ലോകത്തെ ഞെട്ടിച്ച പ്രേതാനുഭവ കഥ പിറന്ന റൂം നമ്പർ 217

സ്റ്റാൻലി ഹോട്ടൽ

തന്റെ ആദ്യ‌ രണ്ട് നോവലുകളും പൂർത്തിയാക്കിയ ശേഷം മൂന്നാമതൊന്നിനെപ്പറ്റി എഴുത്തുകാരൻ സ്റ്റീഫൻ കിങ് ആലോചിച്ചിരുന്ന സമയം. മുൻകൃതികളുടെയെല്ലാം പശ്ചാത്തലം ഏകദേശം ഒരുപോലെയായിരുന്നു. വ്യത്യസ്തമായ പ്രകൃതിയിൽ പുതിയൊരു നോവൽ അത്യാവശ്യമായിരിക്കുന്നു. ഈ ചിന്തയിലാണ് ഭാര്യ തബിതയെയും കൂട്ടി ഇരുപത്തിയേഴാം വയസിൽ അദ്ദേഹം ഒരു യാത്ര പോയത്. 1974ലായിരുന്നു അത്. യാത്ര അവസാനിച്ചത് അമേരിക്കയിലെ കൊളറാഡോയിലുള്ള സ്റ്റാൻലി ഹോട്ടലിലും. ടൂറിസം സീസണിന്റെ അവസാനദിനങ്ങളായിരുന്നു അത്. മലയടിവാരത്തെ ആ ഹോട്ടലിൽ മറ്റാരുമില്ല. മഞ്ഞുകാലത്ത് താൽകാലികമായി പൂട്ടാനൊരുങ്ങുന്നതിനിടെയാണ് സ്റ്റീഫന്റെ വരവ്. എഴുത്തുകാരനല്ലേ, ഏതാനും ദിവസത്തേക്ക് താമസിക്കാനായി അവസരം ലഭിച്ചു. ഭക്ഷണത്തിനായി ഒരു ഷെഫുണ്ടായിരുന്നു അവിടെ, ഒപ്പം ബാറിലും ഒരാൾ. ഡൈനിങ് ഹാളിലെ മേശകളുടെ മുകളിൽ കസേരകളെല്ലാം കയറ്റിവച്ച് എല്ലാം പൂട്ടാൻ തയാറാക്കിയിട്ടിരിക്കുകയായിരുന്നു. സ്റ്റീഫനും തബിതയ്ക്കും വേണ്ടി ഒരു മേശ മാത്രം ഒഴിവാക്കിക്കൊടുത്തു. രാത്രിയുടെ തണുപ്പിൽ മെഴുകുതിരിവെട്ടത്തിന് അപ്പുറവും ഇപ്പുറവുമിരുന്ന് ഇരുവരും ഭക്ഷണം കഴിച്ചു. പശ്ചാത്തലത്തിൽ നേർത്ത സംഗീതം. ജനാലയ്ക്ക് പുറത്ത് മഞ്ഞിൻതണുപ്പ് പൊഴിഞ്ഞിറങ്ങുന്നു. ഭക്ഷണം കഴിച്ച് തബിത നേരത്തെ ഉറങ്ങാൻ കിടന്നു. എന്തൊക്കെയോ ആലോചിച്ച് സ്റ്റീഫനും ഉറങ്ങിപ്പോയി. ആ ഉറക്കത്തിലാണ് തന്റെ മൂന്നുവയസ്സുകാരൻ മകൻ അദ്ദേഹത്തിന്റെ സ്വപ്നത്തിലൂടെ ഓട്ടം തുടങ്ങിയത്.

