പഠിപ്പ് മോശം വിദ്യാർഥിക്ക് കാശുതിരികെ, എല്ലാ കോളജും ഇങ്ങനെയായിരുന്നെങ്കിൽ...

Representative image

എത്ര മനോഹരമായ ആചാരങ്ങൾ എന്നു ചിന്തിച്ചുപോകും സ്വീഡനിലെ ഒരു കോടതി വിധി അറിയുമ്പോൾ. പഠിപ്പിച്ചതു മോശമായതിന്റെ പേരിൽ കോളജ്,വിദ്യാർഥിക്ക് ട്യൂഷൻ ഫീസ് തിരികെ നൽകാൻ വിധിയായിരിക്കുകയാണ്. അമേരിക്കക്കാരിയായ ബിസിനസ് വിദ്യാർഥിനി കോനി അസ്‌കൻബാക്കാണ് ട്യൂഷൻ ഫീസ് തിരികെ ലഭിക്കുന്ന ഭാഗ്യവതി. സ്വീഡനിലെ മലർഡലെൻ യൂണിവേഴ്‌സിറ്റിയിലെ ദ്വിവർഷ
അനലിറ്റിക്കൽ ഫിനാൻസ് വിദ്യാർഥിയായിരുന്നു കോനി. 2011 മുതൽ 13 വരെ താൻ പഠിച്ച ഈ കോഴ്‌സിന് യാതൊരു പ്രായോഗിക മൂല്യവുമില്ലെന്നു കാട്ടിയാണ് വിദ്യാർഥിനി പരാതി നൽകിയത്.

സ്വീഡനിലെ ഹയർ എജ്യൂക്കേഷൻ അതോറിറ്റി 2013ൽ കോഴ്‌സിനെതിരായി രംഗത്തുവന്നതു ചൂണ്ടിക്കാട്ടിയാണ് വസ്റ്റമൻലൻഡ് കോടതി കോളജിന് എതിരായി വിധി പുറപ്പെടുവിച്ചത്. ട്യൂഷൻ ഫീസായ 14,000 പൗണ്ടും പലിശയും വിദ്യാർഥിക്കു നൽകേണ്ടിവരും.

മലർഡലെൻ യൂണിവേഴ്‌സിറ്റി ഡയറക്ടർ മേരി എറിക്‌സൻ വലിയ തോതിൽ പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന വിധി എന്നാണ് പ്രതികരിച്ചത്.
ഇരുപതിനായിരത്തോളം അമേരിക്കൻ വിദ്യാർഥികൾ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. പരസ്യങ്ങളിലൂടെ പറയുന്ന നിലവാരം പുലർത്താതെ കോളജുകൾ തങ്ങളെ വഞ്ചിച്ചതായാണ് വിദ്യാർഥികളുടെ ആരോപണം. ഈ പശ്ചാത്തലത്തിലാണ് വിധി വന്നിരിക്കുന്നത്. സ്വീഡിഷ് സെന്റർ ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ പിന്തുണയോടെയാണ് അസ്‌കൻബാക്ക് കേസുകൊടുത്തത്.

സ്വീഡിഷ് യൂണിവേഴ്‌സിറ്റികളിൽ മിക്കതും സർക്കാർ സഹായത്താലാണ് പ്രവർത്തിക്കുന്നത്. 2011 മുതലാണ് യൂറോപ്യൻ യൂണിയനു പുറത്തുള്ള രാജ്യങ്ങളിലെ വിദ്യാർഥികളോട് ഫീസ് ഈടാക്കിത്തുടങ്ങിയത്.