ടീം ലീഡർ പെണ്ണെങ്കിൽ കമ്പനി കുതിക്കും

പുരുഷ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കാൻ ചൈന സ്വീകരിച്ചിരിക്കുന്ന പുതിയ നിലപാടു കണ്ട് അക്ഷരാര്‍ത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് പലരും. ചൈനീസ് ടെക്ക് കമ്പനികളില്‍ ആവിഷ്കരിക്കാൻ പോകുന്ന പുതിയ പദ്ധതിയാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. പുരുഷ പ്രോഗ്രാമർമാരെ പ്രോത്സാഹിപ്പിക്കാനും അവരിലെ കാര്യക്ഷമത വർധിപ്പിക്കാനുമായി സ്ത്രീ ടീം ലീഡർമാർ അഥവാ ചിയർ ലീഡർമാരെ നിയോഗിക്കാനാണ് ചൈനയിലെ ഭൂരിഭാഗം െഎടി കമ്പനികളുടെയും തീരുമാനം. ട്രെൻഡിങ് ചൈന ന്യൂസ് പബ്ലിഷിങ് ഫേസ്ബുക്ക് പേജിലാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവന്നത്.

സുന്ദരികളായ പെൺകുട്ടികളെയാണ് ചിയർ ലീഡർ പദവിയിലേക്ക് തിരഞ്ഞെടുക്കുന്നത്. പുരുഷ ജോലിക്കാരെ പ്രോത്സാഹിപ്പിക്കലും തൊഴിലിടത്തിലെ അന്തരീക്ഷം മികച്ചതാക്കലുമാണ് ഇവരുടെ ദൗത്യം. തൊഴിലിടത്തിൽ മടുപ്പുളവാക്കാത്ത രസകരമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനാണ് സുന്ദരികളും ബുദ്ധിമതികളും ഉൗർജസ്വലരുമായ പെൺകുട്ടികളെ തിരഞ്ഞെടുക്കുന്നതെന്നാണ് വാദം. പ്രോഗ്രാമർമാർക്കു വേണ്ടി പ്രാതൽ വാങ്ങലും കത്തിയടിക്കലും എന്തിനധികം അവർക്കൊപ്പം ടേബിൾ ടെന്നീസ് കളിക്കുന്നതു വരെ ചിയർ ലീഡറിന്റെ പരിധിയിൽ വരുന്ന ജോലിയിൽ ഉൾപ്പെടും.

ഇത്തരത്തിലൊരു സ്കീം എത്ര ചൈനീസ് കമ്പനികൾ ഏറ്റെടുത്തിട്ടുണ്ടെന്നതിൽ വ്യക്തതയില്ല. അതിനിടെ ഇത്തരത്തിൽ മൂന്നു പെൺകുട്ടികളെ ചിയർ ലീഡർമാരായി നിയമിച്ചതോടെ തങ്ങളുടെ കമ്പനിയിലെ പുരുഷ ജോലിക്കാർ കൂടുതൽ കാര്യക്ഷമതയോടെ ജോലി ചെയ്യാനും പൊതുസമൂഹത്തിൽ നന്നായി ഇടപടാനും പ്രാപ്തരായി എന്നു വ്യക്തമാക്കി ചൈനയിലെ പ്രമുഖ െഎടി കമ്പനിയിലെ സിഇഒ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ജോലിയിലെ കാര്യക്ഷമത വർധിപ്പിക്കാൻ ചൈന സ്വീകരിച്ച വഴിയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുമുണ്ട്. മറ്റൊരു രീതിയിൽ സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപവും ചൂഷണവും വ്യക്തമാകുന്നതാണ് പുതിയ പദ്ധതിയെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.