വിടർന്ന കണ്ണുകളുമായി വലിയൊരു നിലവിളിയോടെ അവനാ ഹോട്ടലിന്റെ ഇടനാഴികളിലൂടെ പാഞ്ഞു നടക്കുന്നു. എന്തോ അവന്റെ പിന്നാലെ പാഞ്ഞുവരുന്നുണ്ട്. സ്റ്റീഫന് അവനെ രക്ഷിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഒന്നിനും സാധിക്കുന്നില്ല. അവന്റെ നിലവിളി ഉച്ചത്തിലായി. അതയാളെ സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർത്താൻ പോന്നതായിരുന്നു. വിയർത്തുകുളിച്ചാണ് സ്റ്റീഫൻ എഴുന്നേറ്റത്. കൊടുംതണുപ്പിലും മേലാകെ കൊടുംചൂടേറ്റ അവസ്ഥ. ജനാലയ്ക്കരികിലെത്തി ദൂരെയുള്ള പാറക്കൂട്ടങ്ങളിലേക്ക് കണ്ണയച്ച് അദ്ദേഹം ഒരു സിഗററ്റ് കത്തിച്ചു. അത് മുഴുവനായും എരിഞ്ഞുതീർന്നതോടെ തന്റെ പുതിയ നോവൽ പൂർണമായിത്തന്നെ മനസുകൊണ്ട് എഴുതിത്തീർന്നതായി സ്റ്റീഫന്റെ ഓർമക്കുറിപ്പിൽ പറയുന്നുണ്ട്.

ആളനക്കമില്ലാത്ത, മഞ്ഞുകാറ്റിന്റെ ചൂളംവിളിയല്ലാതെ മറ്റൊന്നും കേൾക്കാനില്ലാത്ത ആ ഹോട്ടല്‍ ഇടനാഴിലൂടെ അദ്ദേഹമൊന്നു നടന്നു. ബാറിൽ പോയി അൽപം മദ്യപിച്ചു. അതിനിടയിൽ തനിക്കുണ്ടായ അനുഭവത്തെപ്പറ്റി അവിടെ വിളമ്പാൻ നിന്നിരുന്ന കക്ഷിയോട് പറഞ്ഞു. അന്നേരമാണ് ഞെട്ടിക്കുന്ന ആ കാര്യം അദ്ദേഹമറിയുന്നത്. അവർ താമസിക്കുന്ന 217–ാം നമ്പർ മുറി അൽപം പ്രശ്നമുള്ളതാണ്. മുൻപ് അവിടെ താമസിച്ചിരുന്ന പലർക്കും അസ്വാഭാവികമായ അനുഭവങ്ങളുണ്ടായിട്ടുണ്ടത്രേ! കൃത്യമായിപ്പറഞ്ഞാൽ പ്രേതബാധയുണ്ടെന്നു പോലും വിശ്വസിക്കുന്നയിടം. ആ സംഭാഷണം കൂടി തീർന്നതോടെ നോവൽ ഏകദേശം എഴുതിത്തീർന്ന അവസ്ഥയിലായി സ്റ്റീഫൻ കിങ്.

ടിംബർലിൻ ലോഡ്ജ്

വൈകാതെ തന്നെ, 1977ൽ, ദ് ഷൈനിങ് എന്ന അദ്ദേഹത്തിന്റെ പുസ്തകമിറങ്ങി. എഴുത്തുകാരനാകാൻ ആഗ്രഹിക്കുന്ന ജാക്ക് ടൊറൻസ് ഭാര്യ വെൻഡിയ്ക്കും മകൻ ഡാനിയ്ക്കുമൊപ്പം ഒരു ഹോട്ടലിന്റെ താൽകാലിക ചുമതലക്കാരനായി വരുന്നതായിരുന്നു കഥ. അവിടെ വച്ച് ജാക്ക് കാണുന്ന ഒരു സ്വപ്നം യാഥാർഥ്യവുമായി കൂടിച്ചേരുന്നതോടെ പ്രശ്നങ്ങൾ തുടങ്ങുകയായിരുന്നു. അജ്ഞാതമായ കാരണങ്ങളുടെ കൈപിടിച്ച് മകനെയും ഭാര്യയെയും കൊല്ലാനൊരുങ്ങുകയാണ് ജാക്ക്. നാലുമാസത്തിനകം ഈ നോവലിന്റെ സകല കോപ്പികളും വിറ്റുപോയി. അമേരിക്കയിൽ ബെസ്റ്റ് സെല്ലറായി. ഇന്ന് ലോകത്തിലെ എണ്ണംപറഞ്ഞ സൈക്കോളജിക്കൽ ഹൊറർ നോവലുകളിൽ മുൻപന്തിയിലാണ് ദ് ഷൈനിങ്ങിന്റെ സ്ഥാനം.

