ടോയ്‌ലറ്റ് പേപ്പറിനെന്താ കല്യാണത്തിന് കാര്യം!

ടോയ്‌ലറ്റ് പേപ്പർ വെഡിങ് ഗൗൺ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗൗൺ( രണ്ടാമത്)

കല്യാണച്ചെലവു കുറയ്ക്കാൻ തങ്ങളാലാകുന്നതെല്ലാം ചെയ്യുന്നുണ്ട് കേരളത്തിലെ വനിതാകമ്മിഷൻ. പക്ഷേ ഇക്കണ്ട സ്വർണക്കടകളും തുണിക്കടകളുമുള്ളയിടത്തോളം കാലം അതൊന്നും നടക്കാൻ പോകുന്നില്ലെന്ന് കൊച്ചുപിള്ളേർക്കു പോലും ഉറപ്പ്. ഇട്ടുമൂടാൻ സ്വർണവും വാരിച്ചുറ്റാൻ ലക്ഷങ്ങളുടെ കസവുസാരിയുമൊന്നും ഇല്ലെങ്കിലും അമേരിക്കയിലും കല്യാണം അത്യാവശ്യം ആർഭാടമായിയൊക്കെത്തന്നെയാണ് നടക്കുന്നത്. അവിടെ പെണ്ണിന്റെ കല്യാണഡ്രസിനാണ് ഒടുക്കത്തെ ചെലവ്. എങ്ങനെ ശാസ്ത്രീയമായി കല്യാണച്ചെലവ് കുറയ്ക്കാം എന്ന മട്ടിലുള്ള മാർക്കറ്റിങ് തന്ത്രങ്ങളും അമേരിക്കയിൽ പതിവാണ്.

കണ്ടാൽ മുടിഞ്ഞ ലുക്കും എന്നാൽ ചെലവു വളരെ കുറഞ്ഞിരിക്കുകയും ചെയ്യുന്ന വസ്ത്രങ്ങളൊരുക്കി പേരെടുത്തവരാണ് ന്യൂയോർക്കിലെ ബെയ്ന്‍–ഗോൻ സഹോദരിമാർ. ചെലവു കുറച്ച് കല്യാണം നടത്താനുള്ള നിർദേശങ്ങളുമായി അവരൊരുക്കിയ വെബ്സൈറ്റാണ് Cheapchicweddings.com. വമ്പൻ ബ്രാന്‍ഡുകളേക്കാൾ വില കുറഞ്ഞ് കല്യാണ വസ്ത്രങ്ങളും മറ്റ് ആക്സസറികളും ലഭ്യമാക്കുകയാണ് ഇവരുടെ ലക്ഷ്യം. അതിന്റെ പ്രമോഷനു വേണ്ടി കഴിഞ്ഞ 10 വർഷമായി ഒരു മത്സരവും നടത്തുന്നുണ്ട്. തുടക്കത്തിൽ വിരലിലെണ്ണാവുന്നവരേ പങ്കെടുക്കാനെത്തിയിരുന്നുളൂ. പക്ഷേ ഇത്തവണ ‘ചീപ് ചിക് വെഡിങ്സ് ടോയ്‌ലറ്റ് പേപ്പര്‍ വെഡിങ് ഡ്രസ്’ മത്സരത്തില്‍ പങ്കെടുക്കാനെത്തിയത് 1491 പേരായിരുന്നു.

