വേനൽ; വസ്ത്രങ്ങൾക്ക് ചൂടൻ വിപണി

എത്ര കഠിന വേനലാണെങ്കിലും കറുത്ത വേഷമണിഞ്ഞ് ‘സ്റ്റൈലായി’ നടക്കുന്നവരായിരുന്നു മലയാളികൾ. ഏത് അബദ്ധത്തിനും ഏതെങ്കിലും സിനിമയുടെ പേരിൽ ജാമ്യമെടുക്കുന്ന രീതി അനുസരിച്ച് കഴിഞ്ഞ വർഷം ഇതിനെ ‘പ്രേമ’മെന്നാരോ വിളിക്കുകയും ചെയ്തു. ഗൾഫ് രാജ്യങ്ങളെ തോൽപ്പിച്ച് മുന്നേറുന്ന ഇത്തവണത്തെ വേനലിൽ പക്ഷേ, കേരളത്തിലെ വസ്ത്രശാലകളിൽ കറുപ്പ് ആർക്കും വേണ്ടാത്ത നിറമായി. ഇതുവരെ കാണാത്ത വിധം ‘സമ്മർ’ വസ്ത്ര വ്യാപാരം തകർക്കുകയാണിപ്പോൾ. പരുത്തി(കോട്ടൺ)യോ ലിനനോ ആകണം മെറ്റീരിയൽ, അവ വെളുപ്പിലോ പേസ്റ്റൽ പോലെ ഇളം നിറങ്ങളിലോ ആകണം, ദേഹത്ത് ഇറുകിപ്പിടിക്കാതെ ലൂസായിക്കിടക്കണം– കേരളത്തിന്റെ ഈ വേനൽ നിലപാടുകൾക്കനുസരിച്ച് ദേശീയ– ബഹുരാഷ്ട്ര ഫാഷൻ ബ്രാൻഡുകളൊക്കെ ഇക്കുറി ‘സ്പ്രിങ്– സമ്മർ’ ശ്രേണി വിപണിയിലെത്തിച്ചിട്ടുണ്ട്.

കോട്ടൺ, ലിനൻ, പുരുഷൻ

പുരുഷ വസ്ത്ര വിപണിയിൽ 100% കോട്ടൺ, ലിനൻ അല്ലെങ്കിൽ ലിനൻ–കോട്ടൺ മിക്സ് ഷർട്ടുകളാണ് ഇപ്പോൾ വിൽപ്പനയുടെ എഴുപതു ശതമാനത്തിലേറെയും. ഈ മൂന്നു വിഭാഗത്തിലും റെഡ്മെയ്ഡ് ഷർട്ടുകൾ ഏതു പോക്കറ്റിനും ഇണങ്ങുന്ന വിലനിലവാരത്തിൽ ലഭ്യമായതോടെ പോളിയെസ്റ്റർ പോലുള്ള സിന്തറ്റിക് മെറ്റീരിയലുകൾ ഔട്ട് ആയെന്ന് ലുലു ഫാഷനിലെ ബയർ അനീസ് അലി പറയുന്നു. വിവിധ ബ്രാൻഡുകളുടെ ഷർട്ടുകളിൽ ആയിരം രൂപ മുതൽ 2000 വരെ വിലയുള്ളവയ്ക്കു മികച്ച വിൽപ്പനയുണ്ട്.

പാന്റ്സിന്റെ കാര്യത്തിലും കോട്ടൺ ആയി താരം. നിത്യ ഹരിത നായകനായ ജീൻസിന്റെ വിൽപ്പന പോലും കുറയുകയാണ് വേനൽക്കാലത്ത്. ലിനൻ പാന്റ്സും നന്നായി വിറ്റഴിയുന്നു. ഫോമൽ, സെമി ഫോമൽ, കാഷ്വൽ വിഭാഗങ്ങളിലൊക്കെ ഫെബ്രുവരി മുതൽ സമ്മർ കളക്‌ഷനുകൾക്കാണു വിൽപ്പനയെന്ന് പീറ്റർ ഇംഗ്ലണ്ടിന്റെ കേരള ഡിസ്ട്രിബ്യൂട്ടർ ലതാ പരമേശ്വരൻ പറയുന്നു. നാലു മാസം നീളുന്ന വലിയ വിപണിയായി കേരളത്തിൽ വേനൽ മാറിയിരിക്കുന്നു. പാന്റ്സിൽ പോലും വെളുപ്പ്, ക്രീം, ബെയ്ജ് തുടങ്ങിയ നിറങ്ങളോടാണു പ്രിയം. സാരിയിലേക്കും ലിനൻ വരാൻ വേനൽ വലിയൊരു കാരണമായിട്ടുണ്ട്. കോട്ടൺ കാഷ്വൽ ഷർട്ടുകളുടെ വിപണി ഓരോ വർഷവും ഇരട്ടിയായി വളരുന്നത് മറ്റൊരുദാഹരണം.

