തലകുത്തിയ വര; വെള്ളത്തിൽ വീണപ്പോൾ കിടു പടം

ചുമരിലെ ചിത്രവും അതിന്റെ താഴെയുള്ള പ്രതിബിംബവും

ഒറ്റനോട്ടത്തിൽ ഈ പെയിന്റിങ് കണ്ടാൽ ‘അഭൗമതലത്തിലെ അതീന്ദ്രീയ കാഴ്ചകൾക്ക് ചിത്രകാരന്‍ ചായം തേച്ചതാണെന്ന’ മട്ടിലുള്ള ബുദ്ധിജീവി കമന്റടിക്കേണ്ടി വരും. അമ്മാതിരിയാണ് ആർക്കും മനസിലാകാത്ത വിധത്തിലുള്ള ഈ ചിത്രംവര. അതും ഒരു വീടിന്റെ മുഴുവൻ പുറംചുമരും ഉപയോഗിച്ച്. പക്ഷേ ഈ ചിത്രം തലതിരിഞ്ഞ ഒരു ചിത്രകാരന്റെയല്ല, ഒടുക്കത്തെ തലയുള്ള ഒരു ലിത്വാനിയൻ–അമേരിക്കൻ ആർടിസ്റ്റിന്റെയാണ്. കൃത്യമായിപ്പറഞ്ഞാല്‍ ഇളംപച്ചയിലും വെളുപ്പിലും തീര്‍ത്ത ഈ പെയിന്റിങ് േനരിട്ട് കണ്ടാൽ ആരൊക്കെയോ തലകുത്തി നിന്ന് തുഴയുന്നതും നീന്തുന്നതുമൊക്കെയാണെന്നേ തോന്നുകയുള്ളൂ.

റേ ബാർട്കിസ്

പക്ഷേ താഴെയുള്ള നദിയിൽ ഇതിന്റെ പ്രതിബിംബം കണ്ടാൽ കണ്ണു തള്ളിപ്പോകും. ഒരാൾ വെള്ളത്തിലേക്ക് കൂപ്പുകുത്തുന്നു, രണ്ടു പേർ ബോട്ട് തുഴയുന്നു, മറ്റൊരാൾ നീന്തുന്നു, ഒപ്പം കുറേ അരയന്നങ്ങൾ, താമരകൾ, ചാടിത്തുള്ളുന്ന ഡോൾഫിനുകൾ...ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള ചിത്രകാരന്മാർ സമ്മേളിച്ച ആർട് ഫെസ്റ്റിവലിന്റെ ഭാഗമായി ലിത്വാനിയയിലാണ് ആർടിസ്റ്റ് റേ ബാർട്കിസ് ഈ തലകുത്തിപ്പെയിന്റിങ് അവതരിപ്പിച്ചത്. തലകുത്തി നിന്നൊന്നുമല്ല പക്ഷേ കക്ഷി വരച്ചത്, നേരെയിരുന്നു തന്നെ. ലിത്വാനിയയിലെ ഷെഷുപെ നദിക്കരയിലെ ഒരു വീട്ടിലായിരുന്നു ഈ ചുമർചിത്രരചന.

ചുമരിലെ ചിത്രവും അതിന്റെ താഴെയുള്ള പ്രതിബിംബവും

ചുമരിലെ ചിത്രവും അതിന്റെ താഴെയുള്ള പ്രതിബിംബവും ചേർന്ന ഫോട്ടോഷോപ്പ് ഫോട്ടോ വളരെപ്പെട്ടെന്നു തന്നെ ൈവറലാവുകയും ചെയ്തു. സാധാരണ കാഴ്ചയിൽ പെയിന്റിങ് എങ്ങനെയായിരിക്കുമെന്ന ഫോട്ടോകളും ഒപ്പം പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്തൊക്കെയാണെങ്കിലും കാഴ്ചയിൽ രണ്ടും കിടിലം തന്നെ.

ചിത്രരചനയിൽ ലോകപ്രശസ്തനാണ് ബാർട്കിസ്. സ്വന്തമായി ഒരു വെബ്സൈറ്റിൽ തന്റെ സൃഷ്ടികളെല്ലാം പ്രദർശിപ്പിച്ചിട്ടുണ്ട്. ത്രീ ഡി ചിത്രരചനയിലുൾപ്പെടെ പ്രാവീണ്യം നേടിയിട്ടുമുണ്ട് കക്ഷി. ആരു കണ്ടാലും അമ്പരന്നു പോകുന്ന തരം സൃഷ്ടികളാണ് ബാർട്കിസ് ഇതുവരെ വരച്ചിട്ടുള്ളവയിൽ ഏറെയും.