മത്സരത്തിന്റെ പേരു കേട്ട് നെറ്റി ചുളിക്കേണ്ട. വെഡിങ് ഡ്രസ് ഡിസൈനിങ്ങാണു മത്സരം. പക്ഷേ അതിനുപയോഗിക്കേണ്ടതാകട്ടെ ഉള്ളിത്തൊലിയേക്കാൾ കനംകുറഞ്ഞിട്ടുള്ള ടോയ്‌ലറ്റ് പേപ്പറും. പ്രോക്ടർ ആൻഡ് ഗാംബിളിന്റെ ചാർമിൻ ടോയ്‌ലറ്റ് പേപ്പർ കൊണ്ടു വേണം വെഡിങ് ഡ്രസ് ഡിസൈൻ ചെയ്യണം. അല്ലെങ്കിൽത്തന്നെ ടോയ്‌ലറ്റ് പേപ്പർ കണ്ടാൽ ആളാകെ ‘അശു’വാണ്. ചാർമിന്റേതാകട്ടെ അൾട്രാ സോഫ്റ്റ് പേപ്പറും. ഡ്രസ് തയാറാക്കുമ്പോൾ പശയോ ഒട്ടിക്കാനുള്ള ടേപ്പോ ഉപയോഗിക്കാം. തുന്നാനായി കൃത്രിമപ്പണികളൊന്നും നടക്കില്ല നൂലും സൂചിയും മാത്രം. സാധാരണ വസ്ത്രങ്ങളിൽ ഓരോന്ന് തുന്നിച്ചേർക്കാനുപയോഗിക്കാവുന്ന ഒരു പണിയും ഇവിടെ നടക്കില്ല. ടോയ്‌‌ലറ്റ് പേപ്പർ ഒന്നിനുമുകളിൽ ഒന്നായി ഒട്ടിച്ചു വേണം വസ്ത്രമുണ്ടാക്കാൻ. സംഗതി മെനക്കേടാണെന്നു ചുരുക്കം. എന്നിട്ടും 1491 വെഡിങ് ഡ്രസുകള്‍ ഇത്തവണ മത്സരിക്കാനെത്തി. അവയിൽ നിന്ന് 10 എണ്ണം തിരഞ്ഞെടുത്ത് ഒരു ഫാഷൻ ഷോയും സംഘടിപ്പിച്ചു.

മാൻഹട്ടനിലെ ലക്ഷ്വറി ഹോട്ടലിൽ നടന്ന മത്സരത്തിൽ ഫാഷൻ രംഗത്തെ പ്രമുഖരായിരുന്നു വിധികർത്താക്കളായെത്തിയത്. പത്ത് ഡ്രസുകളും പത്തില്‍ പത്ത് മാർക്കും കൊടുക്കാവുന്ന വിധം ഭംഗിയായി നിർമിച്ചവ. ടെന്നസിയിൽ നിന്നുള്ള ഡോണ പോപ് വിൻസ്‌ലെറിനായിരുന്നു ഒന്നാം സ്ഥാനം. മൂന്നാം തവണയാണ് ഡോണ ഒന്നാം സ്ഥാനക്കാരിയാകുന്നത്. 10000 ഡോളറായിരുന്നു സമ്മാനത്തുക. മൂന്നു മാസമെടുത്തുവത്രേ ഈ വെഡിങ് ഡ്രസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാൻ. 22 റോൾ ടോയ്‌ലറ്റ് പേപ്പർ വേണ്ടി വന്നു. പിന്നെ കണക്കിൽപ്പെടാത്തത്ര പശയും ടേപ്പും.

ടോയ്‌ലറ്റ് പേപ്പർ മാത്രം ഉപയോഗിച്ച് ഒരുഗ്രൻ തൊപ്പിയും മുഖാവരണവും വരെ തയാറാക്കിയിരുന്നു ഡോണ. ഡോണയുടെ മകളായിരുന്നു വെഡിങ് ഡ്രസിന്റെ മോഡൽ. മകൾക്കായി നിർമിച്ചതുകൊണ്ട് അമ്മയുടെ എല്ലാം സ്നേഹവും ആ ഡ്രസിൽ ചേർത്തിരുന്നുവെന്ന് ഡോണ. മാത്രവുമല്ല, ഡോണയെ ചെറുപ്പം മുതൽ തയ്യൽ പഠിപ്പിച്ചത് അമ്മയാണ്. അമ്മയുടെ ഓർമയിൽ 1920കളിലെ ഫാഷൻ ട്രെൻഡും ഗൗണിൽ പ്രയോഗിച്ചിരുന്നു. അതായത് മൂന്നുതലമുറകളുടെ ഇഷ്ടങ്ങൾ ചേർന്ന ഒരു ‘ത്രീ ജനറേഷൻ’ െവഡിങ് ഗൗണ്‍. വിധികർത്താക്കൾക്ക് സംഗതി ഇഷ്ടമായില്ലെങ്കിലല്ലേയുള്ളൂ അദ്ഭുതം.