കോട്ടൺ വസ്ത്രങ്ങളിൽ പെട്ടെന്നു ചുളിവുണ്ടാകുമെന്നത് നേരത്തേ പലരെയും അതിൽനിന്ന് അകറ്റിയിരുന്നു. എന്നാലിപ്പോൾ തുണി പ്രത്യേക പ്രക്രിയകളിലൂടെ ചുളിവുണ്ടാകാത്തതാക്കി(റിങ്കിൾ–ഫ്രീ) മാറ്റാൻ വസ്ത്ര നിർമാതാക്കൾക്കാകുന്നുണ്ട്. കോട്ടണിലേക്ക് കൂടുതൽ പേരെത്താൻ ഇതും കാരണമായെന്ന് മദുര ഗാർമെന്റ്സ് ഫ്രാഞ്ചൈസീ നിത്യാനന്ദ കമ്മത്ത്. കോട്ടൺ പാന്റ്സ് തന്നെ വേണമെന്നു നിർബന്ധം പിടിക്കാനുള്ള ആത്മവിശ്വാസം ഇപ്പോൾ ഉപയോക്താക്കൾക്കുണ്ട്. കുട്ടികൾക്കായും പരുത്തി വസ്ത്രങ്ങളാണ് രക്ഷിതാക്കൾ തിരഞ്ഞെടുക്കുന്നത്.

വളരെ കുറഞ്ഞ വിലയിൽ ‘ലിനൻ’ ഷർട്ട് കിട്ടുമ്പോൾ അത് എത്രത്തോളം ‘ലിനൻ’ ആണെന്നു സംശയമുണ്ടെന്നു ലിനൻ വസ്ത്ര നിർമാണ– മൊത്തവ്യാപാര കമ്പനിയായ ബെല ക്രിയേഷൻസിന്റെ ഉടമ ബീന ജെയിംസ് പറയുമ്പോൾ വിപണിയുടെ മറ്റൊരു മുഖം വെളിപ്പെടുന്നു. റമി എന്ന പേരിൽ മുഖ്യമായും ചൈനയിൽനിന്നെത്തുന്ന തുണിയും ലിനൻ എന്ന പേരിലാണ് ഉപയോക്താവിനു കിട്ടുന്നത്. ഇത് സിന്തറ്റിക് എന്നു പറയാവുന്ന തുണിയാണ്. കോട്ടൺ– ലിനൻ മിക്സ് തുണിയെയും ലിനൻ എന്നു മാത്രം വിശേഷിപ്പിക്കുന്നവരുണ്ട്.

ധരിക്കാനുള്ള സുഖം നോക്കി ഫാഷൻ തീരുമാനിക്കാൻ ജനങ്ങളെ പ്രാപ്തരാക്കിയതിൽ റീട്ടെയിൽ വിപ്ലവത്തിനു കാര്യമായ പങ്കുണ്ടെന്ന് വ്യാപാരികളും ഡിസൈനർമാരും വിലയിരുത്തുന്നു. ആഗോള തരംഗങ്ങളൊക്കെ ഏതു ചെറുപട്ടണത്തിലും എത്തിയപ്പോൾ സീസൺ അനുസരിച്ചുള്ള വസ്ത്രശ്രേണികൾ പരിചിതമായി. ഫെബ്രുവരി മുതൽ മേയ് ‌വരെ മികച്ച ഒരു സീസൺ തുറന്നുകിട്ടിയതാണ് വിപണിക്കുണ്ടായ നേട്ടം.

