ആൺമുടിയിലും ബിസിനസ് തിളക്കം

മുടി പഴയ മുടിയല്ല ഇന്ന്, മുടിഞ്ഞ ലുക്കിന് മുടി തന്നെ ശരണം

മുടി പഴയ മുടിയല്ല ഇന്ന്, മുടിഞ്ഞ ലുക്കിന് മുടി തന്നെ ശരണം എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. വീക്കെൻഡ് ആയാൽ കൊച്ചിയിലെ സലൂണുകളിൽ തിരക്കോടു തിരക്ക്. അവധി ദിവസമല്ലേ മുടിയൊന്നു ട്രിം ചെയ്തേക്കാം എന്നുകരുതി പോയാൽ സലൂണിലൊന്നും സീറ്റ് കിട്ടണമെന്നില്ല. അത്ര തിരക്കാണ് ചിലയിടങ്ങളിൽ സ്റ്റൈലിസ്റ്റിനു മുന്നിലിരിക്കാൻ.

മുടി എന്നാൽ മേക്ക് ഓവർ എന്നാണ് സ്ത്രീപക്ഷം. കാര്യം പകലു പോലെ സത്യം. വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ മഞ്ജു വാരിയർ മുടി മുറിച്ചല്ലേ ക്യാമറയ്ക്കു മുന്നിലെത്തിയത്. സ്ത്രീകളുടേതുപോലെ നീണ്ടതല്ലെങ്കിലും മുടിയോടു പ്രേമമാണ് പുരുഷന്മാർക്കും. പലരെയും കണ്ടാൽ മുഖത്തേക്കല്ല, മുടിയിലേക്കാണു കണ്ണു പോകുക, തലയിൽ കുരുവി കൂടു കൂട്ടും പോലെയും മറ്റുമായി പയ്യൻസിന് ഹെയർ സ്റ്റൈലുകൾ ഒട്ടേറെ.

സലൂണുകൾക്കു വലിയ വിപണിയാകുകയാണ് കൊച്ചി. വമ്പൻ സലൂൺ ചെയിനുകളും പ്രശസ്ത പ്രഫഷനലുകളും വിവിധ ബ്രാൻഡുകളുമായി കൈകോർത്തും അല്ലാതെയുമുള്ള സലൂണുകളും നഗരത്തിലുണ്ട്. വനിതകൾക്കു മാത്രം, പുരുഷന്മാർക്കുമാത്രം, യൂണിസെക്സ് എന്നിങ്ങനെ സൗകര്യമൊരുക്കുന്നു ഇവർ. മുടിക്കു വേണ്ടി മാത്രമല്ല സ്കിൻ കെയർ ഉൾപ്പെടെയുള്ള എല്ലാ സൗന്ദര്യസംരക്ഷണ സേവനങ്ങളും ലഭ്യമാണ്.

ഉപഭോക്താവിനു വേണ്ടതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കി കടുത്ത മത്സരത്തിനൊപ്പം ചുവടുവയ്ക്കുകയാണ് ഈ രംഗത്തുള്ളവർ.

സ്റ്റൈലിങ്, ട്രീറ്റ്മെന്റ്

മുടിയുടെ ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കാനും സംരക്ഷിക്കാനും കൂടുതൽ സ്റ്റൈലിഷ് ആക്കാനും വേണ്ടിയുള്ള സേവനങ്ങളാണ് സലൂണുകൾ നൽകുന്നത്. അതുകൊണ്ടു തന്നെ ഹെയർകട്ടിങ്ങിനേക്കാൾ തിരക്കേറുന്നത് ഹെയർ ട്രീറ്റ്മെന്റുകൾക്കും സ്റ്റൈലിങ്ങിനുമാണ്.

