പെൻസിൽ കൊണ്ട് പ്രേതത്തെ വിളിക്കാം; ഗെയിം വൈറലാകുന്നു

പ്രേതത്തെ വിളിച്ചുവരുത്തി സംസാരിക്കാനുള്ള ധൈര്യമുണ്ടോ നിങ്ങൾക്ക്? ഉണ്ടെങ്കിൽ ട്വിറ്ററിൽ ട്രെൻഡാകുന്ന ‘ചാർലിചാർലിചാലഞ്ചി’ൽ പങ്കെടുക്കാം. രണ്ടു ദിവസം കൊണ്ട് ലോകമാകെ ഇരുപതു ലക്ഷത്തിലധികം പേരാണ് ഈ ചാലഞ്ചിൽ പങ്കെടുത്തത്. #CharlieCharlieChallenge എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് തങ്ങളുടെ പ്രേതാനുഭവങ്ങൾ പങ്കുവയ്ക്കുന്ന തിരക്കിലാണ് പലരുമിപ്പോൾ. ചിലർ ട്വിറ്ററിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്തപ്പോൾ മറ്റു ചിലർ വിഡിയോ പോസ്റ്റിങ്ങാണ് നടത്തിയത്. കടലാസിൽ പ്രേതത്തെക്കണ്ട് വീട്ടുകാരെല്ലാവരും കൂട്ടത്തോടെ പേടിച്ചോടുന്ന വിഡിയോ വരെയുണ്ട്. സംഗതി പക്ഷേ സിംപിളാണ്. ഓജോ ബോർഡൊക്കെപ്പോലെ ഒരു ഗെയിം. രണ്ട് പെൻസിലും ഒരു കടലാസും മാത്രം മതി ഈ ഗെയിമിലൂടെ പ്രേതത്തെ വിളിച്ചുവരുത്താൻ. കടലാസിൽ ഒരു കുരിശ് ചിഹ്നം വരയ്ക്കുക. അതിന്റെ നാല് വശത്തായി യെസ്‌/നോ എന്നെഴുതുക. ശേഷം രണ്ട് പെൻസിലുകൾ കുരിശിന്റെ ആകൃതിയിൽ ചേർത്തു വയ്ക്കുക. (ചിത്രം ശ്രദ്ധിക്കുക) ചാർലി എന്ന മെക്സിക്കൻ പ്രേതത്തെയാണ് നാം വിളിച്ചുവരുത്താൻ‌ പോകുന്നത്. അതിനായി മന്ത്രിച്ചു തുടങ്ങാം–ചാർലി ചാർലി ആർ യു ഹിയർ...?