ഞങ്ങൾ ഫിറ്റല്ല

മഴക്കാലം കൂടുതലായിരുന്നതിനാൽ വേനലിനെ കണക്കിലെടുക്കാതെയുള്ള വസ്ത്രധാരണരീതി പിന്തുടർന്നിരുന്ന കേരള വനിതകളുടെ ഇപ്പോഴത്തെ രീതിയിൽ വളരെ പ്രകടമായ മാറ്റമുണ്ടെന്നാണ് ഫാഷൻ ഡിസൈനർ ശാലിനി ജെയിംസിന്റെ നിരീക്ഷണം. ‘ഫിറ്റ്’ ആയിരിക്കണം വസ്ത്രം എന്നതിൽനിന്ന് സുഖകരമായതാകണം വസ്ത്രം എന്ന നിലയിലേക്കു മാറി. ‘ആന്റി–ഫിറ്റ്’ എന്നു വിളിക്കാവുന്ന ഈ ട്രെൻഡിൽ കുർത്ത, ട്യൂണിക്, പലാസോ, പാവാട ഒക്കെയുണ്ട്.

സിന്തറ്റിക് മെറ്റീരിയലുകൾ ഉപേക്ഷിച്ച് കൂടുതൽ കൂടുതൽ സ്ത്രീകൾ കോട്ടൺ പോലെയുള്ള പ്രകൃതിദത്ത തുണിയിലേക്കു തിരിയുന്നതും ശ്രദ്ധേയ മാറ്റമാണ്. സിന്തറ്റിക് തുണി ഉപയോഗിക്കുകയേ ഇല്ല എന്നു നിർബന്ധമുള്ളവരുടെ എണ്ണം ഓരോ വർഷവും കൂടിവരുന്നത് വിപണിയിൽ അനുഭവപ്പെടുന്നുണ്ട്. ഇസ്തിരിയിടാതെപോലും ഉപയോഗിക്കാവുന്ന സൗകര്യമായിരുന്നു സിന്തറ്റിക്കിന്റേത്. എന്നാൽ സ്റ്റാർച്ച് മുക്കി ഇസ്തിരിയിട്ട് കോട്ടൺ ഉപയോഗിക്കാൻ ഇപ്പോൾ സ്ത്രീകൾക്കു വിമുഖതയില്ല.

ബോളിവുഡിൽനിന്നു നേരിട്ടു ഫാഷൻ സ്വീകരിക്കുന്ന മെട്രോ നഗരങ്ങളിലെ ട്രെൻഡ് അതിവേഗം കേരളത്തിലുമെത്തുന്നുണ്ടെന്ന് ലുലു ഗ്രൂപ്പ് സീനിയർ സ്റ്റൈലിസ്റ്റ് സ്നേഹ് ബാഗ്‌വെ കൽറ പറയുന്നു. 70കളിലെ ട്രെൻഡ് ആണിപ്പോൾ വേനൽ വേഷമായി പ്രിയമാർജിക്കുന്ന പലാസോയും നീളൻ പാവാടകളുമൊക്കെ. വെള്ളയും ഇളം പച്ച, പിങ്ക് തുടങ്ങിയ പേസ്റ്റലുകളുമൊക്കെയാണു സമ്മറിൽ ഏറെ വിറ്റഴിയുക. കടും നിറം വേണമെന്നുള്ളവർ നീലയുടെ വിവിധ ഭാവങ്ങളിലേക്കു പോകുമെന്ന് സ്നേഹ് പറയുമ്പോൾ ‘ഇൻഡിഗോ’യും പരമ്പരാഗത ഇന്ത്യൻ നിറങ്ങളും ഏറെ ജനപ്രീതി നേടുന്നുണ്ടെന്ന് ശാലിനി ജെയിംസ് കൂട്ടിച്ചേർക്കുന്നു. ചെറുപ്പക്കാർ ക്രോപ് ടോപ്പുകൾ പോലെയുള്ള ‘ലിറ്റ്ൽ സമ്മർ ഡ്രെസ്’ ഫാഷനും പിന്തുടരുന്നുണ്ട്. ഫ്ലോറൽ പ്രിന്റുകളുടെയും കാലമാണിത്.