വെള്ളത്തിന്നടിയിൽ കാണാം ഒരു ഫോട്ടോ പ്രദർശനം!!

കാടിനെക്കുറിച്ചുള്ള ഫോട്ടോപ്രദർശനം കാണാൻ പോയാൽ ചിലപ്പോഴൊക്കെ പശ്ചാത്തലത്തിൽ കിളിയൊച്ചയും വന്യമായ മുരൾച്ചകളും അരുവികളുടെ കളകളാരവവുമൊക്കെ കേൾക്കാം. കാട്ടിലൂടെ നടക്കുകയാണെന്ന അനുഭവം കാഴ്ചക്കാരന് സമ്മാനിച്ച് പ്രദർശനം കാണാമെന്നതാണ് ഇത്തരത്തിൽ പശ്ചാത്തലശബ്ദമൊരുക്കുന്നതിന്റെ ലക്ഷ്യം. പക്ഷേ കടലിനെക്കുറിച്ചുള്ള ഫോട്ടോപ്രദർശനമാണെങ്കിൽ എന്തു ചെയ്യും? തിരയടിക്കുന്ന ശബ്ദം കേൾപ്പിക്കുകയേ വഴിയുള്ളൂ. അതാണെങ്കിൽ സ്ഥിരം എല്ലാവരും ചെയ്യുന്നതും. അവിടെയാണ് ചൈനയിലെ ഒരു ഫോട്ടോപ്രദർശനം ശ്രദ്ധേയമായത്.

ബെയ്ജിങ്ങിൽ അടുത്തിടെ നടന്ന ഒരു ഫൊട്ടോപ്രദർശനം സംഘടിപ്പിച്ചത് വെള്ളത്തിനടിയിലാണ്. കടലിനടിയിലെ കാഴ്ചകളായിരുന്നു ആ ഫോട്ടോകളിലെല്ലാം. കാഴ്ചകളെല്ലാം കടലിനടിയിൽ വച്ചു തന്നെ കാണുന്ന ‘ഫീൽ’ സൃഷ്ടിക്കാനായിരുന്നു ഇത്തരമൊരു സാഹസം നടത്തിയതെന്ന് സംഘാടകരുടെ വാക്കുകൾ. ഡൈവ് ബഡ്ഡീസ് അണ്ടർവാട്ടർ ഫൊട്ടോഗ്രഫി ഇൻവിറ്റേഷനൽ എക്സിബിഷൻ എന്നായിരുന്നു പ്രദർശനത്തിന്റെ പേരുതന്നെ.

ഒക്ടോബർ 31 മുതൽ നവംബർ അഞ്ചു വരെ നടന്ന എക്സിബിഷനിൽ അഞ്ച് ചൈനീസ് ഫൊട്ടോഗ്രാഫർമാരുടെ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയത്. അഞ്ചുപേരുമാകട്ടെ അണ്ടർ വാട്ടർ ഫൊട്ടോഗ്രാഫിയിലെ താരങ്ങളും. പസഫിക്, അറ്റ്ലാന്റിക്, ഇന്ത്യൻ മഹാസമുദ്രങ്ങളിലെ പലതരം ജീവജാലങ്ങളുടെ 30 ചിത്രങ്ങളാണ് പ്രദർശനത്തിനുണ്ടായിരുന്നത്. ഒരു ടാങ്കിൽ വെള്ളം നിറച്ച് അഞ്ചുമീറ്റർ ആഴത്തിൽ ഒരുക്കിയ ഈ പ്രദർശനം കാണുന്നതിന് എത്തിയവർക്കെല്ലാം ഒരു ഡൈവിങ് സ്യൂട്ട് നൽകുകയായിരുന്നു. കടലിനടിയിൽ എങ്ങനെ കാഴ്ചകൾ കാണാം എന്നതുസംബന്ധിച്ച നിർദേശങ്ങൾ നൽകാൻ ഡൈവിങ് രംഗത്തെ വിദഗ്ധരെയും നിയോഗിച്ചിരുന്നു.

കടലിനടിയിലേക്ക് പോകുമ്പോഴുണ്ടാകുന്ന ശരീരസമ്മർദത്തിലെ മാറ്റം, കാഴ്ചയിലെ വ്യത്യാസം, കേൾവിയിലുണ്ടാകുന്ന വ്യത്യാസം, ചുറ്റിലുമുള്ള പ്രദേശത്തെക്കുറിച്ചുള്ള അനുഭവം, ഭാരമില്ലാത്ത അവസ്ഥ ഇതെല്ലാം അനുഭവിച്ചറിയാനും കാഴ്ചക്കാർക്ക് സാധിച്ചു. വെള്ളത്തിനടിയിലൂടെ കാണുമ്പോൾ വളഞ്ഞതു പോലെ തോന്നുമെന്നതിനാൽ വലുപ്പം കൂട്ടിയും പ്രത്യേക പ്രകാശവിന്യാസം നടത്തിയുമെല്ലാമായിരുന്നു ഓരോ ഫോട്ടോയും പ്രദർശനത്തിനായി തയാറാക്കിയത്.

ടാങ്കിനുള്ളിൽ കൃത്രിമമായി ചെറുതിരമാലകളും സൃഷ്ടിച്ചു. ഫൊട്ടോഗ്രാഫർമാർ ആ ഫോട്ടോകളെടുത്തപ്പോൾ അനുഭവിച്ച സകലകാര്യങ്ങളും അതേ അവസ്ഥയിൽ തന്നെ അറിഞ്ഞ് ഓരോരുത്തർക്കും പ്രദർശനം കാണാനായെന്നു ചുരുക്കം. കിടിലൻ അനുഭവമെന്നാണ് പ്രദർശനം കണ്ട് കരയ്ക്കു കയറിയ എല്ലാവരുംതന്നെ അഭിപ്രായപ്പെട്ടത്.