പ്രണയത്തിനും സുഗന്ധമുണ്ടോ? , പെർഫ്യൂം പ്രിയരുടെ ശ്രദ്ധയ്ക്ക് !

Representative Image

പ്രണയത്തിന്റെ മുന്തിരിവള്ളി തളിർക്കുന്നതിന്റെ ഗന്ധം ഡി ഓർ (Dior) പെർഫ്യൂമിന്റേതാണോ എന്ന സംശയത്തിലാണ് മലയാളികളിപ്പോൾ. എന്നിരുന്നാലും ഗന്ധത്തിനും സുഗന്ധത്തിനും ചെറുതല്ലാത്ത പ്രാധാന്യമുണ്ടെന്ന് ആർക്കുമൊട്ടു സംശയവുമില്ല. പ്രണയത്തിലും രതിയിലും മാത്രമല്ല, സൗഹൃദക്കൂട്ടമോ ഔദ്യോഗിക മീറ്റിങ്ങോ ആയാലും ആത്മവിശ്വാസത്തിന്റെ മേമ്പൊടിയാണ് സുഗന്ധം. ഇതിനുപുറമേയാണ് സുഗന്ധവുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളുടെ പ്രാധാന്യം. പ്രത്യേക മാനസികാവസ്ഥയെ മാറ്റിമറിക്കാൻ പോലും ഗന്ധത്തിനു കഴിയും. ഒരാൾ മൂഡിയായിരിക്കുകയാണെങ്കിൽ ഉല്ലാസം പകരാൻ വേണ്ടും പവർഫുളാണ് സുഗന്ധം.

വിവിധ ബ്രാൻഡുകളിലായി ആയിരക്കണക്കിനു വ്യത്യസ്തകള്‍ ലഭ്യമായ പെർഫ്യൂംസ്/കൊളോൺ വിപണിയിൽ നിന്നു വ്യക്തിപരമായി ചേരുന്ന സുഗന്ധം തിരഞ്ഞെടുക്കുക വെല്ലുവിളി തന്നെ. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേക പെർഫ്യൂമുകൾക്കൊപ്പം ഇരുകൂട്ടർക്കും ഒരുപോലെ ഉപയോഗിക്കാവുന്നവയുമുണ്ട്. ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുന്നതിനേക്കാൾ വ്യക്തിത്വത്തിനു മാറ്റുകൂട്ടുന്ന പെർഫ്യൂം തിരഞ്ഞെടുക്കുന്നതിലൂടെയാണു സിഗ്നേച്ചർ സ്റ്റൈൽ കാത്തുസൂക്ഷിക്കാവുകയെന്നു പെർഫ്യൂം വിദഗ്ധർ പറയുന്നു.

പൂവും പഴവും കാടും

സുഗന്ധതൈലത്തിന്റെ കോൺസെന്‍ട്രേഷൻ പോലെ തന്നെ പ്രധാനമാണ് പെർഫ്യൂംസിലെ നോട്ടുകളും (Notes). പെർഫ്യൂമിൽ അടങ്ങിയിട്ടുള്ള ഘടകങ്ങളാണിവ. സിട്രസ്, ഫ്ലോറൽ, ഓറിയന്റൽ, വുഡി എന്നിങ്ങനെ പ്രധാനമായും നാലു തലത്തിലുള്ള ഘടകങ്ങളാണുള്ളത്.
സിട്രസ് (Citrus) – സിട്രസ് വിഭാഗത്തിൽപെട്ട പഴങ്ങളുടെ ഗന്ധം
ഫ്ലോറൽ (Floral)– പുതുമ മാറാത്ത പൂക്കളുടെ ഗന്ധം. ഫെമിനിൻ ഫ്രാഗ്രരൻസ് എന്നു പൊതുജനാഭിപ്രായം.
ഓറിയന്റൽ (Oriental)– സിട്രസിനെക്കാളും ഫ്ലോറലിനേക്കാളും പവർഫുളാണ് ഓറിയന്റൽ. മസ്ക്, വാനില എന്നിവയുൾപ്പെടുന്നു.
വുഡ്‍സി (Woodsy) – സാൻഡൽവുഡ് ഉൾപ്പെടെയുള്ള കടുത്ത ഗന്ധങ്ങൾ.

ഈ ഘടകങ്ങളും ഇതിന്റെ വ്യത്യസ്ത കോംബിനേഷനുകളുമാണ് പെർഫ്യൂമിന്റെ അടിസ്ഥാനം.
വ്യക്തിപരമായ പ്രത്യേകതകൾ അനുസരിച്ചാണ് ഓരോരുത്തർക്കും ഈ ഗന്ധങ്ങളോടു താൽപര്യമുണ്ടാകുക. ഏതു ഘടകമാണ് കൂടുതൽ താൽപര്യമെന്നു തിരിച്ചറിയാനായാൽ പെർഫ്യൂം തിരഞ്ഞെടുക്കുന്നതിന്റെ ആദ്യ കടമ്പ കഴിഞ്ഞു.

തിരഞ്ഞെടുക്കാൻ

പെർഫ്യൂം ബോട്ടിൽ മണത്തുനോക്കിയാൽ തന്നെ അതേക്കുറിച്ച് ആദ്യത്തെ അഭിപ്രായം രൂപീകരിക്കാം. പക്ഷേ അതുകൊണ്ടു മാത്രമായില്ല.‌, ചർമത്തിൽ സുഗന്ധം പുരട്ടിത്തന്നെ വേണം പെർഫ്യൂം തിരഞ്ഞെടുക്കാൻ. കാരണം ഒരേഗന്ധമാണെങ്കിലും ഓരോ വ്യക്തിയിലും വ്യത്യസ്ത രീതിയിലാവും അത് അനുഭവിക്കാനാകുക. ഓരോരുത്തരുടെയും ബോഡി ഓയിൽ പെർഫ്യൂമുമായി േചരുമ്പോൾ സുഗന്ധവും വ്യത്യാസമാകുന്നു. കൈത്തണ്ടയിൽ പുരട്ടി അൽപം സമയത്തിനുശേഷം ഗന്ധം പരിശോധിക്കുക. ഇത് ഏറെക്കുറെ കൃത്യത നൽകും.

ശ്രദ്ധിക്കാൻ

∙ പെർഫ്യൂം ഉപയോഗിക്കുകയാണെങ്കിൽ അതിനോടൊപ്പം സുഗന്ധമുള്ള ബോഡി ലോഷനുകളോ മോയ്സ്ചറൈസറുകളോ ഉപയോഗിക്കരുത്. വിവിധ ഗന്ധങ്ങൾ കൂടിച്ചേരുമ്പോൾ ആകെ ആശയക്കുഴപ്പമാകും ഫലം. ഗന്ധമില്ലാത്ത ഉത്പന്നങ്ങൾ ഉപയോഗിക്കാം.
∙ പെർഫ്യൂം ചൂടില്‍ നിന്നും സൂര്യപ്രകാശത്തിൽ നിന്നും അകലെ സൂക്ഷിക്കുക
∙ ശരീരത്തിൽ എണ്ണമയം ഉള്ളപ്പോഴാണ് സുഗന്ധം ഏറെ നേരം നിലനിൽക്കുക. വരണ്ട ചർമം ഉള്ളവർ പെർഫ്യൂം ഉപയോഗിക്കുന്നതിനു മുമ്പ് ചർമത്തിൽ എണ്ണമയം ഉറപ്പാക്കുക.