെ എല്ലിങ്ടണിന്റെ തലയിലും ലഡ്ഡു പൊട്ടി. അതോടെ സോക്സ് ഉണ്ടാക്കൽ നിർത്തി വാട്ടർ ബലൂണിനുവേണ്ടിയുള്ള പരിശ്രമങ്ങളിൽ ഏർപ്പെട്ടു. അങ്ങനെ ആഘോഷങ്ങൾക്കു ഹരം പകരാൻ വാട്ടർബലൂൺ നമുക്കിടയിലേക്കു വന്നു.