അതും ചൊല്ലി പെൻസിലിലേക്ക് ശ്രദ്ധിക്കുക. പെൻസിൽ അനങ്ങുന്നില്ലെങ്കിൽ പിന്നെയും ചോദ്യം ആവർത്തിക്കുക. പെട്ടെന്ന് പെൻസിൽ അനങ്ങും, അതിന്റെ ഒരറ്റം യെസിലേക്കോ നോയിലേക്കോ മുട്ടും. യെസ് ആണെങ്കിൽ ചാർലി നിങ്ങളുടെ വിളി കേട്ട് എത്തിയിരിക്കുന്നുവെന്നർഥം. നോ ആണെങ്കിൽ വീണ്ടും പരിശ്രമിക്കുക. പെൻസിൽ യെസ് എന്നെഴുതിയതിൽ മുട്ടുന്നതുകണ്ട് ജീവനും കൊണ്ട് ഓടിത്തള്ളുന്നവരുടെ വിഡിയോകളാണ് ഇന്റർനെറ്റിൽ ഓരോ നിമിഷവും പോസ്റ്റ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. ഓടാതെ ധൈര്യം സംഭരിച്ചിരുന്നാൽ നിങ്ങൾക്ക് അടുത്ത ചോദ്യം ചോദിക്കാം. പഴ്സനൽ ഉപദേശങ്ങളോ സംശയങ്ങളോ ഒക്കെ ചോദിക്കാം. ജസ്റ്റിൻ ബീബറിന്റെ അടുത്ത ആൽബം എന്നിറങ്ങും, അമേരിക്കയുടെ അടുത്ത പ്രസിഡന്റ് ഹിലരി ക്ലിന്റനാകുമോ തുടങ്ങി യെസ് അല്ലെങ്കിൽ നോ എന്നുത്തരം ലഭിക്കാവുന്ന ഏതു ചോദ്യവും ഉന്നയിക്കാം. അടുത്ത വീട്ടിലെ പെൺകുട്ടിക്ക് ലവ് ലെറ്റർ കൊടുത്താൽ അവൾ തല്ലുമോ? എന്ന ചോദ്യം വരെ ചോദിക്കാമെന്നു ചുരുക്കം. എല്ലാറ്റിനും ഉത്തരവും ലഭിക്കും. എല്ലാ ചോദ്യത്തിനോടും മാന്യമായാണത്രേ ചാർലിയുടെ പ്രതികരണം. പക്ഷേ ചാർലിയെ യാത്രയാക്കുമ്പോൾ ശ്രദ്ധിക്കണം. ‘ചാർലി, ചാർലി കാൻ വി സ്റ്റോപ്?’ എന്നു ചോദിച്ച് യെസ് എന്നുത്തരം കിട്ടിയാൽ മാത്രമേ നിർത്താവൂ. പാതിവഴിയിൽ നിർത്തിയാൽ പിന്നെ നിങ്ങൾ അസ്വാഭാവിക ശബ്ദങ്ങൾ കേട്ടുതുടങ്ങും, വീട്ടിലെ സാധനങ്ങൾ തനിയെ നീങ്ങുന്നതു പോലെ തോന്നും, ആരോ ചിരിക്കുന്നതു കേൾക്കും പക്ഷേ ആളെ കാണില്ല, അവിടവിടെയായി നിഴലുകൾ നീങ്ങുന്നതു കാണും...(ചുമ്മാതെയാണെന്നേ)

ഓജോ ബോർഡ് പോലെത്തന്നെ ചാർലിയും തട്ടിപ്പാണെന്നത് നെറ്റ് ലോകത്തിന് 100 ശതമാനം ഉറപ്പ്. മെക്സിക്കോയിൽ ചാർലി എന്ന പേരിലൊരു പ്രേതമോ ഇത്തരമൊരു ആചാരമോ പോലും ഇല്ലെന്നാണ് അവിടുത്തുകാർ പറയുന്നത്. പക്ഷേ സമാനമായി പെൻസിൽ കൊണ്ട് പ്രേതത്തെ വിളിച്ചുവരുത്തൽ വർഷങ്ങളായി ഒരു വിനോദം പോലെ നടത്താറുണ്ടത്രേ. ഭൂഗുരുത്വാകർഷണമോ കാറ്റോ ഒക്കെയാണ് പെൻസിലിനെ നീക്കുന്നതെന്നാണ് ശാസ്ത്രത്തിന്റെ വാദം. പക്ഷേ പലരും ഇതൊന്നും വിശ്വസിക്കുന്ന മട്ടില്ല. അതിനിടെ ഫിലാഡൽഫിയയിലുള്ള ഒരു കാത്തലിക് സ്കൂളിലെ വികാരി വിദ്യാർഥികൾക്കായി ഒരു കത്തയച്ചതും ട്വിറ്ററിൽ വൈറലായി. ഇത്തരത്തിൽ അമാനുഷിക ശക്തികളെ ഭൂമിയിലേക്കു വിളിച്ചുവരുത്തുന്നത് ദുരന്തങ്ങൾ സൃഷ്ടിക്കുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. എന്തായാലും ധൈര്യമുണ്ടെങ്കിൽ നിങ്ങൾക്കും ഒരു കൈ നോക്കാം. ശരിക്കും ചാർലി വന്നാലോ?