ഒരു കുടുംബം ‘വയസ്സ് ആയിരം’

മൂത്ത ചേച്ചിക്കു പ്രായം 95. ഏറ്റവും ഇളയ അനുജത്തിക്ക് 76. ഇവർക്കു രണ്ടുപേർക്കുമിടയിൽ ‘നാലു മുത്തശ്ശിമാരും ‘ആറു മുത്തശ്ശന്മാരും വേറെ. ‘ആകെ മൊത്തം ടോട്ടൽ 1024 വയസ്സുമായി ലോകത്തെ ഏറ്റവും പ്രായമേറിയ കുടുംബത്തിനുള്ള ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇൗ പന്ത്രണ്ടു മക്കൾ.

ബ്രിട്ടനിലെ കവൻട്രിയിൽ ഫ്ലോറൻസ് പെഴ്സി ദമ്പതികളാണ് ‘റെക്കോഡിട്ട ഇൗ പന്ത്രണ്ടു മക്കളുടെ മാതാപിതാക്കൾ. മദ്യശാലയിലെ ജോലിക്കാരായിരുന്ന ഇവർക്ക് 21 വർഷത്തിനിടെ ജനിച്ചതു 16 കുട്ടികൾ. മാതാപിതാക്കളും മക്കളിൽ നാലുപേരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. അമ്മ ഫ്ലോറൻസ് 59-ാം വയസ്സിൽ 1956ൽ ആണു മരിച്ചത്. രണ്ടു വർഷത്തിനുശേഷം, 1958ൽ 73-ാം വയസ്സിൽ അച്ഛൻ പെഴ്സിയും വിടവാങ്ങി.

ഗിന്നസുകാർ റെക്കോഡ് പ്രഖ്യാപിച്ചത് കഴിഞ്ഞവർഷം നവംബറിലാണ്. അന്നുവരെയുള്ള കണക്കനുസരിച്ചു സഹോദരരുടെയെല്ലാം ആകെ വയസ്സ് 1019 വർഷവും 336 ദിവസവും. ഇപ്പോഴിത് 1024 വർഷവും 275 ദിവസവും കടന്നു. ബ്രിട്ടനിലെമ്പാടുമായി ഇൗ ഗിന്നസ് കുടുംബത്തിന്റെ ശാഖകൾ പടർന്നു പന്തലിച്ചിരിക്കുന്നു: ഇവർക്കെല്ലാംകൂടിയുള്ള 33 കൊച്ചുമക്കൾക്ക് 59 മക്കൾ, അവർക്കു 17 മക്കൾ!