1980ൽ ഹോളിവുഡ് സംവിധായകൻ സ്റ്റാൻലി കുബ്രിക് നോവലിന്റെ അതേപേരിൽ സിനിമ കൂടി സംവിധാനം ചെയ്തതോടെ ഹോട്ടലിന്റെ 217–ാം നമ്പർ മുറി ലോകപ്രശസ്തമായി. എന്നാൽ ചിത്രം ഷൂട്ട് ചെയ്ത ടിംബർലിൻ ലോഡ്ജിൽ അത് 237–ാം നമ്പറാക്കി ഒരു മുറി സെറ്റിടുകയായിരുന്നു. ഭാവിയിൽ അവിടത്തെ 217–ാം നമ്പർ മുറിയിൽ താമസിക്കാൻ ആൾക്കാർ ഭയപ്പെട്ടാലോ കരുതിയായിരുന്നു അത്. പക്ഷേ സാഹസികത ഇഷ്ടപ്പെടുന്ന ലോകത്തിന്റെ പല ഭാഗങ്ങളിലുള്ളവർ ഇപ്പോഴും സ്റ്റാൻലി ഹോട്ടലിലേക്കും അവിടെ മുറി കിട്ടിയില്ലെങ്കിൽ ടിംബർലിൻ ലോഡ്ജിലേക്കും എത്തുക പതിവാണ്. ജാക്ക് നിക്കോൾസൻ നായകനായ കുബ്രിക്കിന്റെ സിനിമയും സൂപ്പർഹിറ്റായി, ഒപ്പം ഈ കഥയ്ക്ക് കാരണമായ സ്റ്റാൻലി ഹോട്ടലും. ഗോസ്റ്റ് അഡ്വഞ്ചർ പാക്കേജ് വരെ തയാറാക്കിയാണ് ഹോട്ടൽ പിന്നീട് സന്ദർശകരെ ആകർഷിച്ചത്. കുബ്രിക്കിന്റെ സിനിമയിലെ കാഴ്ചകൾക്കനുസരിച്ച് ഇന്റീരിയർ ഡിസൈനിങ്ങിൽ പോലും മാറ്റം വരുത്തി.

106 വർഷം പഴക്കമുള്ള ഈ ഹോട്ടൽ ഹാലോവീൻ വാരത്തോടനുബന്ധിച്ച് ഒരു പുതിയ പദ്ധതിക്ക് തുടക്കമിടുകയാണ്. ഹൊറർ വിഷയമായുള്ള ലോകത്തെ ഏറ്റവും ആദ്യത്തെ മ്യൂസിയവും ഫിലിം ആർക്കൈവും സ്റ്റുഡിയോയും ചേർന്ന സംവിധാനമാണു ലക്ഷ്യം. 500 പേർക്കിരിക്കാവുന്ന തിയേറ്റർ, പ്രദർശനശാലകൾ, ക്ലാസ്മുറികൾ, സൗണ്ട് സ്റ്റേജ് തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി 43000 ചതുരശ്രഅടി പ്രദേശത്തൊരു ‘ഹൊറർ’ വിസ്മയം. ഹോളിവുഡ് സാങ്കേതികവിദഗ്ധരും സംവിധായകരും ഉൾപ്പെടെ ഇതിനു പിന്തുണ അറിയിച്ചു കഴിഞ്ഞു. എന്നാൽ 2.4 കോടി ഡോളർ ചെലവു വരുന്ന പദ്ധതിയിൽ 1.15 കോടി ഡോളറെങ്കിലും ടൂറിസം വകുപ്പ് അനുവദിക്കണമെന്നാണ് ഹോട്ടൽ അധികൃതരുടെ ആവശ്യം. അനുമതിയായാൽ വൈകാതെ തന്നെ സ്റ്റാൻലി ഹൊറർ ഫിലിം സെന്ററും യാഥാർഥ്യമാകും.

സ്റ്റാൻലി ഹോട്ടലിൽ ശരിക്കും പ്രേതമുണ്ടോയെന്നറിയാൻ പലരും ശ്രമിച്ചിട്ടുണ്ട്. നേരിട്ടു കണ്ടിട്ടില്ലെങ്കിലും അവിടെ താമസിക്കുമ്പോഴുണ്ടാകുന്ന അജ്ഞാതമായ അനുഭവങ്ങൾ– പാരാനോർമൽ അവസ്ഥകൾ– സത്യമാണെന്നാണ് പലരുടെയും നേർസാക്ഷ്യം. ഒരുപക്ഷേ സത്യമാകാം, വെറും തോന്നലും...