‘ട്രെൻഡിന്റെ കാര്യത്തിൽ അപ്ടുഡേറ്റ് ആണ് പലരും. അവർ മനസിൽ കാണുന്ന സ്റ്റൈൽ ചെയ്തുകൊടുക്കാനാവുകയെന്നതാണ് സ്റ്റൈലിസ്റ്റിന്റെയും സലൂണിന്റെയും വിജയം’– സെൻട്രൽ സ്ക്വയർ മാളിലെ മാജിക് മിറർ സലൂൺ ഉടമയും സ്റ്റൈലിസ്റ്റുമായ ജോമോൻ പറയുന്നു.

ചുരുണ്ട മുടിയുള്ളവർക്ക് കൊലുന്നനെയുള്ള മുടി വേണമെന്നാകും മോഹം, കോലൻമുടിക്കാർക്ക് ചുരുണ്ടു സ്പ്രിങ് പോലുള്ള മുടിയിലാകും കണ്ണ്. സ്ട്രെയ്റ്റനിങ്, പേർമിങ്, സ്മൂത്തനിങ്, റീബൗണ്ടിങ്, ബ്ലോഡ്രൈ എന്നിങ്ങനെ മുടിയുടെ തരവും ലുക്കും മാറ്റാൻ ട്രീറ്റ്‌മെന്റുകൾ ഒട്ടേറെ. ഇടക്കാലത്തായി കെരാറ്റിൻ ട്രീറ്റ്മെന്റാണ് ട്രെൻഡ്.

പല ഹെയർ ട്രീറ്റ്മെന്റുകളും ഒരു നിശ്ചിത കാലപരിധിയിലേക്കു മാത്രമുള്ളതാണെങ്കിലും ആവശ്യക്കാർക്കു പഞ്ഞമില്ല. സ്മൂത്തനിങ് ട്രീറ്റ്‌മെന്റിന് 4,000 മുതൽ ചെലവു വരുമെങ്കിൽ കെരാറ്റിൻ ട്രീറ്റ്‌മെന്റിന് 5,000 മുതലാണ് നിരക്ക് ആരംഭിക്കുന്നത്. മുടിയുടെ കനവും നീളവും അനുസരിച്ച് ഈ നിരക്കിൽ വ്യത്യാസം വരും. ആൺ–പെൺ േഭദമില്ലാതെ മുടിയഴകിന് ട്രീറ്റ്മെന്റുകളെടുക്കാൻ തയാറാണ് ഉപഭോക്താക്കൾ. 10,000 രൂപ വരെ ചെലവാക്കി മുടിക്ക് കെരാറ്റിൻ ട്രീറ്റ്‌മെന്റ് ചെയ്യുന്ന പുരുഷന്മാരുമുണ്ട്.

കട്ടിങ്,കളറിങ്

ഹെയർ കളറിങ് ഒഴിവാക്കി ചെറുപ്പക്കാർക്ക് മറ്റൊരു പരിപാടിയില്ല. കളറിങ്ങിനു തന്നെ വിവിധ ബ്രാൻഡ് ഉത്പന്നങ്ങൾ ലഭ്യമാണ്. ലൊറെയ്ൽ, ഷാസ്കോഫ്, മാട്രിക്സ് തുടങ്ങി ബ്രാൻ‍ഡ് നിര നീളുന്നു. പ്രഫഷനൽ സലൂണുകളിൽ മുടി വെട്ടാൻ ആരു വേണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാം അതനുസരിച്ച് പണം മുടക്കണമെന്നു മാത്രം.

സാധാരണ സലൂണുകളിൽ പുരുഷന്മാരുടെ ഹെയർകട്ടിങ്ങിന് 300 രൂപയാണ് മുടക്കേണ്ടതെങ്കിൽ പ്രഫഷനൽ സലൂണിൽ ജൂനിയർ സ്റ്റൈലിസ്റ്റ്, സീനിയർ സ്റ്റൈലിസ്റ്റ്, പ്രഫഷനൽ സ്റ്റൈലിസ്റ്റ് എന്നിങ്ങനെ സ്വന്തം മുടിക്കു കത്രിക വയ്ക്കാൻ ഏതു ഗ്രേഡിലുള്ളവർ വേണമെന്നു സെലക്ട് ചെയ്യാം. 600– 800–1000 എന്നിങ്ങനെയാകും ഹെയർകട്ടിങ്ങിന്റെ നിരക്ക്. സ്ത്രീകളുടെ ഹെയർകട്ടിങ്ങിന് സാധാരണ സലൂണുകളിൽ 600 മുതലാണ് നിരക്ക്. മിക്കയിടത്തും ഹെയർവാഷ് ചെയ്തതിനു ശേഷമാണ് മുടി മുറിക്കുക. അതിനു ശേഷം സ്റ്റൈൽ ചെയ്തുതരും.

ബിസിനസുണ്ട്, ചെലവും

എല്ലാവരും മുടിയുടെ കാര്യത്തിൽ ബദ്ധശ്രദ്ധരായതുകൊണ്ടു സലൂണുകൾക്ക് നല്ലകാലമാണോ? തിരക്കേറുന്നതിനൊപ്പം തന്നെയുണ്ട് ചെലവുകളും റിസ്കുമെന്നു പറയുന്നു ഈ രംഗത്തുള്ളവർ. നല്ല സ്റ്റൈലിസ്റ്റ് ഉണ്ടെങ്കിലെ സലൂണുകൾക്ക് ഭാവിയുള്ളൂ. ഒപ്പം ഗുണനിലവാരമുള്ള ഹെയർട്രീറ്റ്‌മെന്റ് ഉപകരണങ്ങളും ബ്രാൻഡ് ഉത്പന്നങ്ങളും നിർബന്ധം.

പുതിയ ഉപകരണങ്ങൾ പെട്ടെന്നു തന്നെ വിപണിയിലെത്തുന്നുണ്ട്. ബെംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിലാണു എക്വിപ്മെന്റുകളുടെ എക്സ്പോ നടക്കുക. കൊച്ചിയിലെ പ്രധാന സലൂണുകളെയെല്ലാം കമ്പനി പ്രതിനിധികൾ ബന്ധപ്പെടും. ഇത്തരം വേദികളിൽ രാജ്യാന്തര ബ്രാൻഡുകളും അവയുടെ ഉത്പന്നങ്ങളും പരിചയപ്പെടുത്തുകയും ചെയ്യും.

പുതിയൊരു സലൂൺ തുടങ്ങാൻ ഇതുമാത്രം പോര. ആവശ്യത്തിനു പാർക്കിങ്ങുള്ള സ്ഥലവും നല്ല ഇന്റീരിയറും നിർബന്ധം. ഏതെങ്കിലും ബ്രാൻഡുകളുമായി കരാറിലാണ് സലൂൺ തുടങ്ങുന്നതെങ്കിൽ സ്ഥലത്തിന് എന്തു വിസ്തൃതി വേണമെന്നുള്ള നിബന്ധനയുണ്ടാകും. അല്ലെങ്കിൽ വാടകയും മറ്റു ചെലവുകളും ജീവനക്കാർക്കുള്ള ശമ്പളവും എല്ലാം കൂടിയാകുമ്പോൾ ഏതാണ്ട് 30–40 ലക്ഷം രൂപ മുടക്കിയാൽ സലൂൺ തുടങ്ങാം.

മുഖത്തിനും മുടിക്കും ചേരുന്ന ഹെയർസ്റ്റൈൽ ആണ് ചെയ്തുനൽകേണ്ടത്. ട്രീറ്റ്മെന്റ് ചെയ്താൽ അതിന്റെ ആഫ്റ്റർ കെയറും ശ്രദ്ധിക്കണം. ഇതു മനസ്സിലാക്കിയാൽ പിന്നെ മുടികൊഴിച്ചിലും പ്രശ്നങ്ങളുമൊന്നും വരില്ല. ഓരോ കസ്റ്റമർക്കും വ്യക്തിപരമായ ശ്രദ്ധ കൊടുക്കണം. തൃപ്തിയുള്ള സർവീസ് നൽകുകയെന്നതാണു പ്രധാനം–സലൂൺ നടത്തിപ്പുകാർ വിജയതന്ത്രം പറയുന്നു.